cancerകേരളത്തില്‍ ഒരുവര്‍ഷം 50,000 പേരില്‍ കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നു!  സ്വതവേ ആളുകള്‍ പേടിക്കുന്ന ഈ രോഗം ഭയപ്പെടുത്തുന്ന വിധത്തിലാണിപ്പോള്‍ വ്യാപിക്കുന്നത്. രാജ്യത്ത് കാന്‍സര്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണിവിടെ രോഗം കാണുന്നത്. കാന്‍സര്‍ കേരളത്തില്‍ വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറുന്നു എന്നതിന് വേറെന്തു തെളിവു വേണം? 

ആരോഗ്യം കവരുന്ന രോഗമാണ് കാന്‍സര്‍. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ആയുസ്സിനും ഭീഷണിയാവും. ഒപ്പം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ചികിത്സാചെലവ് വരുത്തിവെക്കുന്ന രോഗവുമാണിത്. 

ജീവിതശൈലീ രോഗമെന്ന നിലയിലാണ് കാന്‍സറിനെ ഇപ്പോള്‍ പരിഗണിക്കുന്നത്. അതിനര്‍ഥം കാന്‍സറിനെ അകറ്റാനും പ്രതിരോധിക്കാനും വഴികളുണ്ടെന്നാണ്. എന്നാല്‍ ഇതില്‍ നമ്മള്‍ പരാജയപ്പെടുന്നതിന്റെ തെളിവാണ് കൂടിവരുന്ന രോഗികളുടെ എണ്ണം. ഏതാണ്ട് 70 ശതമാനം കാന്‍സര്‍ രോഗികളും രോഗം ഏറെ പുരോഗമിച്ച ശേഷമാണ് ചികിത്സ സ്വീകരിക്കുന്നത.് നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ ഭൂരിഭാഗം കാന്‍സറും ഭേദമാക്കാനോ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ടുപോകാനോ സാധിക്കുമെന്നിരിക്കെ ഇത് വലിയ പോരായ്മയാണ്. 

ഡല്‍ഹിയില്‍ കുറച്ച് മുമ്പ് നടന്ന ആദ്യ ഇന്ത്യന്‍ കാന്‍സര്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കണക്കുകള്‍ രാജ്യത്തെ കാന്‍സര്‍ വ്യാപനത്തെക്കുറിച്ച് സൂചനകള്‍ തരുന്നു. ഇന്ത്യയില്‍ പുരുഷന്‍മാരില്‍ ഒരു ലക്ഷം ആളുകളില്‍ 106 മുതല്‍ 130 വരെയാണ് കാന്‍സറിന്റെ തോത്. സ്ത്രീകളില്‍ 100 മുതല്‍ 140 വരെയും. ഇന്ത്യയില്‍ ഒരു വര്‍ഷം 10 ലക്ഷം പേരില്‍ കാന്‍സര്‍ കണ്ടെത്തുന്നു. 2025 ആകുമ്പോള്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഏഴിരട്ടി വര്‍ധനയുണ്ടാകും എന്നാണ് അനുമാനം. 

ഈ കണക്കുകള്‍ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ശരിയാകണമെന്നില്ല. രോഗികളുടെ എണ്ണം ഇതിലും കൂടാനേ വഴിയുള്ളൂ. പലതരത്തിലുള്ള ചികിത്സാ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമാവില്ലെന്നതാണ് വസ്തുത. 

തിരുവനന്തപുരം ജില്ലയില്‍ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍.സി.സി.) നേതൃത്വത്തില്‍ തയ്യാറാക്കിയ ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി പ്രകാരം കേരളത്തില്‍ കാന്‍സര്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ലക്ഷത്തില്‍ 150 പേരില്‍ കാന്‍സര്‍ കാണപ്പെടുന്നതായി പഠനം പറയുന്നു. മറ്റു ജില്ലകളിലും കാര്യങ്ങള്‍ ഇതുപോലെത്തന്നെയായിരിക്കുമെന്നാണ് കരുതുന്നതും. കൂടുതല്‍ പേരും സ്വകാര്യ ചികിത്സ തേടുന്ന കേരളത്തില്‍ കൃത്യമായ കണക്കുകള്‍ കിട്ടുക എളുപ്പവുമല്ല.

കേരളത്തിന്റെ സവിശേഷതകള്‍

Cancerകേരളത്തിലെ കാന്‍സറിന്റെ വ്യാപനം, സ്വഭാവം, വൈവിധ്യം എന്നിവയിലൊക്കെ രാജ്യത്തെ മറ്റുമേഖലകളുമായി ചില വ്യത്യാസങ്ങളുണ്ട്. കേരളത്തില്‍ കുറച്ചു വര്‍ഷങ്ങളായി സ്ത്രീകളില്‍ കാന്‍സര്‍ കൂടിവരികയാണ്. 

പുതിയ പ്രവണതയനുസരിച്ച് കേരളത്തില്‍ ചില  കാന്‍സറുകള്‍ കൂടിവരികയാണ്. ചിലത് കുറയുന്നു.  സ്തനാര്‍ബുദം, ബ്ലഡ് കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, ലിംഫോമ, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ആമാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍, മലാശയ കാന്‍സര്‍ എന്നിവയാണ് കേരളത്തില്‍ പൊതുവെ കൂടുന്ന കാന്‍സറുകള്‍. വായിലെ വിവിധ കാന്‍സറുകള്‍, ഗര്‍ഭാശയ ഗള കാന്‍സര്‍ എന്നിവയാണ് കുറയുന്നത്.  
പുരുഷന്‍മാരില്‍ വായിലെ പലതരം കാന്‍സറുകളാണ് കാലങ്ങളായി കൂടുതല്‍ കാണുന്നത്. തൊട്ടു പിറകില്‍ ശ്വാസകോശ കാന്‍സറും. ഇപ്പോഴും ഒന്നും രണ്ടും സ്ഥാനത്ത് ഇവ തന്നെയാണ്. പുരുഷന്‍മാരില്‍ 50 ശതമാനത്തിലേറെ കാന്‍സറും ശ്വാസകോശത്തെയോ, വായയെയും അനുബന്ധ പ്രദേശങ്ങളെയുമോ ബാധിക്കുന്നതാണ്.  വായിലെ കാന്‍സര്‍ കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞുവരുന്നുണ്ട്. പുകവലിക്കെതിരായ ബോധവത്കരണവും ആളുകള്‍ പുകവലിയില്‍ നിന്നു വിട്ടുനില്‍ക്കുന്നതുമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 

പുരുഷന്‍മാരില്‍ ബ്ലഡ് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, മലാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍, ലിംഫോമ, ശ്വാസകോശ കാന്‍സര്‍ എന്നിവയെല്ലാം വര്‍ധിച്ചിട്ടുണ്ട്. ആര്‍.സി.സി യില്‍ കഴിഞ്ഞ 30 വര്‍ഷത്തെ രോഗികളുടെ കണക്കിന് ആനുപാതികമായി നോക്കിയാല്‍ അവിടെ ചികിത്സയ്‌ക്കെത്തിയവരില്‍ ബ്ലഡ് കാന്‍സര്‍ 263 ശതമാനമാണ് കൂടിയത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 225 ശതമാനവും.

സ്തനാര്‍ബുദം കൂടുന്നു

കേരളത്തില്‍ സ്ത്രീകളില്‍ ഗര്‍ഭാശയ ഗള കാന്‍സര്‍ കുറഞ്ഞുവരുന്നു എന്നത് ആശ്വാസം പകരുന്ന വസ്തുതയാണ്. ഇന്ത്യയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് ഇതു വലിയ മാറ്റമാണ്. 15 വര്‍ഷമായി ഈ പ്രവണത കാണുന്നതായി ആര്‍.സി.സി യിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും സമാനമായ കണക്കുകളാണ് ലഭിക്കുന്നത്. 1982- 86 കാലഘട്ടത്തില്‍ ആര്‍.സി.സി യില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീകളില്‍ 28.8 ശതമാനം ഗര്‍ഭാശയ ഗള കാന്‍സറായിരുന്നു. 2007- 11 ആയപ്പോള്‍ അത് 8.8 ശതമാനമായി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ 2010- ല്‍ 11.8 ശതമാനമായിരുന്നു ഗര്‍ഭാശയ ഗള കാന്‍സര്‍. 2011-ല്‍ അത് 8.6 ആയി കുറഞ്ഞു. സ്ത്രീകളിലും വായിലെ കാന്‍സറും അന്നനാളം, ശ്വാസനാളം എന്നിവയിലെ കാന്‍സറുകളും കുറയുന്നുണ്ട്. 

പാശ്ചാത്യ രാജ്യങ്ങളിലെപോലെ സ്തനാര്‍ബുദം കേരളത്തില്‍ കൂടുകയാണ്. 1982- 86 കാലഘട്ടത്തില്‍ ആര്‍.സി.സി യില്‍ 18.3 ശതമാനമായിരുന്നു സ്തനാര്‍ബുദ കേസുകള്‍. 2013 എത്തിയപ്പോള്‍ അത് 29 ശതമാനമായി ഉയര്‍ന്നു. 

മലബാര്‍ കാന്‍സര്‍ സെന്ററില്‍ 2010-ല്‍ ചികിത്സ തേടിയ സ്ത്രീകളില്‍ 28. 6 ശതമാനം സ്തനാര്‍ബുദമായിരുന്നു. 2011-ല്‍ അത് 29.7 ശതമാനമായി.  

30 വര്‍ഷം മുമ്പ് സ്ത്രീകളില്‍, ആകെ കാന്‍സറിന്റെ 3.5 ശതമാനമായിരുന്ന തൈറോയ്ഡ് കാന്‍സര്‍ 12 ശതമാനമായി വര്‍ധിച്ചു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. പുരുഷന്‍മാരിലെന്നപോലെ സ്ത്രീകളിലും ബ്ലഡ് കാന്‍സര്‍, മലാശയ കാന്‍സര്‍ എന്നിവയുടെ തോത് കൂടിവരുന്നുണ്ട്.  നമ്മുടെ നാട്ടില്‍ പുകയില ഉപയോഗം കുറയുമ്പോഴും ശ്വാസകോശ കാന്‍സര്‍ കൂടുന്നുവെന്നത് ഉത്തരം കണ്ടെത്താത്ത ചോദ്യമായി നില്‍ക്കുന്നു. 

ചെറുപ്പക്കാരിലും പ്രായമായവരിലും കൂടുതലായി കാണുന്ന കാന്‍സറുകളില്‍ വ്യത്യാസമുണ്ട്. 15 -34 വയസ്സായ പുരുഷന്‍മാരില്‍ രക്താര്‍ബുദമാണ് കൂടുതല്‍. 35-64 വിഭാഗത്തില്‍ വായ, തൊണ്ട എന്നിവയെ ബാധിക്കുന്ന കാന്‍സറും. 65  കഴിഞ്ഞവരില്‍ ശ്വാസകോശ കാന്‍സറാണ് കൂടുതല്‍. സ്ത്രീകളില്‍ 15 -34 വയസ്സ് വിഭാഗത്തില്‍  തൈറോയ്ഡ് കാന്‍സറും 35 വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് കൂടുതല്‍ കാണുന്നത്. കുട്ടികളില്‍ ബ്ലഡ്കാന്‍സര്‍ തന്നെയാണ് എന്നും കൂടുതല്‍ കണ്ടുവരുന്നത്. 

വികസനം കാന്‍സറിന് കരുത്തേകുന്നു

വികസനത്തിന്റെ പാര്‍ശ്വഫലമാണോ കാന്‍സര്‍? അങ്ങനെ വിലയിരുത്താന്‍ പല ന്യായങ്ങളുമുണ്ട്. കേരളം തന്നെയാണ് അതിന് തെളിവ്. പാശ്ചാത്യ ജീവിത രീതികളോട് അടുത്തുനില്‍ക്കുന്ന പരിഷ്‌ക്കാരങ്ങള്‍ വന്നപ്പോള്‍ രോഗങ്ങളും വികസിത രാജ്യങ്ങളിലേതിന് സമാനമായി.
''ആയുര്‍ദൈര്‍ഘ്യം കൂടിയതാണ് കേരളത്തില്‍ കാന്‍സര്‍ കൂടുന്നതിന്റെ ഒരു കാരണം. പ്രായം കൂടുമ്പോള്‍ അതിന്റേതായ ക്ഷതങ്ങളും നാശങ്ങളുമൊക്കെ ശരീരത്തിലുണ്ടാവും. എല്ലാ അവയവങ്ങള്‍ക്കും കാലം ക്ഷതം ഏല്‍പിക്കും. അത് കാന്‍സറിന് കാരണമാവുകയും ചെയ്യാം. എന്നാല്‍ ജീവിത ശൈലിയിലെ പിഴവുകളാണ് വലിയൊരു ശതമാനമാളുകളെ രോഗത്തിലേക്ക് നയിക്കുന്നത്. പുകയില ഉപയോഗം, മദ്യപാനം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍, തെറ്റായ ഭക്ഷണ രീതികള്‍, വ്യായാമരഹിത ജീവിതം എന്നിവയൊക്കെ കാന്‍സറുണ്ടാക്കുന്നതില്‍ പങ്കുവഹിക്കുന്നു-കോഴിക്കോട്ടെ കാന്‍സര്‍ ചികിത്സാ വിദഗ്ധനായ നാരായണന്‍കുട്ടി വാരിയര്‍ പറയുന്നു. 

ഭക്ഷണവും അന്തരീക്ഷവും അപകടമാവുന്നു

Cancer

ലഹരി ഉപയോഗത്തോടൊപ്പം നമ്മുടെ ഭക്ഷണരീതിപോലും ദുശ്ശീലങ്ങളില്‍ പെടുത്തേണ്ട അവസ്ഥയാണിപ്പോള്‍! പരമ്പരാഗത ഭക്ഷണരീതികള്‍ പാടെ മാറി. ഉപ്പും കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം പതിവായി. അമിത ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണങ്ങളും പതിവായി. ആധുനിക ജീവിതത്തില്‍ കായികാധ്വാനം നന്നേ കുറയുകയും ചെയ്തു. കീടനാശിനികള്‍, റേഡിയേഷന്‍, ചിലയിനം രാസവസ്തുക്കള്‍,  എന്നിവയൊക്കെ കാന്‍സറിന് വഴിവെക്കുന്നു. 

കീടനാശിനികളും മറ്റു രാസവസ്തുക്കളും കലര്‍ന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും, കൊഴുപ്പുകൂടിയതും നാര് കുറഞ്ഞതുമായ ഭക്ഷണങ്ങള്‍, ബീഫ്‌പോലുള്ള ചുവന്ന മാംസം, കൃത്രിമ ഹോര്‍മോണ്‍ കുത്തിവെച്ച് വളര്‍ത്തുന്ന കോഴിയുടെ ഇറച്ചി, ഉണക്ക മത്സ്യം, അച്ചാറുകള്‍, രാസവസ്തുക്കള്‍ അടങ്ങിയ ഫാസ്റ്റ് ഫുഡ്ഡുകള്‍, കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും അടങ്ങിയ ഭക്ഷണങ്ങള്‍, ഉപ്പ് എന്നിവ അമിതമായി ഉപയോഗിക്കുന്നത്  തുടങ്ങിയവ  കാന്‍സറിന് സാധ്യത കൂട്ടുമെന്നാണ്  പറയുന്നത്.  

കാന്‍സര്‍ മാറും മാറ്റേണ്ടത് മനോഭാവം

കാന്‍സര്‍ ആര്‍ക്കും വരാം. പണക്കാരെന്നോ പാവങ്ങളെന്നോ ഇതിനു വ്യത്യാസമില്ല.നമ്മുടെ ജീനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കാന്‍സറിന് അടിസ്ഥാന കാരണം. കാന്‍സര്‍ പ്രതിരോധിക്കാനാവുന്ന, ചികിത്സിച്ചാല്‍ ഭേദമാക്കാനാവുന്ന രോഗമാണ്. മറ്റേതൊരു രോഗവുംപോലെ ഇതിനെയും കണ്ടാല്‍മതി. ഇക്കാര്യത്തില്‍ നമ്മുടെ മനോഭാവമാണ് മാറ്റേണ്ടത്. 

കാന്‍സര്‍ വന്നാല്‍ ജീവിതം തീര്‍ന്നു എന്ന ധാരണയൊക്കെ ലോകമെമ്പാടും മാറി. രോഗനിര്‍ണയം, ചികിത്സ എന്നീ മേഖലകളില്‍ ആധുനിക വൈദ്യശാസ്ത്രം വലിയ കുതിച്ചുചാട്ടം നടത്തിക്കഴിഞ്ഞു. വൈദ്യശാസ്ത്ര ഗവേഷണം ഏറ്റവും കൂടുതല്‍ നടക്കുന്ന മേഖലയാണിത്. കാന്‍സറിന് കാരണമാകുന്ന ജനിതകരഹസ്യങ്ങളുടെ ചുരുളുകള്‍വരെ അഴിച്ചെടുക്കുകയാണിപ്പോള്‍. കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സ, ശസ്ത്രക്രിയാ രീതികള്‍ ഒക്കെ പഴയതില്‍ നിന്ന് ഏറെ മാറി. കാന്‍സറിനു കാരണമാകുന്ന ജീനുകളെ തിരിച്ചറിഞ്ഞ് വ്യക്തിഗത ചികിത്സ നിശ്ചയിക്കുന്ന നിലയിലാണ് ഇന്ന് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. 

പ്രതിരോധം പ്രധാനം

വലിയൊരു പരിധിവരെ പ്രതിരോധിക്കാനാവുന്ന രോഗമാണ് കാന്‍സര്‍. അതിനാല്‍ കാന്‍സറിനെക്കുറിച്ച് വ്യാപകമായ ബോധവത്കരണം വേണം. സമൂഹത്തില്‍ നല്ലൊരു ശതമാനമാളുകള്‍ക്കും രോഗത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. തെറ്റുധാരണകള്‍ ഒരുപാട് ഉണ്ട് താനും. അതുപോലെതന്നെ രോഗികളിലും ബന്ധുക്കളിലും ഉണ്ടാകുന്ന ഭീതിയും അകറ്റണം. മറ്റേതൊരു രോഗവുംപോലെയാണ് കാന്‍സര്‍ എന്ന സന്ദേശം പ്രചരിപ്പിക്കപ്പെടണം. അതിന് കൂടുതല്‍ ശക്തവും ഏകോപിതവുമായ രീതിയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. 

പാവങ്ങള്‍ക്കും കിട്ടണം മികച്ച ചികിത്സ

കാന്‍സര്‍ചികിത്സ ഭാരിച്ചതാണ്. ആധുനിക തലമുറയിലെ മരുന്നുകള്‍ വളരെ ഫലപ്രദമാണെങ്കിലും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. ഈ സാഹചര്യത്തെ മറികടക്കാന്‍ എന്തുചെയ്യാനാവുമെന്ന ഗൗരവപൂര്‍ണമായ ചിന്തകളും നടപടികളും ആവശ്യമാണ്. വിദഗ്ധ ചികിത്സ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കുകൂടി ലഭ്യമാവുന്ന തരത്തിലായിരിക്കണം നമ്മുടെ പദ്ധതികള്‍. 

ആവശ്യത്തിന് ചികിത്സകര്‍ ഇല്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ഇന്ത്യന്‍ കാന്‍സര്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ നമ്മുടെ  പോരായ്മകള്‍ തുറന്നുകാട്ടുന്നു. 100 കാന്‍സര്‍ രോഗികള്‍ക്ക് ഒരു ഓങ്കോളജിസ്റ്റ് വേണമെ ന്നാണ് നിര്‍ദേശം. എന്നാല്‍ ഇന്ത്യയില്‍ 1600 കാന്‍സര്‍ രോഗികള്‍ക്ക് ഒരു ഓങ്കോളജിസ്റ്റ് എന്നാണ്  നില. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ പലയിടത്തും ഓങ്കോളജിസ്റ്റ് ഇല്ലാതായിട്ട് വര്‍ഷങ്ങളായി. കാന്‍സറിനെ നേരിടാന്‍ ചികിത്സാരംഗത്തും പോരായ്മകള്‍ ഉണ്ടെന്നത് വ്യക്തം. 

പ്രതീക്ഷയായി നാഷണല്‍ കാന്‍സര്‍ ഗ്രിഡ്

രാജ്യത്ത് നാഷണല്‍ കാന്‍സര്‍ ഗ്രിഡ് നിലവില്‍വന്നിട്ടുണ്ട്. ഇന്ത്യയിലെ 41 കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. കേരളത്തില്‍ നിന്ന് ആര്‍.സി.സി.,  മലബാര്‍ കാന്‍സര്‍ സെന്റര്‍, അമൃത ആസ്പത്രി എന്നിവ ഇതില്‍ അംഗങ്ങളാണ്. ഉന്നതനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുക, കാന്‍സര്‍ ചികിത്സ, പരിരക്ഷ എന്നിവയില്‍ ആവശ്യമായ പരിശീലനം നല്‍കുക, കാന്‍സര്‍ ഗവേഷണത്തില്‍ സഹകരിക്കുക എന്നിവയൊക്കെയാണ് ലക്ഷ്യങ്ങള്‍. ഇത് ഫലപ്രദമായി മുന്നോട്ടുപോകുന്നത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Cancer

കേരളം ശ്രദ്ധിക്കേണ്ടത്

  • കേരളത്തില്‍ സമഗ്രമായ  ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി ഉണ്ടാക്കണം. ഏതുതരം കാന്‍സര്‍, ഏതൊക്കെ പ്രദേശത്താണ് കണ്ടുവരുന്നത് എന്നറിയാനും പഠനങ്ങള്‍ നടത്താനും  ഇത്തരം രജിസ്ട്രി കൂടിയേ തീരൂ. 
  • കേരളത്തില്‍ 65 ശതമാനമാളുകളും സ്വകാര്യ ചികിത്സ തേടുന്നവരാണ്. കാന്‍സറിന്റെ കാര്യത്തിലും ഇതേ രീതിതന്നെയാവും. അതിനാല്‍ കാന്‍സറിന്റെ കാര്യത്തില്‍ പ്രൈവറ്റ്- പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ ആവശ്യമാണ്. 
  • കേരളത്തില്‍ കാന്‍സറിനെക്കുറിച്ച് പഠന, ഗവേഷണങ്ങള്‍ നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇക്കാര്യത്തില്‍ നമ്മള്‍ ഒന്നും ചെയ്യുന്നില്ല.  നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മുടെതായ രീതിയില്‍ പഠിക്കണം. 
  • കാന്‍സര്‍ സ്‌ക്രീനിങ് , ബോധവത്കരണ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണം. രോഗം മിക്കപ്പോഴും വൈകിയാണ് കണ്ടുപിടിക്കുന്നത് എന്നതാണ് നമ്മുടെ നാട്ടിലെ പ്രധാന പ്രശ്‌നം. മൂന്നില്‍ രണ്ടു രോഗികളും രോഗം പുരോഗമിച്ച ശേഷമാണ് ചികിത്സയ്‌ക്കെത്തുന്നത്. 
  • കാന്‍സര്‍ ഭേദമാക്കുന്നതില്‍ ആധുനിക ചികിത്സ ഏറെ ഫലവത്താണ്. ഈ സാഹചര്യത്തില്‍ ഉന്നത നിലവാരമുള്ള ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

(മാതൃഭൂമി ആരോഗ്യമാസിക 2014 മെയ് ലക്കത്തില്‍നിന്ന്)

ആരോഗ്യമാസിക ഓണ്‍ലൈനില്‍ വാങ്ങാം.