രാജ്യത്തെ ഓഫ് റോഡര്‍ ശ്രേണിയില്‍ വിപണി പിടിക്കാന്‍ ഫോഴ്‌സ് മോട്ടോഴ്സ് പുതിയ ഗൂര്‍ഖ ഓഫ് റോഡര്‍ SUV മുഖം മിനുക്കി അവതരിപ്പിച്ചു. 5 ഡോര്‍ Xpedition, 3 ഡോര്‍ Xplorer എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ കരുത്തന്‍ ഗൂര്‍ഖ നിരത്തിലെത്തിയത്. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 നിലവാരം കൈവരിച്ച എഞ്ചിന്‍ ഉള്‍പ്പെടുത്തിയതാണ് വാഹനത്തിലെ പ്രധാന മാറ്റം. ഇതിനൊപ്പം ഇന്റീരിയറിലും പുറത്തും മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമായി അല്‍പം മിനുക്കുപണികളും കമ്പനി നടത്തിയിട്ടുണ്ട്. XPedition വകഭേദത്തിന് 8.38 ലക്ഷവും Xplorer പതിപ്പിന് 9.35 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

Force Gurkha

മെഴ്‌സിഡീസ് IM 616-ല്‍ ഉള്‍പ്പെടുത്തിയ 2.6 ലിറ്റര്‍ ഇന്റര്‍-കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. ഡയറക്റ്റ് ഇഞ്ചക്ഷന്‍ സംവിധാനമുള്ള എഞ്ചിന്‍ 3200 ആര്‍പിഎമ്മില്‍ പരമാവധി 85 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കുമേകും. മികച്ച പെര്‍ഫോമെന്‍സ് നല്‍കുന്ന G 28; 5 സ്പീഡ് ആള്‍-സിംക്രോമെഷ്‌ ഗിയര്‍ബോക്‌സാണ് ഗൂര്‍ഖയെ നയിക്കുക. മെഴ്‌സിഡീസ് G വാഗണില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് പുറംമോഡി ഒരുക്കിയത്. ഫ്രണ്ട് ബംമ്പര്‍, ഗ്രില്‍ പൂര്‍ണമായും മാറ്റി പണിതു. ഹെഡ്‌ലാംമ്പിനൊപ്പം അഡിഷണല്‍ റെക്റ്റാഗുലാര്‍ ലാംമ്പ് സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിച്ചു. 

Force Gurkha

ഏത് ദുര്‍ഘട പാതയിലും നിഷ്പ്രയാസം കുതിക്കാനുതകുന്ന 16 ഇഞ്ച് ആള്‍ ടെറൈന്‍ സ്റ്റീല്‍ അലോയി വീലാണ് ഗൂര്‍ഖയില്‍ ഉള്‍പ്പെടുത്തിയത്. അകത്തളത്തില്‍ അധികം മാറ്റങ്ങള്‍ പ്രകടമല്ല. 4 സ്‌പോര്‍ക്ക് സ്റ്റിയറിങ് വീല്‍, ഗിയര്‍ നോബ്, റിവൈസ്ഡ് ഫ്‌ളോര്‍ കണ്‍സോള്‍ എന്നിവ ഉള്‍വശത്ത് പുതുമ നല്‍കുന്നു. ഫോഴ്‌സ് ആദ്യമായി HVAC (ഹീറ്റിങ് വെറ്റിലേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനീങ്) യൂണിറ്റ് ഉള്‍പ്പെടുത്തുന്ന വാഹനവും ഇതാണ്. ത്രീ ഡോര്‍ പതിപ്പ്‌ ഹാര്‍ഡ് ടോപ്, ഫാബ്രിക് സോഫ്റ്റ് ടോപ് ഓപ്ഷനില്‍ ലഭ്യമാകും. എന്നാല്‍ 5 ഡോര്‍ പതിപ്പ് ഹാര്‍ഡ് ടോപ്പില്‍ മാത്രമാണ് പുറത്തിറങ്ങുക. 

Force Gurkha