സ്‌കൂട്ടര്‍ ശ്രേണിയില്‍ ഹോണ്ട ആക്ടീവയോട് മത്സരിക്കാന്‍ കുറച്ചു വര്‍ഷങ്ങളായി മറ്റാരും കളത്തിലില്ല. എല്ലാ മാസവും വില്‍പ്പനയില്‍ ആക്ടീവ ബഹുദൂരം മുന്നിലാണ്. ഈ വിജയം തുടരാന്‍ ആക്ടീവ വകഭേദത്തില്‍ അല്‍പം പരിഷ്‌കാരങ്ങളോടെ നാലാം തലമുറയായി 2017-ല്‍ കമ്പനി പുറത്തിറക്കിയ ആദ്യ മോഡലാണ് ആക്ടീവ 4G. രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓണ്‍, ബി.എസ് 4 എഞ്ചിന്‍ എന്നിവ നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായാണ് പുതിയ ആക്ടീവ 4G കമ്പനി നിരത്തിലെത്തിച്ചത്. ആക്ടീവ 4 G-യുടെ പ്രധാന സവിശേഷകള്‍ നോക്കാം...

  • ബിഎസ് 4 നിലവാരം കൈവരിച്ച 109 സിസി എയര്‍കൂള്‍ഡ് ഫോര്‍ സ്ട്രോക്ക് എഞ്ചിന്‍ 7500 ആര്‍.പി.എമ്മില്‍ 8 ബി.എച്ച്.പി കരുത്തും 5500 ആര്‍.പി.എമ്മില്‍ 8.83 എന്‍.എം ടോര്‍ക്കുമാണ് നല്‍കുക. 
  • എഞ്ചിന്‍ നിലവാരം വര്‍ധിപ്പിച്ചെങ്കിലും ഇന്ധനക്ഷമത കുറഞ്ഞിട്ടില്ല. ARAI (ഓട്ടോമാറ്റിക് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്ക് പ്രകാരം 60 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 
  • വാഹനം ഓണാക്കി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഹെഡ്ലെറ്റ് തെളിയുന്ന AHO (ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓണ്‍) സംവിധാനം റോഡിലെ കാഴ്ച കൂടുതല്‍ എളുപ്പമാക്കും. ഏപ്രില്‍ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളിലെല്ലാം ഇനി ഹെഡ്ലൈറ്റ് ഓണാക്കാനുള്ള സ്വിച്ച് ഇല്ലാതാകും. 
  • പുതിയ ഡൈനാമിക് സെട്രെല്‍ കവര്‍ ഡിസൈനില്‍ നേരത്തെയുണ്ടായിരുന്ന 5 നിറങ്ങള്‍ക്കൊപ്പം മാറ്റ് സെലീന്‍ സില്‍വര്‍ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ പുതിയ രണ്ട് കളര്‍ ഓപ്ഷനില്‍ ആക്ടീവ 4G ലഭ്യമാകും. 
  • റിട്രാക്റ്റബില്‍ ഫ്രെണ്ട് ഹുക്ക്, മെബൈല്‍ ചാര്‍ജിങ് സോക്കറ്റും ആക്ടീവ 4G യില്‍ ഹോണ്ട പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
  • മണിക്കൂറില്‍ 82 കിലോമീറ്ററാണ് പരമാവധി വേഗത. ആകെ ഭാരം 108 കിലോഗ്രാം. 5.3 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 
  • 130 എംഎം ഫ്രണ്ട്-റിയര്‍ ബ്രേക്കിനൊപ്പം സുരക്ഷ വര്‍ധിപ്പിക്കാന്‍ ഈക്വലൈസര്‍ ടെക്‌നോളജിയില്‍ കോംമ്പി ബ്രേക്ക് സിസ്റ്റം ആക്ടീവ 4G-യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
  • 1761 എംഎം നീളവും 710 എംഎം വീതിയും 1149 എംഎം ഉയരവും 1238 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 153 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സീറ്റ് ഹൈറ്റ് 765 എംഎം. 
  • 1999-ല്‍ ഇവിടെ അരങ്ങേറ്റം കുറിച്ച ആക്ടീവയുടെ പിന്‍ബലത്തില്‍ നിലവില്‍ 50 ശതമാനത്തിലേറെ വിപണി വിഹിതം ഹോണ്ടയുടെ കൈവശമാണ്. പുതിയ ആക്ടീവ 4G-ക്ക് 50,730 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.