കനേഡിയന്‍ മോഡലിന് ടാറ്റൂ കൊടുത്ത എട്ടിന്റെ പണി!!

ടാറ്റുവിനോട് പ്രണയം കൂടുതലാണ് യുവതലമുറയ്ക്ക്. കൈയിലും മുഖത്തും പിന്‍കഴുത്തിലും വയറിലും തുടങ്ങി എവിടെയൊക്കെ ടാറ്റു ചെയ്ത് വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് ട്രെന്‍ഡി ന്യൂജന്‍സ്. ഭ്രമം മൂത്ത് ടാറ്റു കുത്താന്‍ ഇറങ്ങിത്തിരിക്കും മുമ്പ് ഇത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട കഥയാണ് കനേഡിയന്‍ മോഡലായ കേറ്റ് ഗലിങ്കറിന്റേത്.

കാമുകന്റെ ആഗ്രഹത്തിന് വഴങ്ങി കഴിഞ്ഞ ഓഗസ്റ്റിലാണ് സ്‌ക്ലേരാ ടാറ്റൂ പരീക്ഷിക്കാന്‍ കേറ്റ് തയ്യാറായത്. ബോഡി മോഡിഫിക്കേഷന്‍ ആര്‍ട്ടിസ്റ്റായ കാമുകന്‍ എറിക് ബ്രൗണ്‍ തന്നെയാണ് ടാറ്റു ചെയ്ത് കൊടുത്തത്. കണ്ണില്‍ കൃഷ്ണമണിക്ക് ചുറ്റുമുള്ള വെളുത്ത പ്രതലത്തിലാണ് ടാറ്റു ചെയ്തത്. കേറ്റിന്റെ പച്ചനിറത്തിലുള്ള കൃഷ്ണമണിക്ക് ചേരുന്ന തരത്തില്‍ പര്‍പ്പിള്‍ നിറമാണ് ടാറ്റു ചെയ്യാന്‍ തെരഞ്ഞെടുത്തത്. ആ തീരുമാനം കേറ്റിന്റെ കണ്ണുതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.

ടാറ്റു ചെയ്യാനുപയോഗിച്ച മഷിയ്ക്ക് കട്ടികൂടുതലായതും ശക്തമായ അണുബാധയും അനുയോജ്യമല്ലാത്ത ടാറ്റുസൂചി ഉപയോഗിച്ചതും എല്ലാം കൂടിയായപ്പോള്‍ കണ്ണ് അപകടത്തിലായി. ഏത് നേരവും കണ്ണീരൊലിക്കുന്ന അവസ്ഥയാണിപ്പോള്‍. അതും പര്‍പ്പിള്‍ നിറത്തില്‍. ആശുപത്രി സന്ദര്‍ശനവും മരുന്നുപയോഗിക്കലുമായി കേറ്റ് മടുത്തുതുടങ്ങി. തന്റെ ദയനീയാവസ്ഥ ഫെയ്‌സ്ബുക്കിലൂടെ കേറ്റ് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

സ്‌ക്ലേരാ ടാറ്റു എത്രമാത്രം അപകടമാണെന്ന മുന്നറിയിപ്പ് സ്വന്തം അനുഭവം കൊണ്ട് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു കേറ്റ്. ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായതോടെ ടാറ്റൂ ചെയ്യുന്നതിനെതിരെ നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. വരുംവരായ്കകള്‍ ആലോചിക്കാതെ എടുത്തുചാടി ടാറ്റു ഭ്രമത്തിന് പിറകെ  പോവുന്നവര്‍ക്ക് ഒരു പാഠമാണ് കേറ്റിന്റെ അനുഭവം. 

കണ്ണിലെ ടാറ്റു കൂടാതെ ഇരുപത്തിയഞ്ചോളം ടാറ്റു ഈ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ട്.View on mathrubhumi.com