രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പത്ത് ബൈക്കുകളുടെ വില്‍പന നിര്‍ത്തിയേക്കും. കുറച്ചു വര്‍ഷങ്ങളായി വില്‍പന ഗണ്യമായി കുറഞ്ഞ മോഡലുകളാണ് കമ്പനി പിന്‍വലിക്കുന്നത്. കരിഷ്മ, ഹങ്ക്, എക്‌സ്ട്രീം മോഡലുകള്‍ നേരത്തെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് കമ്പനി ഒഴിവാക്കിയിരുന്നു. വില്‍പന കുറഞ്ഞ മറ്റ് ഏഴു മോഡലുകളും വെബ്സൈറ്റില്‍ നിന്ന് കമ്പനി പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ വില്‍പന അവസാനിപ്പിച്ചത് സംബന്ധിച്ച് കമ്പനി ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. 

എച്ച്എഫ് ഡോണ്‍, സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് (100സിസി), സ്‌പ്ലെന്‍ഡര്‍ NXG, സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്, പാഷന്‍ പ്ലസ്, പാഷന്‍ എക്‌സ്‌പ്രോ, ഇഗ്‌നൈറ്റര്‍ എന്നിവയാണ് ഹീറോ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായ മറ്റു മോഡലുകള്‍. കരിഷ്മ ZMR, എക്‌സ്ട്രീം സ്‌പോര്‍ട്ട് എന്നിവയുടെ വില്‍പന പഴയ പടി തുടരും. സ്‌കൂട്ടറുകളില്‍ വില്‍പന കുറഞ്ഞ പഴയ മാസ്‌ട്രോ വേരിയന്റും കമ്പനി പിന്‍വലിച്ചിരുന്നു. ഭാരത് സ്റ്റേജ് 4 നിലവാരത്തിലേക്ക് ഉയര്‍ത്തി പിന്‍വലിച്ച ചില മോഡലുകള്‍ തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്. 

നിലവില്‍ 100 സിസി - 150 സിസി ബൈക്ക് ശ്രേണിയില്‍ അന്‍പത് ശതമാനത്തിലധികം വിപണി വിഹിതം ഹീറോയ്ക്കുണ്ട്‌. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 66,63,903 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച് ഹീറോ പുതിയ റെക്കോര്‍ഡിട്ടിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുള്ളില്‍ പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ 200 സിസി ബൈക്കും കമ്പനി അവതരിപ്പിക്കും. 2020-ഓടെ ആകെ പത്ത് കോടി വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.