മേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ 2017 സ്ട്രീറ്റ് റോഡ് 750 ഇന്ത്യയില്‍ പുറത്തിറക്കി. സ്ട്രീറ്റ് 750-യുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പുതിയ മോഡലിന് 5.86 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇന്ത്യയില്‍ മികച്ച അടിത്തറ പാകിയ സ്ട്രീറ്റ് 750-യുടെ അതേ എഞ്ചിനാണ് സ്ട്രീറ്റ് റോഡ് 750-യിലും കമ്പനി ഉള്‍പ്പെടുത്തിയത്. എന്നാല്‍ 11 ശതമാനം പവറും 5 ശതമാനം ടോര്‍ക്കും എഞ്ചിന്‍ അധികം നല്‍കും. നേരത്തെ നിര്‍മാണം അവസാനിപ്പിച്ച XR 1200X-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് സ്ട്രീറ്റ് റോഡിന്റെ രൂപകല്‍പ്പന. വിവിഡ് ബ്ലാക്ക്, ഒലീവ് ഗോള്‍ഡ്, ചാര്‍ക്കോള്‍ ഡെനീം എന്നീ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.  

പുതിയ ഹെഡ് ലൈറ്റ് കൗള്‍, വിന്റ് സ്‌ക്രീന്‍, സ്പ്ലിറ്റ് സീറ്റ്, റിയര്‍ കൗള്‍ എന്നിവ പുതുമ നല്‍കുന്നു. ഹാന്‍ഡില്‍ ബാര്‍ എന്‍ഡിലാണ് റിയര്‍വ്യൂ മിറര്‍. 13 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഫ്യുവല്‍ ടാങ്ക് ഹാര്‍ലി ഡേവിഡ്സണ്‍ മുഖമുദ്ര അതുപേലെ നിലനിര്‍ത്തി. മുന്‍പത്തെക്കാളും ചെറുതാണ് എക്സ്ഹോസ്റ്റ്. എന്നാല്‍ ഇരമ്പിപ്പായുന്ന ശബ്ദത്തില്‍ എല്ലാവരെക്കാളും കേമനാണിവന്‍. ഡ്രൈവിങ്ങില്‍ കൂടുതല്‍ കംഫോര്‍ട്ട് നല്‍കാന്‍ സീറ്റ് ഹൈറ്റും (765 എംഎം), ഗ്രൗണ്ട് ക്ലിയറന്‍സും (205 എംഎം) വര്‍ധിപ്പിച്ചു. അധിക സുരക്ഷയ്ക്കായി സ്റ്റാന്റേഡ് ഫീച്ചറായി ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) ഉള്‍പ്പെടുത്തി. 

Harley-Davidson Street Rod 750

749 സിസി വി-ട്വിന്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 62 എന്‍എം ടോര്‍ക്കേകും. 238 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം, സ്ട്രീറ്റ് 750-യക്കൊള്‍ 5 കിലോഗ്രാം അധികം. 17 ഇഞ്ച് കാസ്റ്റ് അലൂമിനിയത്തിലാണ് വീലുകള്‍. ട്രെയംഫ് ബേണ്‍വില്ലെയാണ് സ്ട്രീറ്റ് റോഡ് 750-യുടെ മുഖ്യ എതിരാളി. 2016 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 3,373 യൂണിറ്റുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇവിടെ വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ കമ്പനിക്കുണ്ടായത്. സ്ട്രീറ്റ് റോഡ് 750-യുടെ വരവോടെ വില്‍പ്പനയിലുണ്ടായ ഇടിവ് മറികടക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. 

Harley-Davidson Street Rod 750