ന്ത്യയില്‍ അടുത്ത മാസം ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ബിഎസ് 4 (ഭാരത് സ്റ്റേജ് 4) എഞ്ചിന്‍ നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി ടി.വി.എസ് പരിഷ്‌കൃത എഞ്ചിനില്‍ പുതിയ ജൂപ്പിറ്റര്‍ പുറത്തിറക്കി. പുതിയ നിയമത്തിന്റെ ഭാഗമായി ബിഎസ് 4 എഞ്ചിനൊപ്പം ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ (AHO) സംവിധാനവും ന്യൂജെന്‍ ജൂപ്പിറ്ററിലുണ്ട്. ഇതിനു പുറമേ സുരക്ഷ വര്‍ധിപ്പിക്കാന്‍ സിങ്ക് ബ്രേക്കിങ് സിസ്റ്റം ബേസ് വേരിയന്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

TVS Jupitor

വിലയില്‍ മാറ്റമില്ല, 49,666 രൂപയാണ് ബേസ് വേരിയന്റിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് വേരിയന്റ് ജൂപ്പിറ്റര്‍ ZX ഡിസ്‌ക് ബ്രേക്കിന് 53,666 രൂപയും. നേരത്തെ തന്നെ ZX  വകഭേദത്തില്‍ സിങ്ക് ബ്രേക്കിങ് സിസ്റ്റം കമ്പനി നല്‍കിയിരുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ റിയര്‍ ബ്രേക്ക് അപ്ലെ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഫ്രണ്ട് ബ്രേക്കും ലോക്ക് ആകുന്ന സംവിധാനമാണ് സിങ്ക് ബ്രേക്കിങ്. ഇനി ജൂപ്പിറ്ററിന്റെ എല്ലാ വകഭേദങ്ങളിലും ഈ അഡീഷണല്‍ ഫീച്ചര്‍ ലഭ്യമാകും.

നിലവിലുള്ള കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം ജാഡ് ഗ്രീന്‍, മൈസ്റ്റിക് ഗോള്‍ഡ് എന്നീ പുതിയ രണ്ട് നിറങ്ങളിലും 2017 ജൂപ്പിറ്റര്‍ നിരത്തിലെത്തും. ഫ്രണ്ട് പാനല്‍ സ്റ്റിക്കറില്‍ ബി.എസ് 4 പതിപ്പ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. 2013-ല്‍ ആദ്യമായി നിരത്തിലെത്തിയ ജൂപ്പിറ്ററിന്റെ 15 ലക്ഷത്തിലേറെ യൂണിറ്റുകള്‍ നാളിതുവരെ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. നേരത്തെ ടിവിഎസ് വീഗോയും ബിഎസ് 4 എഞ്ചിനില്‍ ടിവിഎസ് പുറത്തിറക്കിയിരുന്നു.

എഞ്ചിന്‍ നിലവാരം വര്‍ധിച്ചെങ്കിലും ജൂപ്പിറ്ററിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ യാതൊരു മാറ്റവുമില്ല. 109.7 സിസി സിംഗില്‍ സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കുമേകും. അടുത്തിടെ പുറത്തിറങ്ങിയ ഹോണ്ട ആക്ടീവ 4 G, മഹീന്ദ്ര ഗസ്റ്റോ, ഹീറോ മാസ്ട്രോ എന്നിവയാണ് ജൂപ്പിറ്ററിന്റെ എതിരാളികള്‍.