ന്ത്യന്‍ നിരത്തില്‍ കോംപാക്ട് സെഡാന്‍ ശ്രേണിയിലെ ജനപ്രിയ മോഡല്‍ സ്വിഫ്റ്റ് ഡിസയര്‍ പുതിയ പതിപ്പ് ഏപ്രില്‍ 24-ന് മാരുതി അവതരിപ്പിക്കും. അടുത്ത മാസം അവസാനത്തോടെയാകും വാഹനം ഔദ്യോഗിമായി പുറത്തിറക്കുക. രാജ്യത്തെ നിരവധി ഡീലര്‍ഷിപ്പുകളില്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് പതിനായിരം രൂപ സ്വീകരിച്ച് പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമിലെത്തുന്ന 2017 ഡിസയറിന് രൂപത്തിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. യൂറോപ്യന്‍, ജാപ്പനീസ് സ്വിഫ്റ്റ് സ്‌പെക്കുകളുടെ ഡിസൈന്‍ ഫീച്ചേര്‍സിനോട് സാമ്യമുള്ള സ്‌റ്റൈലിലാണ് മാരുതി പുതിയ ഡിസയറിനെയും പുറത്തിറക്കുന്നത്. 

Dzire

മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള മോഡലിന് സമാനമായി പെട്രോല്‍-ഡീസല്‍ പതിപ്പില്‍ പുതിയ ഡിസയര്‍ ലഭ്യമാകും. പെട്രോള്‍ പതിപ്പിന് 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K12B എഞ്ചിനും ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS 190 എഞ്ചിനും ഉള്‍പ്പെടുത്താനാണ് സാധ്യത. കരുത്തും ടോര്‍ക്കും ഉയരാന്‍ സാധ്യതയില്ല. എന്നാല്‍ ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം ഇന്ധനക്ഷമത വര്‍ധിപ്പിക്കും. മുന്‍മോഡലില്‍ നിന്ന് വ്യത്യസ്തമായി മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും 2017 സ്വിഫ്റ്റ് ഡിസയര്‍ വിപണിയിലെത്തും. 

ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം എല്‍ഇഡി ഹെഡ്‌ലാംമ്പ്, പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാംമ്പ്, പുതിയ അലോയി വീല്‍ എന്നിവ പുറംമോഡിയില്‍ മാറ്റം നല്‍കും. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിവ അകത്തളത്തിന് പുതിയ രൂപം നല്‍കും. കുറഞ്ഞ വിലയില്‍ എതിരാളിയായി ടാറ്റയുടെ ടിഗോര്‍ എത്തിയ സാഹചര്യത്തില്‍ ഏകദേശം ഇതിനൊത്ത വിലയിലാകും ഡിസയറും വിപണിയിലെത്തുക. 

2017 Maruti Dzire

ബേസ് മോഡലിന് ഏകദേശം 5.5 ലക്ഷം രൂപയും ടോപ് വേരിയന്റിന് 8.5 ലക്ഷം രൂപയുമാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) എന്നിവ എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തും. ടാറ്റ ടിഗോറിന് പുറമേ ഫോര്‍ഡ് ആസ്പയര്‍, ഹോണ്ട അമേസ്, ഫോക്‌സ്‌വാഗണ്‍ അമിയോ, ഹ്യുണ്ടായി എക്‌സന്റ്‌, വരാനിരിക്കുന്ന ഹ്യുണ്ടായി എസെന്‍ഷ്യ എന്നിവയാകും 2017 മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിന്റെ എതിരാളികള്‍. നിലവിലുള്ള ഡിസയര്‍ ഫ്‌ളീറ്റ് വാഹനമായി ഡിസയര്‍ ടൂര്‍ എന്ന പേരില്‍ വില്‍പ്പന തുടരും. 

Maruti Dzire