സെഡാന്‍ ശ്രേണിയില്‍ ഹോണ്ട മുഖം മിനുക്കി കഴിഞ്ഞ മാസം പുറത്തിറക്കിയ '2017 ഹോണ്ട സിറ്റി' ബുക്കിങ് പതിനാലായിരം യൂണിറ്റ് പിന്നിട്ടു. 1998-ല്‍ നിരത്തിലെത്തിയ സി സെഗ്‌മെന്റ് സെഡാന്റെ ആഞ്ചാം തലമുറയില്‍പ്പെട്ട വാഹനമാണ് ജാപ്പനീസ് നിര്‍മാതാക്കള്‍ ഈ വര്‍ഷം അല്‍പം പരിഷ്‌കരിച്ച് പുറത്തിറക്കിയത്. ബേസ് വേരിയന്റിന് 8.49 ലക്ഷം രൂപയും ടോപ് വേരിയന്റിന് 13.56 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ആദ്യഘട്ട ബുക്കിങില്‍ നാല്‍പത്‌ ശതമാനംവും പുതുതായി ഉള്‍പ്പെടുത്തിയ ടോപ് വേരിയന്റ് ZX -നാണ്. 

നിരത്തിലെത്തിയ നാള്‍മുതല്‍ ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുള്ള സി സെഗ്മെന്റ് സെഡാനാണ് ഹോണ്ട സിറ്റി. നിലവില്‍ നൂറിലേറെ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കുള്ള സിറ്റിയുടെ 6.5 ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇതുവരെ ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹ്യുണ്ടായി വെര്‍ണ എന്നിവയാണ് പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ വിപണിയിലെത്തിയ ഹോണ്ട സിറ്റിയുടെ മുഖ്യ എതിരാളികള്‍.

പുതിയ ടോപ് വേരിയന്റ് ZX-ന് പുറമേ S, SV, V, VX വകഭേദങ്ങളില്‍ ന്യൂജെന്‍ സിറ്റി ലഭ്യമാകും. 1.5 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 

honda city