പ്രമേഹവും ബി.പിയും കൊളസ്‌ട്രോളുമെല്ലാം മലയാളിയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എവിടെയാണ്് നമുക്ക് പിഴച്ചത്? നല്ല ആഹാരം കഴിച്ച് അധ്വാനിച്ച് ആരോഗ്യത്തോടെ ജീവിച്ചിരുന്ന മലയാളിസമൂഹത്തിന് എവിടെയാണ് വഴിതെറ്റിയത്?

ഭക്ഷണശീലങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങള്‍തന്നെയാണ് നമ്മളെ തളര്‍ത്തിയത്. ഭക്ഷണം തിരഞ്ഞെടുക്കുന്നതുമുതല്‍ കഴിക്കുന്ന രീതിയും സമയവും അളവും എല്ലാം മാറിയിരിക്കുന്നു. കൃത്യമായ ഇടവേളകളില്ലാതെ തോന്നുമ്പോഴെല്ലാം ആഹാരം കഴിക്കുന്ന ശീലത്തിലേക്ക് നാം മാറി. ജോലിത്തിരക്കുകളും സമ്മര്‍ദവും ആധൂനിക ജീവിതരീതിയുമെല്ലാം ഒപ്പം ചേര്‍ന്നതോടെ മലയാളി ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളുടെ പിടിയിലായി. പുറത്തുപോയി കഴിക്കുന്ന ഈറ്റിങ് ഔട്ട് സംസ്‌കാരവും അമിതമായി നോണ്‍വെജ് വിഭവങ്ങള്‍ ശീലിച്ചതുമെല്ലാം രോഗങ്ങളിലേക്ക് വഴിതെളിച്ചു. 

Kerala Dietആധൂനിക ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ ആരോഗ്യപ്രദമായ പഴയ ഭക്ഷണശീലം എങ്ങനെ പിന്തുടരും എന്ന് ചോദിക്കുന്നവരുണ്ട്. അതൊന്നും നടക്കില്ലെന്ന് പരിഭവപ്പെടുന്നവര്‍. അവരോട് ഒരു ചോദ്യം-യൗവനം മുതല്‍ രോഗിയായി ജീവിക്കാതെ ഉണര്‍വോടെ ആരോഗ്യത്തോടെ ജീവിക്കേണ്ടേ? ഉത്തരം അതെ എന്നാണെങ്കില്‍ നമ്മുടെ ഭക്ഷണശീലം മാറ്റാന്‍ സമയമായി എന്ന് തിരിച്ചറിഞ്ഞേപറ്റൂ. എന്ത്, എപ്പോള്‍, എങ്ങനെ, എത്ര കഴിക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചേ മതിയാകൂ. 

കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പോഷകാവശ്യങ്ങള്‍ നിറവേറുന്ന ഒന്നാന്തരം ഭക്ഷണം മലയാളത്തനിമയില്‍ ഉണ്ടാക്കാം. അത്തരമൊരു മാതൃകാ 'കേരള ഡയറ്റ്് ' ആരോഗ്യമാസിക മലയാളികള്‍ക്കായി സമര്‍പ്പിക്കുകയാണ്. മെഡിറ്ററേയനിയന്‍ ഡയറ്റ് പോലെ മലയാളിക്ക് മാതൃകയാക്കുകയും പിന്തുടരുകയും ചെയ്യാവുന്ന ഡയറ്റ് ആണ് ഇത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും ഇലക്കറികളും മത്സ്യവും അണ്ടിവര്‍ഗങ്ങളും ഇറച്ചിയുമെല്ലാം ഈ ഡയറ്റിന്റെ ഭാഗമാണ്. ഓരോരുത്തരുടെയും ശാരീരികാധ്വാനത്തിന് അനുസരിച്ച് എന്തുകഴിക്കണമെന്നും എത്ര അളവില്‍ കഴിക്കണമെന്നും തീരുമാനിക്കുന്നതിന് കേരളഡയറ്റ് സഹായിക്കും. 

കേരളത്തിന്റെ പരമ്പരാഗത ഭക്ഷണരീതിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി പോഷകാവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് കേരള ഡയറ്റിന് രൂപം നല്‍കിയിട്ടുള്ളത്. ഭക്ഷണത്തെ അറിഞ്ഞ് ഔചിത്യത്തോടെ കഴിച്ചാല്‍ അത് ഔഷധത്തിന്റെ ഗുണംചെയ്യുമെന്ന് പറയാറുണ്ട്. ഭക്ഷണം ഔഷധമാക്കിമാറ്റുന്ന ഈ കേരള ഡയറ്റ് ഇനി നമുക്ക് ശീലമാക്കാം. 

കേരള ഡയറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ മെയ് ലക്കം ആരോഗ്യമാസികയില്‍. 

 

  • ' വയറുനിറച്ച് ഒരിക്കലും കഴിക്കരുത്. വയറിന്റെ പാതിമാത്രം കഴിച്ചാല്‍ മതി. കാല്‍ഭാഗം ജലപാനീയം, ബാക്കി കാല്‍ഭാഗം ഒഴിച്ചിടാം. ആര്‍ത്തികൂടാതെ സമയമെടുത്ത് രുചിച്ച് ഭക്ഷണം കഴിക്കണം ' (ഡോ.ജോര്‍ജ് തയ്യില്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ്, കാര്‍ഡിയോളജിസ്റ്റ്‌, ലൂര്‍ദ് ആസ്പത്രി, എറണാകുളം.) 
  • ' ദഹനത്തിന് അനുയോജ്യവും ശരീരത്തിന് പോഷണം നല്‍കുന്നതും അതേസമയം അമിതവണ്ണമുണ്ടാക്കാത്തതുമായ ലഘുഭക്ഷണമാണ് അത്താഴത്തിന് ഉത്തമം. അത്താഴം അത്തിപ്പഴത്തോളം മതി എന്നര്‍ഥം' (ഡോ. കെ.മുരളീധരന്‍, അഡീഷനല്‍ ചീഫ് ഫിസിഷ്യന്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല)
  • ' ഒരു ദിവസത്തെ പ്രധാന ഭക്ഷണമായ ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കാനേ പാടില്ല. ഏതു പ്രായത്തിലാണെങ്കിലും. വണ്ണം കുറയ്ക്കാനാണ് രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതെങ്കില്‍ അത് വിഡ്ഢിത്തമാണ്. അങ്ങനെ ചെയ്താല്‍ ശരീരഭാരം 20 മുതല്‍ 30 ശതമാനം വരെ പിന്നെയും വര്‍ധിക്കും'  (ഡോ.ജോതിദേവ് കേശവദേവ്, ചെയര്‍മാന്‍ & എം.ഡി., ജോതിദേവ്‌സ് ഡയബറ്റിസ് സെന്റര്‍, തിരുവനന്തപുരം)
  • ' എണ്ണയും മസാലയും ചേര്‍ന്ന ഭക്ഷണങ്ങള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിവയ്ക്ക് കാരണമാകും. ഭക്ഷ്യനാരുകളുടെ അംശം കൂടിയ പച്ചക്കറികളും പഴവര്‍ഗങ്ങളും അത്താഴത്തിന് കൂടുതല്‍ കഴിക്കാം. അപ്പോള്‍ ഊര്‍ജലഭ്യത കൂടാതെതന്നെ വയറുനിറഞ്ഞതായി തോന്നും' (ഡോ.ശ്രീദേവി ജയരാജ്, സീനിയര്‍ ഡയറ്റീഷ്യന്‍, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍.)  
  • 'ടി.വിയില്‍ കണ്ണുനട്ട് ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ വാരിവലിച്ച് കഴിക്കുമ്പോള്‍ നഷ്ടമാകുന്നത് മനസ്സും ഭക്ഷണവും തമ്മിലുള്ള സമരസപ്പെടലാണ്. ദഹനപ്രക്രിയയെയും ഭക്ഷണ ആഗിരണത്തെയും വിസര്‍ജനത്തെയുമെല്ലാം ഇത് തടസ്സപ്പെടുത്തും' (ഡോ. ബി.പദ്മകുമാര്‍, പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം, ഗവ.മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം. )

 

arogyamasika   

 

ആരോഗ്യമാസിക മെയ് ലക്കം ഓണ്‍ലൈനില്‍ വാങ്ങിക്കാം