തിരുവനന്തപുരത്തിന്റെ സ്വന്തം ട്രോളത്തി

By: ബിന്ദുജ തുളസി
ട്രോളൻമാർ വിലസുന്ന നഗരത്തിന്റെ ട്രോൾ പേജിൽ ഇതാ ഒരു ട്രോളത്തി. തലസ്ഥാന നഗരത്തിന്റെ കൗതുകങ്ങളും വിവരങ്ങളും ഹാസ്യരൂപത്തിൽ അവതരിപ്പിച്ച് ട്രോൾ ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനിലേക്ക് വളർന്ന ആദ്യ പെൺകുട്ടി. അതാണ് വെട്ടുകാട് സ്വദേശിയായ നീതു വില്ല്യംസ്. വീഡിയോ ട്രോളുകൾ വച്ചുള്ള പുതിയ പരീക്ഷണങ്ങളിലാണ് നീതുവിപ്പോൾ. ട്രോളുകളിലേക്കെങ്ങനെ?കോഴ്‌സ് പൂർത്തിയാക്കി ജ്യോതിനിലയം സ്‌കൂളിൽ താത്കാലിക വ്യവസ്ഥയിൽ അധ്യാപികയായിരിക്കുമ്പോൾ ചുമ്മാ പിള്ളാർ പറയുന്ന തമാശകൾക്ക് കൗണ്ടർ പറഞ്ഞായിരുന്നു തുടക്കം. ടീച്ചർ നല്ല ചളിയാണെന്നു പറഞ്ഞ് കുട്ടികൾ തന്ന പ്രോത്സാഹനമാണ് എനിക്ക് ഹ്യൂമർസെൻസ് ഉണ്ടെന്ന് മനസിലാക്കാൻ സഹായിച്ചത്. പിന്നെ ട്രോൾ പേജുകൾ ഫോളോ ചെയ്ത് തുടങ്ങി. ചെറിയ പരീക്ഷണങ്ങൾ ഒക്കെ നടത്തി. നല്ല ലൈക്കും കമൻസുമൊക്കെ കിട്ടിയപ്പോൾ ആവേശമായി. ട്രോൾ ട്രിവാൻഡ്രത്തിലേക്ക് എങ്ങനെ?ഫെയ്‌സ്ബുക്കിൽ സ്‌ക്രോള്‍ ചെയ്ത് പോകുമ്പോൾ അപ്രതീക്ഷിതമായി പേജ് കണ്ടു. അന്ന് മനസ്സിലുണ്ടായിരുന്ന ആശയം പേജിലേക്കു മെസേജ് ചെയ്തപ്പോൾ പോസ്റ്റ് ചെയ്‌തോളൂന്ന് മറുപടി വന്നു. പേജിലെ അഡ്മിൻ തന്ന ആത്മവിശ്വാസമാണ് അന്നതു പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്. അത് ക്ലിക്കായി. പിന്നെ പേജിൽ ആക്ടീവായി. നല്ല ട്രോളുകൾ എന്റെ ആശയത്തിൽ നിന്നുണ്ടായപ്പോൾ അവരെന്നെ അഡ്മിൻ ആക്കി.ഏതു തരം ട്രോളുകളാണ് ചെയ്യാനിഷ്ടം?നമ്മുടെ പേജിൽ അധികവും വരുന്നത് തിരുവനന്തപുരത്തിന്റെ വികസനം ലക്ഷ്യംവച്ചുള്ള പോസ്റ്റുകളാണ്. രാഷ്ട്രീയം കലർത്തിയുള്ളവ പൊതുവേ ആളുകൾക്ക് താത്പര്യമില്ല. പേജ് സന്ദർശിക്കുന്നവർക്ക് വിനോദം മാത്രമാണ് വേണ്ടത്. പിന്നെ തിരുവനന്തപുരത്തെ കളിയാക്കി എന്തെങ്കിലും ഇട്ടാലും ആളുകൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് പൊതുവേ എല്ലാവർക്കും ഗുണകരമായ പോസ്റ്റുകളെയാണ് പേജ് പ്രോത്സാഹിപ്പിക്കുന്നത്. പേജിൽ തുടരാൻ എല്ലാ അംഗങ്ങൾക്കും നിയമാവലി പോലുമുണ്ട്. എനിക്ക് വ്യക്തിപരമായി താത്പര്യം പൊതുവിജ്ഞാനവും കൗതുകങ്ങളുമാണ്‌. അതിനു വേണ്ടി മത്സര പരീക്ഷകൾക്കുള്ള മാസികകൾ വായിക്കാറുണ്ട്. പ്രധാനപ്പെട്ടവ ഓർമയിൽ സൂക്ഷിക്കാൻ നല്ല ഒരു രീതിയാണിത്. ഇപ്പോൾ പി.എസ്.സി ട്രോൾ പേജിലും ഞാൻ ട്രോൾ ചെയ്യാറുണ്ട്. രാഷ്ട്രീയവും വികസനത്തിന് പ്രധാനമല്ലേ?ആണ്. പക്ഷേ എല്ലാപേരും അത് ഒരേ രീതിയിലല്ല എടുക്കുന്നത്. അവിടെയാണ് പ്രശ്‌നം. ആദ്യമൊക്ക പേജിൽ അത്തരം പോസ്റ്റുകൾ വന്നിരുന്നു. ഗ്രൂപ്പംഗങ്ങൾ തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ വന്നപ്പോൾ വേണ്ടെന്നു വച്ചതാണ്പക്ഷേ ഒരുപാട് ട്രോളുകൾ ആസ്വദിക്കപ്പെട്ടിട്ടുണ്ടല്ലോ?തീർച്ചയായും. ഓരോ വ്യക്തിയെയും അടിസ്ഥാനമാക്കിയായിരിക്കും ആസ്വാദനം. എല്ലാം അതിന്റേതായ രീതിയിൽ എടുക്കുക എന്നതാണ് പ്രധാനം. പക്ഷേ ചിലതൊക്കെ അതിരു കടക്കുന്ന പ്രവണതയുണ്ടല്ലോ?അത് അംഗീകരിക്കാൻ കഴിയില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് ഞങ്ങളുടെ ഗ്രൂപ്പിൽ കർശനമായ നിയമാവലി വച്ചിട്ടുണ്ട് ട്രോളത്തി എന്ന നിലയിൽ എന്തെങ്കിലും മോശം അനുഭവങ്ങൾ?മോശം അനുഭവങ്ങളെന്നൊന്നും പറയാൻ ഇല്ല. പിന്നെ ഫ്രണ്ട് റിക്വസ്റ്റുകളൊക്കെ വളരെയധികം വരാറുണ്ട്. അതൊക്കെ മാനേജ് ചെയ്യും. പോസ്റ്റുകളിൽ മോശം കമന്റ് ചെയ്താൽ അവരെ വിലക്കുമെന്ന് കർശനമായ നിർദ്ദേശമുണ്ട് പേജിൽ. പിന്നെ സ്വയം കൈകാര്യം ചെയ്യാൻ പറ്റാത്തതിനൊക്കെ മറ്റു പേജ് അഡ്മിൻസിന്റെ സഹായവും ഉണ്ടാകാറുണ്ട്. ട്രോളേഴ്‌സിന്റെ അപരിചിതത്വം പ്രശ്‌നമാകില്ലേ?ഇല്ല. ഫെയ്ക് അക്കൗണ്ടുകളൊക്കെ നമുക്ക് മനസിലാകും. ഞങ്ങൾക്ക് ഉള്ളടക്കമാണ് പ്രധാനം. അതിനെ മാത്രമെ പരിഗണിക്കുന്നുള്ളൂ.ട്രോളിന്റെ സാങ്കേതിക വിദ്യയൊക്കെ വശമുണ്ടായിരുന്നോ?ഇല്ല. അതൊക്കെ പേജുകളിൽ നിന്നും മറ്റുള്ളവരോടും ചോദിച്ച് പഠിച്ചതാണ്. പിന്നിപ്പോ പിക്‌സാർട്ട്, ഫോണ്ടു പോലുള്ള ഒരുപാട് ആപ്പുകളൊക്കെ ഉണ്ടല്ലോ. ട്രോളിങ് രീതി എങ്ങനെയാണ്?മീമ്‌സ് അഥവാ ദൃശ്യം കണ്ടു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ആശയം എന്താണെന്ന് ആലോചിക്കും. ആശയത്തിന് പറ്റിയ മീമ്‌സ് ഗ്രൂപ്പിൽ സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്യാം. അതാണ് വർക്ക് ചെയ്യുന്ന രീതി.ട്രോളിങ്ങിൽ എന്താണ് ചലഞ്ചിങ്?വേഗം ആശയത്തെ ട്രോളാക്കി മാറ്റണം അത്രതന്നെ. ഇല്ലെങ്കിൽ അത് മറ്റാരെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടാകും. ആദ്യം പോസ്റ്റു ചെയ്യുക തന്നെയാണ് ഏറ്റവും വലിയ ചലഞ്ച്. പിന്നെ മത്സരങ്ങളൊക്കെ വയ്ക്കാറുണ്ട്. ഫെയ്‌സ്ബുക്ക് വഴി തന്നെ. ട്രോളുകൾ കൊണ്ടുണ്ടായ നേട്ടം?നല്ല സൗഹൃദങ്ങൾ പേജ് വഴിയുണ്ടായിട്ടുണ്ട്. ഭാവി സ്വപ്നങ്ങൾ ?സർക്കാർ സർവീസിൽ അധ്യാപനമാണ് സ്വപ്നം. ഒപ്പം ട്രോളുകളിൽ സജീവമാകണം. രണ്ടിനും ജീവിതത്തിൽ ഒരു പോലെ പ്രാധാന്യമുണ്ട്.വീട്ടിൽ നിന്നുള്ള പിന്തുണയൊക്കെ?ആദ്യം ഇതെന്താ ഇങ്ങനെ ഫോണിൽ കുത്തിക്കോണ്ടിരിക്കുന്നതെന്നായിരുന്നു എല്ലാവർക്കും. പിന്നെ കുട്ടികളൊക്ക വീട്ടിൽ വന്നു പറയും നന്നായിട്ടുണ്ടെന്ന്‌ ഇപ്പോൾ ഞാൻ ചെയ്യുന്ന ട്രോളുകളുടെ ആദ്യ ആസ്വാദകർ അവർ തന്നെയാണ്. വിദ്യാഭ്യാസം, കുടുംബം, സുഹൃത്തുക്കൾ?ഗണിതശാസ്ത്രത്തിൽ എം.എസ്‌സി.യും ബി.എഡും കഴിഞ്ഞു. ആൾസെയിൻസ്‌, എം.ജി. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അമ്മ ഏലിക്കുട്ടിക്ക് ഗൃഹഭരണമാണ്. ചേച്ചി നിസ്സിയുടെ വിവാഹം കഴിഞ്ഞ് വിദേശത്താണ്. അനിയൻ ഡാനിയേൽ സെന്റ് സേവ്യഴ്‌സിൽ പഠിക്കുന്നു. സുഹൃത്തുക്കൾക്കൊക്കെ അതിശയമാണ് ഇപ്പോഴും. നല്ല പിന്തുണയാണ് എല്ലാവരിൽ നിന്നും.
പേജിന്റെ ലൈക്ക് 100kയിൽ എത്തിക്കുന്നതിനാണ് നീതുവിന്റെ പരിശ്രമങ്ങൾ. ചുമ്മാ ഇരുന്നിങ്ങനെ ട്രോളുണ്ടാക്കുകയല്ല മറിച്ച് സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നീതുവുൾപ്പെടുന്ന ട്രോൾ പേജ് ശ്രമിക്കുന്നുണ്ട്. ക്ലീൻ സിറ്റിയുടെ ഭാഗമായി ശംഖുംമുഖം വൃത്തിയാക്കുന്ന ദൗത്യത്തിലും തിരുവനന്തപുരം ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾക്കും ഫുൾ സപ്പോർട്ടാണ് നീതുവിന്റെ പേജും ട്രോളൻ സുഹൃത്തുക്കളും. ആവശ്യപ്പെട്ടാൽ മീഡിയാ പങ്കാളിത്തത്തിനും തയ്യാർ.
പ്രമുഖമായുള്ള ട്രോൾ പേജുകളിലൊക്കെ നീതുവുണ്ട്. ആശയവും മനസ്സുമുണ്ടെങ്കിൽ ആർക്കും ചെയ്യാൻ കഴിയുന്നതാണ് ട്രോളുകൾ എന്ന് നീതു പറയുന്നു. ആശയ വിനിമയ മേഖലക്ക് നവീനമായ ചുവടുവെയ്പാണ് ട്രോളുകൾ. പിന്തിരിഞ്ഞു നിൽക്കാതെ മാറ്റങ്ങൾക്കും ട്രെൻഡുകൾക്കുമൊപ്പം സഞ്ചരിക്കുകയാണ് നീതുവിനെ പോലുള്ളവർ. മാത്രമല്ല വനിതാ ട്രോളൻമാരെ പ്രോത്സാഹിപ്പിക്കുന്നതും കൂടിയാണ് നീതുവിന്റെ നേട്ടങ്ങൾ.


VIEW ON mathrubhumi.com