രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ ഇഗ്നീസിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം അടുത്തിടെ പുറത്തിറക്കാനിരിക്കുന്ന പുതുമോഡലാണ് ബലേനോ RS. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് സപോര്‍ട്ടി ബലേനോ RS കമ്പനി ആദ്യമായി അവതരിപ്പിച്ചത്. എഞ്ചിന്‍ ശേഷി കുറച്ച് അധിക പെര്‍ഫോമെന്‍സില്‍ അടുത്ത മാസം മാര്‍ച്ച് 3-ന് ഔദ്യോഗികമായി ഇവിടെ പുറത്തിറങ്ങുന്ന ബലേനോ RS 1.0 ആല്‍ഫയെക്കുറച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

  • ഡിസൈന്‍ - ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന്റെ അതേ രൂപത്തിലാണ് ബലേനോ ഇന്ത്യയിലെത്തുക. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന RS-ല്‍ നിന്ന് ഫ്രണ്ട്-റിയര്‍ ബമ്പര്‍ ഡിസൈനില്‍ മാറ്റമുണ്ട്. ഗ്രില്ലിലും ബ്ലാക്ക് പെയിന്റഡ് അലോയി വീലിലും ചെറിയ മാറ്റം വരാന്‍ സാധ്യതയുണ്ട്. ബലേനോ ടോപ് സ്‌പെക്ക് ആല്‍ഫ വകഭേദത്തില്‍ മാത്രമാണ് RS പതിപ്പ് ലഭ്യമാകുക. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും ബലേനോ RS വിപണിയിലെത്തുക. 
  • എതിരാളികള്‍ - ഹോട്ട് ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് മാരുതിയുടെ ആദ്യ കാല്‍വെപ്പായിരിക്കും ബലേനോ RS. ഈ ശ്രേണിയില്‍ പോളോ GT, അബാര്‍ത്ത് പൂന്തോ ഇവോ എന്നിവയോട് ശക്തമായ മത്സരത്തിനാണ് ബലേനോ RS ഒരുങ്ങുന്നത്. പെര്‍ഫോമെന്‍സ്-ആഡംബര ശ്രേണികള്‍ ഒഴികെ മറ്റെല്ലാ വിഭാഗങ്ങളും കൈപ്പിടിയിലൊതുക്കിയ മാരുതി പുതുമോഡലിലൂടെ ഹോട്ട് ഹാച്ച്ബാക്ക് സെഗ്മെന്റിലും മുന്‍നിരയിലെത്താമെന്ന പ്രതീക്ഷയിലാണ്. ഏകദേശം 8-9 ലക്ഷം രൂപയായിരിക്കും RS-ന്റെ വിപണി വില. 
  • എഞ്ചിന്‍ - എഞ്ചിന്‍ ശേഷി കുറച്ച് അധിക പെര്‍ഫോമെന്‍സില്‍ എത്തുന്ന എഞ്ചിനാണ് പുതിയ ബലേനോയുടെ മുഖ്യ സവിശേഷത. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 102 എച്ച്പി 150 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാകും RS ലഭ്യമാകുക. മുന്‍ മോഡലുകളെക്കാള്‍ ഭാരം ബലേനോ RS-ന് കൂടുതലാണ് (950 കിലോഗ്രാം). 2520 എംഎം ആണ് വീല്‍ബേസ്. 1745 എംഎം വീതിയും 3995 എംഎം നീളവും 1510 എംഎം ഉയരവും വാഹനത്തിനുണ്ട്.

ബലേനോ RS മറ്റു ഫീച്ചേര്‍സ്‌​

  • എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബൈ-സീനോണ്‍ ഓട്ടോമാറ്റിക് ഹെഡ്ലാംമ്പ്
  • ഡ്യുവല്‍ എയര്‍ബാഗ്, ABS (ആന്റി ലോക്കങ് ബ്രേക്കിങ് സിസ്റ്റം) 
  • നാവിഗേഷന്‍ സംവിധനമുള്ള സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
  • റിവേര്‍സ് ക്യാമറ, പാര്‍ക്കിങ് സെന്‍സര്‍
  • ഇലക്ട്രിക് അഡ്ജസ്റ്റ് ഫോര്‍ഡിങ് വിങ് മിറര്‍