നിരത്തിലെത്തിയിട്ട് വെറും മൂന്നു മാസം, ഇരുചക്ര വാഹനങ്ങളില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ നിരത്തിനെ അടക്കി ഭരിച്ച റോയല്‍ എന്‍ഫീല്‍ഡിനെ മറികടക്കാന്‍ ഈ ചുരുങ്ങിയ കാലയളവ് ബജാജ് ഡോമിനാറിന് ധാരാളം. 350 സിസിക്ക് മുകളിലുള്ള പ്രീമിയം സെഗ്‌മെന്റില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് ഡോമിനാര്‍ അധിപത്യം ഉറപ്പിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമെബൈല്‍ മാനുഫ്രാക്ച്ചേര്‍സ് (SIAM) കണക്ക് പ്രകാരം 350 സി.സി പ്ലസ് ശ്രേണിയില്‍ 3,082 യൂണിറ്റ് വാഹനങ്ങളാണ് ബജാജ് വിറ്റഴിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡിന് 2628 യൂണിറ്റുകള്‍ വിറ്റഴിക്കാനെ സാധിച്ചുള്ളു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 350-500 സിസി സെഗ്‌മെന്റില്‍ 35 ശതമാനത്തിന്റെ ഇടിവാണ് ഐഷര്‍ മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള എന്‍ഫീല്‍ഡിന് നേരിട്ടത്, 2016 ഫെബ്രുവരിയില്‍ 4,053 യൂണിറ്റായിരുന്നു വില്‍പ്പന. ഡോമിനാര്‍ എത്തുന്നതിന് മുന്‍പ് 350 സിസി പ്ലസ് ശ്രേണിയില്‍ 95 ശതമാനം വിപണി വിഹിതവും റോയല്‍ എന്‍ഫീല്‍ഡിന്റെ കൈവശമായിരുന്നു. അതേസമയം 250-350 ശ്രേണിയില്‍ ഒന്നാം സ്ഥാനം റോയല്‍ എന്‍ഫീല്‍ഡിന്റെ കൈകളില്‍ ഭദ്രമാണ്‌. ക്ലാസിക് 350 ഇവയില്‍ മുന്നിട്ടുനിന്നു. ബുള്ളറ്റ് 350, തണ്ടര്‍ബേഡ് 350 എന്നിവയും ഈ ശ്രേണിയില്‍ എന്‍ഫീല്‍ഡിന് കുതിപ്പേകി. 

നിലവില്‍ രാജ്യത്തെ 30 സിറ്റികളിലാണ് ഡോമിനാര്‍ ലഭ്യമായിട്ടുള്ളത്. ഏപ്രില്‍ അവസാനത്തോടെ 200 സിറ്റികളില്‍ ഡോമിനാര്‍ എത്തിക്കാനാണ് കമ്പനി കണക്ക്കൂട്ടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ 6,083 യൂണിറ്റ് ഡോമിനാര്‍ യൂണിറ്റുകള്‍ ബജാജ് വിറ്റഴിച്ചിട്ടുണ്ട്. 2017 സെപ്തംബറോടെ പ്രതിമാസ വില്‍പ്പന പതിനായിരം കടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 373.2 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 34.5 ബി.എച്ച്.പി കരുത്തും 35 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. ABS ( ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനമുള്ള ഡോമിനാറിന് 1.53 ലക്ഷവും നോണ്‍ ABS-ന് 1.39 ലക്ഷം രൂപയുമാണ് കേരളത്തിലെ വില.