വിപണി സാധ്യത കണക്കിലെടുത്ത് ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയ്ക്ക് മാത്രമായി ജീപ്പ് പുതിയ യുന്റു എസ്.യു.വി അവതരിപ്പിക്കുന്നു. അമേരിക്കന്‍ നിര്‍മാതാക്കളുടെ K 8 കണ്‍സെപ്റ്റിന് സമാനമായ രൂപത്തിലാണ് യുന്റു എസ്.യു.വിയുടെ നിര്‍മാണം. നടക്കാനിരിക്കുന്ന ഷാങ്ഹായി ഓട്ടോ ഷോയില്‍ ജീപ്പ് യുന്റു എസ്.യു.വി ഔദ്യോഗികമായി പുറത്തിറക്കും. പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും യുന്റുവിലുണ്ടാകും. 

Jeep Yunt​u​ concept

പുറം മോടിയില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും അകത്തളം ജീപ്പ് മുഖത്തില്‍ നിന്ന് വേരിട്ടുനില്‍ക്കും. വളരെ നേര്‍ത്ത വീതി കുറഞ്ഞ ഡിസൈനിലാണ് ഹെഡ്‌ലാംമ്പും ടെയില്‍ലാംമ്പും. ഹെഡ്‌ലൈറ്റിന് തൊട്ടുതാഴെയായി എയര്‍വെന്റുമുണ്ട്. തലയെടുപ്പോടെ നില്‍ക്കുന്ന ജീപ്പ് ഗ്രില്ലില്‍ യാതൊരു മാറ്റവുമില്ല. സ്‌ക്വയര്‍ വീല്‍ ആര്‍ക്കും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മികച്ച ഓഫ് റോഡര്‍ പരിവേഷം യുന്റുവിന് നല്‍കും. രണ്ട് ഇലക്ട്രിക് മോട്ടോറിനൊപ്പം 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. 

Jeep Yunt​u​ concept

7 സീറ്റര്‍ യുന്റുവില്‍ റിയര്‍ ഡോര്‍ പതിവില്‍നിന്ന് വ്യത്യസ്തമായി (suicide rear door) പിറകോട്ട് തുറക്കാനാകും. മൂന്ന് നിരകളിലെയും യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വിധം സീറ്റിന് പിറകിലായി ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം അകത്തളത്തുണ്ട്. പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍സെപ്റ്റ് മോഡലിന്റെ അടിസ്ഥാനത്തിലുള്ള പ്രൊഡക്ഷന്‍ മോഡല്‍ 2019 അവസാനത്തോടെ ചൈനീസ് വിപണിയിലെത്താനാണ് സാധ്യത.

Jeep Yunt​u​ concept