ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ബജാജ് അവേഞ്ച്വര്‍ 220 ! ഒറ്റനോട്ടത്തില്‍ ഈ ക്രൂസര്‍ മോഡല്‍ ഇവയില്‍ ഏതെന്ന് തിരിച്ചറിയുക അത്ര എളുപ്പമല്ല. എന്നാല്‍ ഫ്യുവല്‍ ടാങ്ക് ഡിസൈനില്‍ ബജാജ് അവേഞ്ച്വറെന്ന് വ്യക്തമായി മനസിലാക്കാം. കരുത്തിലും പെര്‍ഫോമെന്‍സിലും ഫീച്ചേര്‍സിലും ബ്രാന്‍ഡ് വാല്യുവിലും ഹാര്‍ലിയുടെ ഏഴകലത്തെത്താത്ത ബജാജ് 220 അല്‍പം മോഡി കൂട്ടിയ രൂപമാണിത്. പൂണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോലോഗ് ഡിസൈന്‍ കമ്പനിയാണ് അവേഞ്ച്വര്‍ 220 ക്രൂസറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 രൂപത്തില്‍ അണിയിച്ചൊരുക്കിയത്. 

ബ്രൂയിസ് കിറ്റ് എന്ന പേരിലാണ് അവേഞ്ച്വര്‍ 220-യില്‍ കമ്പനി മോഡിഫിക്കേഷന്‍സ് വരുത്തിയത്. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 അതേപകര്‍പ്പില്‍ പറിച്ചുനടാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ക്രൂസറിന്റെ അതേ രൂപത്തില്‍ ഹെഡ്‌ലാംമ്പ് കൗള്‍, പ്യൂഡോ റോഡിയേറ്റര്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തി. റിയര്‍ സീറ്റും തനി ഹാര്‍ലി സ്‌റ്റൈലില്‍ കസ്റ്റമൈസ് ചെയ്തു. കൗള്‍ സീറ്റിന് പകരം പൂര്‍ണമായി പുതിയ സീറ്റും ലഭ്യമാണ്. ഇവയില്‍ ഏതുവേണമെന്ന്‌ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് സസ്‌പെന്‍ഷനുമാണ്. 

Harley-Davidson Street 750

എക്‌സ്‌ഹോസ്റ്റ് യൂണിറ്റ് ചെറുതായി പരിഷ്‌കരിച്ചു. ബ്രേക്ക് യൂണിറ്റില്‍ മാറ്റമില്ല, മുന്നില്‍ 260 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് അവേഞ്ച്വര്‍ 220-യിലുള്ളത്. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ബജാജിന്റെ 220 സിസി ട്വിന്‍ സ്പാര്‍ക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8400 ആര്‍പിഎമ്മില്‍ 19.03 പിഎസ് കരുത്തും 7000 ആര്‍പിഎമ്മില്‍ 17.5 എന്‍എം ടോര്‍ക്കുമാണ് അവേഞ്ച്വറിന് നല്‍കുക. എകദേശം പതിനഞ്ചായിരം രൂപയോളം മുടക്കിയാല്‍ ഓട്ടോലോഗ് ഡിസൈനിന്റെ ഈ കസ്റ്റമൈസ്‌ ബ്രൂയിസ് കിറ്റ് സ്വന്തമാക്കാം.