കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം 2014, 2015 വിജ്ഞാപന പ്രകാരം ബി.എ / ബി.കോം / ബി.എസ്.സി മാത്‌സ് / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടി പഠനം തുടരാം. സി.സി.എസ്.എസ്-യു.ജി പ്രോഗ്രാമില്‍ പ്രവേശനം നേടിയവര്‍ രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഓണ്‍ലൈനായി മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്  എന്നിവ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വിലാസത്തില്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ അഞ്ച്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
 
 
പരീക്ഷാ അപേക്ഷ
 
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (2014 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷക്ക് മാര്‍ച്ച് 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
 
 
പുനര്‍മൂല്യനിര്‍ണയ ഫലം
 
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.
 
 
കവികള്‍ സമകാലീന പ്രമേയങ്ങളിലേക്ക് ചുരുങ്ങരുത്: കെ.ജയകുമാര്‍
 
കവിതയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ആരെയും പ്രകോപിപ്പിക്കുന്ന പുതിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാകണമെന്ന് കവിയും മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ ഐ.എ.എസ് പറഞ്ഞു. ലോക കവിതാദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പ് സംഘടിപ്പിച്ച കവിതാ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴയെ പോലെ കവിതയെഴുതിയ ആയിരം പേര്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്നു. അവരൊക്കെയും ചരിത്രത്തില്‍ നിന്ന് നിശ്ശേഷം മാഞ്ഞുപോയത് പുതിയ കവികള്‍ക്ക് പാഠമാവണം. നിലവിലുള്ള പ്രശസ്തരായ കവികളുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെട്ട് പുതുസരണിയിലൂടെ സഞ്ചരിക്കാനാകണം പുതിയ കവികള്‍ ശ്രദ്ധിക്കേണ്ടത്. സൈബര്‍ ലോകത്ത് സാന്നിധ്യമറിയിക്കുന്ന നൂറ് കണക്കിന് കവികള്‍, കവിത സജീവമായി നിലനില്‍ക്കുന്നതിന്റെ തെളിവാണെന്നും കെ.ജയകുമാര്‍ പറഞ്ഞു.
 
 
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എക്‌സിബിഷന്‍ മാര്‍ച്ച് 21-ന് സമാപിക്കും
 
അപൂര്‍വ പുഷ്പ-ഫല സസ്യങ്ങളുടെ കലവറയായ കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അതിശയ കാഴ്ചയായി. എക്‌സിബിഷന്‍ സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉദ്ഘാടനം ചെയ്തു. 19 ഹെക്ടറില്‍ നിറഞ്ഞുനില്‍ക്കുന്ന സസ്യ ശേഖരം സന്ദര്‍ശിക്കാന്‍ മാര്‍ച്ച് 21-ന് കൂടി അവസരമുണ്ട്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിമാനമരം, പീരങ്കിയുണ്ട മരം, കാട്ടു തെങ്ങ,് ആമസോണ്‍ ഇലത്തളികകള്‍, ഇരപിടിയന്‍ സസ്യങ്ങള്‍, മരുഭൂമി സസ്യങ്ങള്‍, വര്‍ണ്ണ ഇലകളും കുലകളും വിരിയിക്കുന്ന വാഴവര്‍ഗ്ഗ സസ്യങ്ങള്‍ തുടങ്ങിയവയൊക്കെ കാഴ്ചക്കാര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ ബോട്ടണി ഗവേഷകരും പി.ജി വിദ്യാര്‍ത്ഥികളും ജീവനക്കാരും ഗാര്‍ഡനില്‍ സേവനമനുഷഠിക്കുന്നു. 250-ല്‍ പരം ഔഷധ സസ്യങ്ങള്‍, കൗതുകമുണര്‍ത്തുന്ന നീരാളി വൃക്ഷം, നക്ഷത്ര സസ്യങ്ങള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് കൗതുകമായി. കാഴ്ചയില്ലാത്തവര്‍ക്ക് സസ്യങ്ങളും പൂക്കളും കായ്കളും തൊട്ടും മണത്തും കേട്ടും അറിയുന്നതിനായി പ്രത്യേകം സജ്ജമാക്കിയ സസ്യോദ്യാനവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രദര്‍ശനം.
 
 
ഹിന്ദി ദേശീയ സെമിനാര്‍ ആരംഭിച്ചു
 
ഉത്തരാധുനികതയും ഹിന്ദി സാഹിത്യ വിമര്‍ശനവും എന്ന വിഷയത്തില്‍ യു.ജി.സിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ.പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായിരുന്നു. പ്രൊഫ.സഞ്ജീവ് ദുബെ മുഖ്യപ്രഭാഷണം നടത്തി. ഡോ.ആര്‍.സേതുനാഥ്, ഡോ.കെ.കെ.ഗീതകുമാരി, ഡോ.പി.ജെ.ഹെര്‍മന്‍, ഡോ.വി.ജി.മാര്‍ഗരറ്റ്, പ്രൊഫ.എല്‍.ജി.ശശിധര്‍, പ്രൊഫ.രാംപ്രകാശ്, ഡോ.ടി.കെ.ഗീത, ഡോ.പി.പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാര്‍ 22-ന് സമാപിക്കും.
 
 
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ശില്‍പശാല   
 
വയനാട് ചെതലയത്തെ കാലിക്കറ്റ് സര്‍വകലാശാലാ ഗോത്ര വര്‍ഗ്ഗ പഠനകേന്ദ്രവും ഗോത്ര വികസന വകുപ്പും സംയുക്തമായി പഠനകേന്ദ്രത്തില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ത്രിദിന ശില്‍പശാല, ഡയറക്ടര്‍ ഡോ.ഇ.പുഷ്പലത ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ആശയ വിനിമയ ശേഷി പരിപോഷിപ്പിക്കുന്ന പ്രായോഗികതയിലൂന്നിയ സെഷനുകളാണ് നടത്തുന്നത്. സുരേഷ് ബാബു, മുജീബ് റഹ്മാന്‍, ഡോ.ഉബൈദ് വാഫി, സഫറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
പരീക്ഷാ നടത്തിപ്പ്: കോളേജുകള്‍ ബില്ലുകള്‍ സമര്‍പ്പിക്കണം
 
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം യു.ജി ഒന്ന്, രണ്ട് സെമസ്റ്റര്‍ (സി.സി.എസ്.എസ്) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2016, മൂന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2016, അഞ്ചാം സെമസ്റ്റര്‍ (സി.സി.എസ്.എസ്) നവംബര്‍ 2016 പരീക്ഷകളുടെ നടത്തിപ്പിന്റെ പ്രതിഫല ബില്ലുകള്‍ സമര്‍പ്പിക്കാത്ത കോളേജുകള്‍ മാര്‍ച്ച് 31-നകം ജെ.സി.ഇ-8, എക്‌സാം ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ നോമിനല്‍ റോളിന്റെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം.