മമ്മി & മി

By: ഡയാന ജോർജ് | dianageorge217@gmail.com

രോജിനി നായിഡുവിന്റെ 'ദി ക്വീന്‍സ് റൈവല്‍' എന്ന കവിത ചിലരെങ്കിലും വായിച്ചിട്ടുണ്ടാകും. സ്വന്തം സൗന്ദര്യത്തില്‍ മടുത്ത് ഒരു എതിരാളിയെ തരാനായി രാജാവിനോട് കേഴുകയാണ് ഗുല്‍നാര്‍ എന്ന രാജ്ഞി. ലോകത്തിന്റെ നാനാഭാഗത്തു നിന്നും അതിസുന്ദരികളായ രാജകുമാരിമാരെ കൊണ്ടുവന്നിട്ടും രാജ്ഞിക്കു തൃപ്തിയായില്ല. അവസാനം തന്റെ സ്വന്തം മകളാണ് തന്റെ സൗന്ദര്യത്തോട് കിടപിടിക്കാന്‍ ഏറ്റവും യോഗ്യ എന്നു മനസ്സിലാക്കിയപ്പോള്‍ തൃപ്തിയായി.

ഇതു പറയാന്‍ കാരണം മറ്റൊന്നുമല്ല, കുഞ്ഞുങ്ങളുള്ള എല്ലാവരും തന്റെ തന്നെ പ്രതിരൂപമാണ് അവരില്‍ കാണുന്നത്. അതേ കാരണം കൊണ്ടുതന്നെ, തങ്ങളെപ്പോലെ തന്നെ അവരെ വസ്ത്രം ധരിപ്പിക്കാനും താത്പര്യപ്പെടുന്നു. കുട്ടികള്‍ക്ക് എപ്പോഴും അവരുടെ അച്ഛനമ്മമാരെപ്പോലെ വസ്ത്രം ധരിക്കാന്‍ വളരെ ഇഷ്ടമാണ്. വിശേഷാവസരങ്ങളില്‍ മാത്രമല്ല, ഷോപ്പിങ്ങിനു പോകുമ്പോഴും കൂട്ടുകാരുടെ വീടുകളില്‍ പോകുമ്പോഴും ഈ ട്വിന്‍-ലുക്ക് പരീക്ഷിക്കാവുന്നതേയുള്ളു.

മാച്ചിങ് വസ്ത്രങ്ങള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പുകള്‍ ധാരാളമുണ്ട്. ഇനി ഓണ്‍ലൈന്‍ ഷോപ്പിങ് താത്പര്യമില്ലെങ്കില്‍ ഇഷ്ടമനുസരിച്ചുള്ള രൂപത്തിലും നിറത്തിലും ഒരേപോലുള്ള വസ്ത്രങ്ങള്‍ തയ്പിക്കാവുന്നതേയുള്ളു. കുട്ടികളില്‍ ചെറുപ്പത്തിലേ ഫാഷന്‍ സെന്‍സ് ഉണ്ടാക്കാന്‍ ഇത് വളരെ സഹായിക്കും. സംഘഗാനത്തിന് പോകുന്നതു പോലെ ഇരിക്കാതെ എങ്ങനെ കുട്ടികളുമായിട്ടു മാച്ചിങ് വസ്ത്രങ്ങള്‍ ധരിക്കാമെന്നുള്ളതിന് കുറച്ചു ഹോംവര്‍ക് നടത്തുന്നത് നല്ലതായിരിക്കും. അതിനേറ്റവും പറ്റിയത് പിന്‍ട്രസ്റ്റിലും ഇന്‍സ്റ്റഗ്രാമിലുമുള്ള ചിത്രങ്ങള്‍ നോക്കുന്നതാണ്.

ഏറ്റവും കൂടുതല്‍ തവണ മകളായ നോര്‍ത്ത് വെസ്റ്റുമായി മാച്ചിങ് വസ്ത്രം ധരിച്ചു എന്ന ബഹുമതി റിയാലിറ്റി സ്റ്റാര്‍ ആയ കിം കര്‍ദാഷിയനുള്ളതാണ്. പന്ത്രണ്ടു തവണയാണ് അമ്മയും മകളും ഒരേ പോലെ ഒരുങ്ങി പബ്ലിക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന കാന്യെ വെസ്റ്റിന്റെ കോണ്‍സെര്‍ട്ടിന് ഇവര്‍ ധരിച്ച സില്‍വര്‍ സീക്വിന്‍ ഡ്രസ് ഇപ്പോഴും എല്ലാവരുടെയും ചര്‍ച്ചാവിഷയമാണ്. പാരിസിലെ ഫാഷന്‍ വീക്കിനോടനുബന്ധിച്ചു കിമ്മും മകള്‍ നോര്‍ത് വെസ്റ്റും ധരിച്ച മാച്ചിങ് വസ്ത്രങ്ങള്‍ ചൂടപ്പം പോലെയാണ് ഓണ്‍ലൈന്‍ ബുട്ടിക്കുകളില്‍ വിറ്റഴിഞ്ഞുപോയത്. മാച്ചിങ് ലെതര്‍ ജാക്കറ്റുകളും കറുത്ത ജമ്പ് സൂട്ടുകളും ഫര്‍ കോട്ടുകളുമായി ഫാഷന്‍ തരംഗം തന്നെ ഈ അമ്മയും മകളും സൃഷ്ടിച്ചിരിക്കുന്നു.

ഇപ്പോള്‍ ഈ ഗ്യാങ്ങിലേക്ക് ഇളയ മകള്‍ നോറി വെസ്റ്റ് കൂടി കടന്നുവന്നിരിക്കുന്നു. ഒരേ പോലുള്ള വെള്ള ബാന്‍ഡേജ് ഡ്രസ്സുകള്‍ ധരിച്ചാണ് നോറി അമ്മയുടെ സ്‌റ്റൈല്‍ പകര്‍ത്തിയത്. ഈ കുഞ്ഞുങ്ങള്‍ സ്‌റ്റൈല്‍ ഐക്കണ്‍ ആയ അമ്മയുടെ പാത പിന്തുടര്‍ന്ന് എല്ലായ്‌പോഴും കാണാറുണ്ട്. ഒരേപോലെ ഗൗണ്‍ ധരിച്ച് ഈസ്റ്ററിനു പള്ളിയില്‍ പോകുേമ്പാഴും ഗ്രേ നിറത്തിലെ ജേഴ്‌സികള്‍ അണിഞ്ഞ് യാത്രയ്ക്ക് എയര്‍പോര്‍ട്ടില്‍ പോകുമ്പോഴും അമ്മയുടെ 'മിനി- മീ' ആയി ഇവരും എപ്പോഴും ഉണ്ടാകും.

ഇക്കാര്യത്തില്‍ കിമ്മിന്റെ സഹോദരി കോര്‍ട്ട്‌നിയും മോശമല്ല. മകള്‍ പെനെലോപ്പിയുമൊത്ത് ഒരേ വേഷത്തില്‍ പലപ്പോഴും കോര്‍ട്ടിണിയെ കാണാറുണ്ട്.  മക്കളുമായി ഒരേ വേഷത്തില്‍ പലപ്പോഴും കാണാറുള്ളതു കൊണ്ട് കോര്‍ട്ട്‌നിയും കിമ്മും പാപ്പരാസികള്‍ക്ക് പ്രിയപ്പെട്ടവരാണ്.

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയും 'ട്വിന്നിങ്ങി' ന്റെ ആരാധകരാണ്. കാഷ്വല്‍ സ്‌പോര്‍ട്ടി മൂഡിലാണ് ഇവരെ രണ്ടുപേരെയും മാച്ചിങ് പിങ്ക് ജാക്കറ്റുകള്‍ അണിഞ്ഞ് ജയ്പുര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ആദ്യം കാണുന്നത്. ഒപ്പം മാച്ചിങ് ഡെനിം ജീന്‍സുമാണ് രണ്ടുപേരും ധരിച്ചിരുന്നത്. മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വന്ന ഐശ്വര്യയും മകള്‍ ആരാധ്യയും ഒരേ സ്‌റ്റൈലിലുള്ള ഫ്‌ലോര്‍ ലെങ്ത് ലെഹെങ്കയാണ് ധരിച്ചിരുന്നത്. വളരെ ഇളം പച്ച നിറമായിരുന്നു ഐശ്വര്യ റായിയുടെ വസ്ത്രത്തിനെങ്കില്‍, ഒരു മാലാഖയെപ്പോലെ സുന്ദരിയായി വെള്ള നിറത്തിലെ ലെഹെങ്കയാണ് ആരാധ്യ ധരിച്ചിരുന്നത്. ട്വിന്നിങ്ങിന് ഒരേ നിറം തന്നെ തിരഞ്ഞെടുക്കണമെന്നില്ല സ്‌റ്റൈല്‍ ഒന്നായാല്‍ മതി എന്ന് ഇവരുടെ വസ്ത്രധാരണം തെളിയിക്കുന്നു.

കേറ്റ് മിഡ്ഡില്‍ട്ടണും മകള്‍ പ്രിന്‍സസ് ഷാര്‍ലറ്റും ഈ സ്‌റ്റൈല്‍ ട്വിന്നിങിന്റെ ആരാധകരാണ്. ഒരേ കളര്‍ പാലറ്റിലെ ലൈറ്റും ഡാര്‍ക്കും ആയുള്ള ഷേഡുകള്‍ ആണ് ഈ അമ്മയും മകളും ധരിക്കാറുള്ളത്. സ്‌കൈ ബ്ലൂ നിറത്തിലെ ജാക്കറ്റ് ധരിച്ച് കേറ്റ് മിഡ്ഡില്‍ട്ടണ്‍ വന്നപ്പോള്‍ ബേബി ബ്ലൂ നിറത്തിലെ ഫ്രോക്ക് ധരിച്ചാണ് പ്രിന്‍സസ് ഷാര്‍ലറ്റ് എത്തിയത്. മാച്ചിങ് ആയിട്ടുള്ള സ്‌കാര്‍ഫുകള്‍, ഒരേ നിറത്തിലോ സ്‌റ്റൈലിലോ ഉള്ള ചുരിദാറുകള്‍, ഒരേ പ്രിന്റിലുള്ള ടോപ്പുകളും മാച്ചിങ് സ്‌കര്‍ട്ടുകളും എന്നു വേണ്ട ഓപ്ഷന്‍സ് അനവധിയാണ്. ക്യാറ്റി ഹോംസും മകള്‍ സൂരി ക്രൂസും ഒരേ പ്രിന്റിലുള്ള ടോപ്പുകളും മാച്ചിങ് സ്‌കര്‍ട്ടുകളും ആണ് ധരിക്കാറുള്ളത്.

പെണ്‍കുട്ടികളില്ലാത്തവര്‍ വിഷമിേക്കണ്ട, അമ്മമാര്‍ക്കും ആണ്‍മക്കള്‍ക്കും ഒരേപോലെ ക്യൂട്ട് ആയി വസ്ത്രം ധരിക്കാം എന്നുള്ളത് കരീന കപൂറും ശില്പ ഷെട്ടിയും മലൈക അറോറയും തെളിയിച്ചിരിക്കുന്നു. 'മമ്മി ആന്റ് മി' എന്ന വസ്ത്രധാരണരീതി ഇപ്പോഴും ട്രെന്‍ഡി ആണെന്ന് മാത്രമല്ല, അമ്മമാരും കുട്ടികളും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുകയും ചെയ്യുന്നു. എന്നും കുട്ടികളുടെ റോള്‍ മോഡലുകള്‍ ആണല്ലോ അച്ഛനമ്മമാര്‍. writer is... ഫാഷെനീസ്റ്റ, ഓസ്ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനി



View on mathrubhumi.com