2017 നിഞ്ച 650, Z650, Z900 എന്നീ മോഡലുകള്‍ മുഖം മിനുക്കി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ വിപണി പിടിക്കാന്‍ കാവസാക്കി Z250 പുതിയ രൂപത്തില്‍ പുറത്തിറക്കുന്നു. നിലവില്‍ നിരത്തിലുള്ള അതേ എഞ്ചിന്‍ കരുത്തില്‍ അവതരിപ്പിക്കുന്ന Z250 യില്‍ അധിക സുരക്ഷ നല്‍കാന്‍ ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) കമ്പനി ഉള്‍പ്പെടുത്തും. ഇതോടെ വില ഏകദേശം ഇരുപതിനായിരത്തോളം ഉയര്‍ന്ന് 3.25 ലക്ഷം രൂപയ്ക്ക് മുകളിലെത്തും. 

ഇന്ത്യന്‍ നിരത്തില്‍ കെടിഎം ഡ്യൂക്ക് 250-യാണ് കവസാക്കി Z250-യുടെ മുഖ്യ എതിരാളി. 249 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എഞ്ചിന്‍ പരമാവധി 11000 ആര്‍പിഎമ്മില്‍ 32 ബിഎച്ച്പി കരുത്തും 10000 ആര്‍പിഎമ്മില്‍ 21 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. ഈ മാസം അവസാനത്തോടെ അവതരിപ്പിക്കുന്ന Z250-യുടെ വിപണനം അടുത്ത മാസം ആരംഭിക്കും. ഇതിനൊപ്പം 2017 Z1000 മോഡലും വിപണിയിലെത്തും. 

Kawasaki Z250

27 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 17 ഇഞ്ച് അലോയി വീലിനൊപ്പം മുന്നില്‍ 290 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കാനാണ് സാധ്യത. ഒമ്പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവനാകും. മണിക്കൂറില്‍ 165 കിലോമീറ്ററാണ് പരമാവധി വേഗത. ഡ്യൂക്കിന് പുറമേ ഹോണ്ട CBR 250R, ബെനെലി TNT 25 എന്നീ മോഡലുകളും Z250-യുടെ എതിരാളികളാകും.