സ്‌കൂട്ടര്‍ ശ്രേണിയില്‍ കരുത്തുറ്റ പുതിയ എന്‍മാക്സുമായി ജാപ്പനീസ് വിപണി പിടിക്കാന്‍ യമഹ ഒരുങ്ങുന്നു. കോംപാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. ഇന്ത്യന്‍ നിരത്തിലെ പതിവ് സ്‌കൂട്ടര്‍ മുഖങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ്‌ എന്‍മാക്സ്. ആദ്യ ഘട്ടത്തില്‍ ഈ വര്‍ഷം ജപ്പാനില്‍ 5000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്തോനേഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും എന്‍മാക്സ് വില്‍പ്പനയ്ക്കുണ്ട്. 2017 അവസാനത്തോടെ യമഹയുടെ ഈ കരുത്തന്‍ ഇന്ത്യയിലേക്കും മുഖം കാണിക്കാനെത്തും. 

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ യമഹയുടെ ഐക്കണ്‍ മോഡലായിരുന്നു എന്‍മാക്‌സ്. 155 സി.സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും പരമാവധി 6000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കുമേകും. ബ്ലൂ കോര്‍ എഞ്ചിന്‍ വഴി 41.7 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. 1955 എംഎം ആണ് നീളവും 740 എംഎം വീതിയും 1115 എംഎം ഉയരവും 1350 എംഎം വീല്‍ബേസും 135 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 13 ഇഞ്ചാണ് വീല്‍.

yamaha NMax

മാറ്റ് ഡീപ് റെഡ്, മാറ്റ് ഗ്രേ, പ്രീമിയര്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് എന്‍മാക്സ് ലഭ്യമാകുക. എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രെണ്ട് ഫ്ളൈ സ്‌ക്രീന്‍, സ്മോക്ക്ഡ് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയാണ് എന്‍മാക്സിലെ മുഖ്യ സവിശേഷതകള്‍. സുരക്ഷ വര്‍ധിപ്പിക്കന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനം ഉള്‍പ്പെടുത്തി. 127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. അപ്രീലിയ SR 150, വെസ്പ 150 എന്നിവയാണ് ഇന്ത്യന്‍ നിരത്തില്‍ എന്‍മാക്സിന്റെ എതിരാളികള്‍. ഏകദേശം 80000-90000 ത്തിനുള്ളിലാകും വിപണി വില.