വിവാദങ്ങളും രണ്ടേമുക്കാൽ ലക്ഷം കോടിയുടെ ആസ്തിയും ബാക്കിയാക്കി ലിലിയൻ യാത്രയായി

പാരിസ്:  ലോറിയൽ കമ്പനി ഉടമയും ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയുമായ ലിലിയന്‍ ബെറ്റന്‍കോര്‍ട് ഇനി ഓര്‍മ്മ. 2,85,351 കോടി രൂപയായിരുന്നു മരിക്കുമ്പോള്‍ ലിലിയന്റെ ആസ്തി. വിവാദങ്ങള്‍ നിറഞ്ഞ ആ ജീവിതത്തിന് വിരാമമാകുമ്പോള്‍ സൗന്ദര്യവര്‍ധകവസ്തുവിപണിയില്‍ വിപ്ലവത്തിന് വഴിതുറന്ന ഒരു കാലഘട്ടം കൂടിയാണ് ചരിത്രമാവുന്നത്.

ഫ്രഞ്ച് സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാണ കമ്പനിയായ ലോറിയല്‍ സ്ഥാപകന്‍ യൂജിന്‍ ഷൂളറുടെ മകളായി 1922ലായിരുന്നു ലിലിയന്റെ ജനനം. അഞ്ചാം വയസ്സില്‍ ലിലിയന് അമ്മയെ നഷ്ടമായി. പതിനഞ്ചാം വയസ്സില്‍ ലോറിയല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1952ല്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആന്ദ്രെ ബെറ്റന്‍കോര്‍ട്ടിനെ വിവാഹം ചെയ്തു. 1957ല്‍ പിതാവിന്റെ മരണശേഷം കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തു. 2012 വരെ കമ്പനി ബോര്‍ഡില്‍ സജീവമായിരുന്നു ലിലിയന്‍. 89ാം വയസ്സിൽ കമ്പനി സാരഥ്യത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ കോടിക്കണക്കിന് ഫ്രാങ്കിന്റെ സ്വത്ത് മാത്രമല്ല രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലെ നായിക കൂടിയായിരുന്നു ലിലിയന്‍. 

2007ല്‍ ആന്ദ്രെ ബെറ്റന്‍കോര്‍ട്ടിന്റെ മരണശേഷമാണ് ലിലിയന്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. അമ്മയെ ചൂഷണം ചെയ്ത് സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ബാനിയര്‍ എന്ന ഫോട്ടോഗ്രാഫര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ലിലിയന്റെ ഏക മകള്‍ ഫ്രാങ്കോയിസ് മെയേഴ്‌സ് കോടതിയില്‍ പരാതി ഫയല്‍ ചെയ്തതോടെ ലിലിയന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അമ്മയ്ക്ക് മാനസികപ്രശ്‌നമുണ്ടെന്നും സ്ഥിരബുദ്ധിയില്ലെന്നുമായിരുന്നു മകളുടെ ആരോപണം. ലിലിയനെക്കാള്‍ 25 വയസ്സിന് ഇളയ ബാരിയറെ ലിലിയന്‍ ദത്തെടുത്തതാണെന്നും അഭ്യൂഹങ്ങളുണ്ടായി. 

ബാനിയര്‍ 
ഇരുപത് വര്‍ഷമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ബാനിയറിന് ലിലിയന്‍ കോടിക്കണക്കിന് രൂപയും വിലപ്പെട്ട വസ്തുവകകളുമൊക്കെ നല്കിയെന്നാണ് വിവരം. ബാനിയര്‍ തന്നെ ചൂഷണം ചെയ്യുകയാണെന്ന മകളുടെ ആരോപണത്തെ  ലിലിയന്‍ ശക്തമായി നേരിട്ടു. എന്റെ ജീവിതം എന്റേത് മാത്രമാണെന്നും അതിലാരും ഇടപെടേണ്ട ആവശ്യമില്ലെന്നും ലിലിയന്‍ തുറന്നടിച്ചു. പക്ഷേ, തെളിവുകളുടെ അടിസ്ഥാനത്തില്‍ 2015ല്‍ കോടതി ബാനിയര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

2012ല്‍ കമ്പനി ചുമതലകളിൽ നിന്നൊഴിഞ്ഞ ലിലിയന്‍ തന്റെ പിന്‍ഗാമിയായി നിയമിച്ചത് കൊച്ചുമകനായ ഴാന്‍ വിക്ടര്‍ മെയേഴ്‌സിനെയായിരുന്നു. സ്വത്തുവകകള്‍ സംബന്ധിച്ച തര്‍ക്കങ്ങളിലും കോടതി തന്നെ പരിഹാരം കാണേണ്ടി വന്നു. ബെറ്റന്‍കോര്‍ട്ട് കുടുംബത്തിന് ലോറിയല്‍ കമ്പനിയിലുള്ള വിഹിതത്തിന്റെ പൂര്‍ണ അവകാശം ലിലിയന്റെ മകളും മരുമകനിം കൊച്ചുമക്കളും അടങ്ങുന്ന ട്രസ്റ്റിനായിരിക്കുമെന്ന് കോടതി വിധിച്ചു. ചുമതലകളുടെ മേല്‍നോട്ടക്കാരനായി ഴാനിനെ നിയമിക്കുകയും ചെയ്തു.

കൊച്ചുമകനൊപ്പം
നിക്കോളാസ് സര്‍ക്കോസി ഫ്രഞ്ച് പ്രസിഡന്റായിരുന്ന കാലത്ത് ബെറ്റന്‍കോര്‍ട്ട് കുടുംബത്തില്‍ നിന്ന് വന്‍തുക സംഭാവനയായി കൈപ്പറ്റിയെന്ന ആരോപണവും ഇതിനിടെ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമാവുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിനിടെയാണ് ഫ്രാന്‍സില്‍ ഭരണമാറ്റം ഉണ്ടായത്. കേസും അന്വേഷണവും കുറച്ചുകാലം കൂടി മുന്നോട്ട് പോയെങ്കിലും 2013ല്‍ മതിയായ തെളിവുകളില്ലാത്തതിനെത്തുടര്‍ന്ന് അന്വേഷണം പൂര്‍ണമായും നിര്‍ത്തിവച്ചു.

ഡിമെന്‍ഷ്യയും അല്‍ഷിമേഴ്‌സും ബാധിച്ച ലിലിയന്റെ അവസാനകാലം മകള്‍ക്കൊപ്പം തന്നെയായിരുന്നു. തീര്‍ത്തും അവശയാവുന്നതിന് തൊട്ടുമുമ്പ് വരെ നീന്തലും യോഗയുമൊക്കെയായി ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു ലിലിയന്‍. ലോകമെമ്പാടുമുള്ള സ്ത്രീകളെ സുന്ദരിമാരാക്കാന്‍ നിരവധി ഉല്പന്നങ്ങളാണ് ലിലിയന്റെ മേല്‍നോട്ടത്തില്‍ ലോറിയല്‍ വിപണിയിലെത്തിച്ചത്. 130 രാജ്യങ്ങളിലായി 77,000ത്തോളം ജീവനക്കാരാണ് ഇപ്പോള്‍ ലോറിയലിനുള്ളത്. കമ്പനിക്കാര്യങ്ങളിലും ജീവനക്കാരുടെ ക്ഷേമത്തിലും അതീവതത്പരയായിരുന്ന ലിലിയന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്നാണ് ലോറിയല്‍ കമ്പനി ചെയര്‍മാന്‍ ജീന്‍ പോള്‍ ആഗണ്‍ പറഞ്ഞത്. 

courtesy:thenewyorktimesView on mathrubhumi.com