പ്രണയപ്പക ജീവനെടുക്കുമ്പോള്‍

By: വീണാ ചന്ദ്
പ്രണയപ്പകയില്‍ എരിഞ്ഞൊടുങ്ങേണ്ടി വന്ന രണ്ടാമത്തെ പെണ്‍കുട്ടിയാണ് ശാരിക. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരമാണ് സമാനമായ ഒരു സംഭവം നമ്മുടെയെല്ലാം മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കോട്ടയം ഗാന്ധിനഗറിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ ക്യാംപസില്‍ നടന്നത്. അവസാനമായി മകളുടെ മുഖം പോലും ഒന്നുകാണാനാകാതെ അവളുടെ കാല്‍വിരലുകളെ പുണര്‍ന്ന് ഒരമ്മ നെഞ്ചുപൊട്ടി കരയുന്നത് അന്ന് നാം കണ്ടു. അന്നും കേരളം പറഞ്ഞു ഇനിയൊരമ്മയ്ക്കും ഈ അവസ്ഥ വരരുതെന്ന്. പക്ഷേ മാസങ്ങള്‍ക്കിപ്പുറവും അതുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു..കാരണം പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതികാരവും
എന്താണ് പ്രണയം? പുതിയ തലമുറയെ പറഞ്ഞുപഠിപ്പിക്കേണ്ടിയിരിക്കുന്നു ഇതിന്റെ ഉത്തരം. പ്രണയനൈരാശ്യം പെണ്‍കുട്ടികളുടെ ജീവനെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്ന യുവാക്കളെ മറ്റെന്ത് പറഞ്ഞാണ് ജീവിതത്തിന്റെ വില മനസ്സിലാക്കിക്കൊടുക്കാനാവുക!സീനിയര്‍ വിദ്യാര്‍ഥി പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ ഹരിപ്പാട് സ്വദേശിനിയും അകന്ന ബന്ധുവിന്റെ പെട്രോള്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പത്തനംതിട്ട സ്വദേശിനിയും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇനിയുമെത്രയോ ജീവിതങ്ങള്‍ ഇത്തരം ദുരന്തങ്ങളെ നേരിട്ടിട്ടുണ്ടാവും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ലക്ഷ്മി കൃഷ്ണകുമാറിനെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന ആദര്‍ശ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. 2009 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന ആദര്‍ശ് അക്കാലത്ത് ലക്ഷ്മിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് ലക്ഷ്മി നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനുണ്ടായ പ്രേരണ. ലക്ഷ്മിയെ തീകൊളുത്തുക മാത്രമല്ല ആദര്‍ശ് ചെയ്തത്. അതേ തീയില്‍ സ്വന്തം ജീവനും ഹോമിച്ചു. പ്രിയപ്പെട്ടവളെ മരണത്തിലും വിട്ടുകളയാതിരിക്കാനാണ് പോലും!!
ലക്ഷ്മിയുടെ കാല്‍വിരലില്‍ കെട്ടിപ്പിടിച്ചു കരയുന്ന അമ്മ ഉഷാറാണി
പത്തനംതിട്ടയില്‍ പതിനേഴുകാരിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത് ഒരാഴ്ച മുമ്പാണ്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഒരാഴ്ച നീണ്ട യാതനകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. അകന്ന ബന്ധു കൂടിയായ കാമുകന്റെ സംശയരോഗമാണ് അവളുടെ ജീവനെടുത്തത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകാന്‍ വന്ന കാമുകനോട് താന്‍ വരില്ലെന്ന് പറഞ്ഞതായിരുന്നു കൊല്ലാനുണ്ടായ പ്രേരണ. അവള്‍ മറ്റാരുമായോ പ്രണയത്തിലാണെന്ന സംശയത്തില്‍ കാട്ടിക്കൂട്ടിയതാണ് ഒക്കെയെന്നും ആ ഇരുപതുകാരന്‍ പോലീസിനോട് സമ്മതിച്ചു.
ഈ രണ്ട് സംഭവങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ നമ്മുടെ യുവതലമുറയുടെ മാനസികാരോഗ്യത്തിന്റെ നല്ലതല്ലാത്ത ചിത്രമല്ലാതെ വേറെന്താണ് ലഭിക്കുക. സ്‌നേഹവും പ്രണയവും പിടിച്ചുവാങ്ങാനുള്ളതാണെന്ന തെറ്റിദ്ധാരണയിലാണ് ഇന്നത്തെ യുവാക്കള്‍ ജീവിക്കുന്നതെന്ന ഞെട്ടിക്കുന്ന സത്യം തന്നെയാണ് വെളിപ്പെടുന്നത്. ആര്‍ക്കു വേണ്ടിയും ഒന്നിനി വേണ്ടിയും ആരെയും ഒന്നിനെയും വിട്ടുകൊടുക്കാന്‍ മനസ്സിലാത്ത സ്വാര്‍ത്ഥതയാണ് ഈ രണ്ട് സംഭവങ്ങളിലും വില്ലനായത്.
സമൂഹവും ചിന്താഗതികളും വല്ലാതെയങ്ങ് വികസിച്ചുവെന്ന് പറയുമ്പോഴും സ്‌നേഹബന്ധങ്ങള്‍ അവനവനിലേക്ക് തന്നെ ചുരുങ്ങുകയാണ്. എന്റേത്, എനിക്ക് എന്ന മാത്രം പറയാന്‍ ശീലിക്കുന്ന ഒരു സമൂഹം ഭാവിയിലേക്ക് ഭീഷണി തന്നെയാണ്. സ്‌നേഹത്തെക്കുറിച്ച്,നന്മയെക്കുറിച്ച്, മറ്റുള്ളവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഒക്കെ മനസ്സിലാക്കുന്നവര്‍ക്ക് സ്വന്തം താല്പര്യത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാനാവുമോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം. ഈ കുട്ടികള്‍ക്ക് ഇതെന്ത് പറ്റി എന്ന സംശയത്തിനും അതു തന്നെയാണ് ഉത്തരം. അവനവനിലേക്ക് മാത്രം ചുരുങ്ങുന്ന ലോകത്ത് മൂഢസ്വര്‍ഗം തീര്‍ത്തവരാണ് ആ പെണ്‍കുട്ടികളുടെ ജീവനെടുത്തത്.അത് സ്‌നേഹമല്ലെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് അവര്‍ക്കില്ലാതെ പോയി എന്നതല്ലേ സത്യം.
രണ്ട് പെണ്‍കുട്ടികള്‍,അവരുടെ സ്വപ്‌നങ്ങള്‍,അവരെ മുന്നില്‍ക്കണ്ട് ആ കുടുംബങ്ങള്‍ കാത്തിരുന്ന പ്രതീക്ഷകള്‍..ഇവയെല്ലാം ഒരു തീനാളത്തില്‍ വെന്തില്ലാതായി.നമ്മുടെ കുടുംബത്തില്‍ സംഭവിക്കാത്തിടത്തോളം ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന നിലവിലെ പൊതുബോധം മാറ്റിവയ്‌ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കുട്ടികളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക മാത്രമാണ് പോംവഴി.
ശാരദക്കുട്ടി എഴുതിയതുപോലെ,'ഒരു തിരിയില്‍ നിന്ന് ഒരായിരം തിരികളിലേക്ക് പകരാനാവുന്നതാണല്ലോ പ്രണയം.പകരുന്തോറും ആളുന്ന അതിന്റെ നാളത്തിന് പെട്രോളും മണ്ണെണ്ണയുമല്ല,ജീവിതാസക്തിയാണ് ഇന്ധനമാകേണ്ടത്.'
വായിക്കാംVIEW ON mathrubhumi.com