ടോപ് സ്റ്റേഷന്‍ കടന്ന് സ്വപ്‌നഭൂമിയിലേക്ക്

By: അഞ്ജന ശശി | ചിത്രങ്ങള്‍: എന്‍.എ. നസീര്‍

ടോപ്‌സ്റ്റേഷന്‍.... ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും മനസ്സിനുതരുന്ന കുളിര്‍മ... അതുപറഞ്ഞറിയിക്കാന്‍ വയ്യ.

ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍ പറഞ്ഞതനുസരിച്ച് രാവിലെ ആറുമണിക്കുതന്നെ ചാലക്കുടിയില്‍ നിജോ കാറുമായെത്തി. കാറിനുമുകളില്‍ എഴുതിയപോലെത്തന്നെ "സ്‌ട്രേഞ്ച് ട്രാവലര്‍'- അതാണ് നിജോ. എവിടേക്കാണെന്നോ എപ്പോഴാണെന്നോ പ്രവചിക്കാനാവാതെ യാത്ര നടത്തുന്നവന്‍. ശരിയായ യാത്രാസ്‌നേഹി.

നസീര്‍ പെരുമ്പാവൂരില്‍നിന്നാണ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. നസീറിനൊപ്പമുള്ള കാടുയാത്രകളെല്ലാം ഓരോ അനുഭവങ്ങളാണ്. അതിന്റെ ത്രില്‍ ഒരുവശത്ത്. ഇത്തവണത്തെ യാത്ര ഇതുവരെ പോയതില്‍നിന്നും വ്യത്യസ്തമാവുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തരുന്ന ആകാംക്ഷ വേറെയും.

ചെറുനഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ട് യാത്രതുടരുമ്പോള്‍ ടോപ്‌സ്റ്റേഷനിലേക്ക് കഴിഞ്ഞ തവണ നടത്തിയ യാത്രയായിരുന്നു മനസ്സില്‍. അന്ന് മനസ്സില്ലാമനസ്സോടെയാണ് തിരിച്ചുപോന്നത്.

ഇത്തവണ യാത്ര കനത്ത വേനലിലാണ്. റോഡിന്റെ ഇരുവശങ്ങളിലും തേയിലത്തോട്ടങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ കാറിന്റെ ചില്ലുകള്‍ പതിയെ താഴ്ത്തി. ചൂളമടിച്ച് തണുത്തകാറ്റ് തഴുകിയെത്തി. മൂന്നാറിലേക്ക് അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍. ഉച്ചയോടെ കാര്‍ മൂന്നാറും മാട്ടുപ്പെട്ടിയും താണ്ടി ടോപ്‌സ്റ്റേഷനിലെത്തി. നാട്ടില്‍ വെയില്‍ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന സമയത്തും ടോപ്‌സ്റ്റേഷന്‍ തണുത്തുതന്നെ ഇരുന്നു. ഒളിഞ്ഞുംതെളിഞ്ഞുമെത്തുന്ന കോടയും കൂട്ടുണ്ടായിരുന്നു.

കാര്‍ നിര്‍ത്തിയപ്പോഴേക്ക് ചിരിക്കുന്ന മുഖവുമായി മനോഹരന്‍ ഓടിയെത്തി. നസീറിനെ കെട്ടിപ്പിടിക്കുമ്പോള്‍ വര്‍ഷങ്ങളുടെ സൗഹൃദത്തിന്റെ ആഴം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു. മനോഹരന്റെ അനിയത്തിയുടെ ചായക്കടയില്‍ നിന്ന് രുചികരമായ നാടന്‍ ഊണുകഴിച്ച് തൊട്ടടുത്തുതന്നെയുള്ള വീട്ടിലേക്ക് കയറി. അവിടെനിന്നു തുടങ്ങുന്നു ഞങ്ങളുടെ കാട്ടിലേക്കുള്ള വഴി.

അതിഥികള്‍ക്കൊപ്പംഇത് എന്നുടെ സണ്‍. മൈ സണ്‍...black father..white son.." ഉറക്കെ ചിരിച്ചുകൊണ്ട് മനോ അടുത്തുനില്‍ക്കുന്ന വിദേശി പയ്യനെ പരിചയപ്പെടുത്തി. മനോഹരന്‍ ഇങ്ങനെയാണ്. എന്തിനും ചിരിയുടെ അകമ്പടിയുണ്ടാകും. അതാണ് പ്രകൃതം.

മൂന്നാറില്‍ ഹോട്ടല്‍ റൂമുണ്ടെങ്കിലും സാലിക്ക് മനോഹരന്റെ വീട് അത്രയ്ക്ക് അങ്ങ് പിടിച്ചുപോയി. എഴുതുകയല്ല, താന്‍ കണ്ട കാഴ്ചകള്‍ മനോഹരമായി ഡയറിയില്‍ വരച്ചിടുകയായിരുന്നു അവര്‍. വൈകീട്ട് തേയിലത്തോട്ടത്തിലൂടെ ഒരു നടത്തം. ഞങ്ങള്‍ക്കൊപ്പം സാലിയും ടോമുംകൂടി. കുറച്ചുനടന്നപ്പോള്‍ തേയിലച്ചെടികള്‍ക്ക് മുകളില്‍ കിടക്കണമെന്ന് ടോമിന് ഒരു മോഹം.

ഓരോ ഫ്രെയിമും നസീറിന്റെ വന്യജീവികളെ ഒരുപാടുകണ്ടുപരിചയിച്ച ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു!. പലവട്ടം കണ്ടതെങ്കിലും എല്ലാം പുതിയകാഴ്ചകള്‍ എന്നപോലെ. കുന്നുകള്‍ കയറിയിറങ്ങി ഞങ്ങള്‍ മുന്നോട്ടു നടന്നു.

ഇംഗ്ലീഷും ആഗ്യവും കേട്ട് ഞങ്ങളെല്ലാവരും ഉറക്കെചിരിച്ചുപോയി. സാലി സീരിയസായി കുരിശ് വരക്കുന്നതുകണ്ടപ്പോഴാണ് ഞങ്ങളുടെ ചിരി നിന്നത്. മൂന്ന് ദിവസം കൊണ്ട് മനോയുടെ ഇംഗ്ലീഷ് അവള്‍ പഠിച്ചുകഴിഞ്ഞു. മനോഹരമായ ഒരു കുന്നിന്‍മുകളിലാണ് അന്നത്തെ യാത്ര അവസാനിച്ചത്. താഴെ ഒരുഭാഗത്ത് ചിത്രത്തിലെന്നപോലെ പ്രകൃതി വരച്ച ഗ്രാമഭംഗി. നൂറുവര്‍ഷം പുറകോട്ട് സഞ്ചരിച്ച അവസ്ഥ. കടും നിറങ്ങളിലെ വീടുകളും പാടവും. മറുവശത്ത് വന്തരവ് അടക്കമുള്ള മലകള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. മലമുകളില്‍നിന്ന് താഴ് വാരങ്ങളിലേക്ക് കോടമഞ്ഞ് ഒളിച്ചുകളിക്കുന്നു. മുകളില്‍ ആകാശം ചുവക്കുന്നതുവരെ അവിടിരുന്നു. മതിവരാത്ത കാഴ്ചകള്‍ കണ്ടുകൊണ്ട്.

കാടിന്റെ സ്പന്ദനത്തിലേക്ക്

സുഖമായ ഉറക്കത്തിനുശേഷം കണ്‍തുറന്നത് കോടയുടെ സൗന്ദര്യത്തിലേക്കാണ്. നസീറിനെ അനുഗമിച്ച് ഞാനും നിജോയും റോഡിലേക്കിറങ്ങി. പാതയുടെ വശങ്ങളില്‍ സൂര്യരശ്മികള്‍ എത്തിനോക്കുന്ന ഒന്നോ രണ്ടോ ഇടങ്ങളില്‍ ചൂടുതേടി പക്ഷികള്‍ ഒറ്റയ്ക്കും കൂട്ടമായും എത്തിയിരിക്കുന്നു. ഓരോ പക്ഷിയും നസീറിന്റെ ക്യാമറയ്ക്ക് പോസ് ചെയ്തുകൊണ്ടേയിരുന്നു.

മറുവശത്തെ കാഴ്ച അതിലേറെ അമ്പരപ്പിക്കുന്നതായിരുന്നു. കാടിനും മലനിരകള്‍ക്കുമിടയില്‍ പാല്‍പ്പുഴ ഒഴുകുന്നു. തലേദിവസം കാണാത്ത കാഴ്ച. ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി. തിരിച്ചറിയാന്‍ വയ്യാത്ത വിധം വെളുത്ത കോട പുഴയായി ഒഴുകുകയാണ്. പലയിടത്തുവെച്ചും കണ്ടിട്ടുണ്ടെങ്കിലും കോട യഥാര്‍ഥ നദിപോലെ ഒഴുകുന്നത് ആദ്യമായി കാണുകയാണ്. മനസ്സിന്റെ ഫ്രെയിമില്‍നിന്ന് ഒരിക്കലും മാഞ്ഞുപോവില്ലെന്ന് ഉറപ്പുള്ള കാഴ്ച.

ഇനി കാട്ടിലേക്കാണ് യാത്ര. പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കിനോടുചേര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയില്‍ കാടിന്റെ ഉള്‍ഭാഗത്തേക്ക് മനോ നയിക്കുന്ന യാത്ര. മനോഹരന് കാട് കാണാപ്പാഠമാണ്. കാട്ടിലേക്കുള്ള വഴികളും കാടിന്റെ ഓരോ അനക്കവും അദ്ദേഹത്തിനറിയാം.

മനോഹരന്റെ വീട്- ടോപ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കാട്ടിനുള്ളിലേക്കുള്ള യാത്രയും ഭക്ഷണവും താമസവുമടക്കം 2000 രൂപയുടെ പാക്കേജാണ് മനോഹരന്‍ നല്‍കുന്നത്. വീട്ടിലുണ്ടാക്കുന്ന നാടന്‍ ഭക്ഷണം അവര്‍ക്കൊപ്പംതന്നെയിരുന്നു കഴിക്കാം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മനസ്സില്‍നിന്ന് ഒരിക്കലും മായ്ക്കാനാവാത്ത സന്തോഷമായി മനോഹരന്‍ നമ്മുടെ ഹൃദയത്തിലുണ്ടാകും.

ശ്രദ്ധിക്കേണ്ടത്-അടുത്തിടെയായി സന്ദര്‍ശകരിലുണ്ടായ വര്‍ധന ടോപ്‌സ്റ്റേഷന്റെ വൃത്തിയെയും ബാധിച്ചിരിക്കുന്നു. പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞ് ചിലയിടങ്ങള്‍ വൃത്തിഹീനമായിട്ടുണ്ട്. ഇതില്‍നിന്നും ടോപ്‌സ്റ്റേഷനെ രക്ഷിക്കേണ്ടത് സന്ദര്‍ശകര്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മദ്യപിക്കാനും ആഘോഷിക്കാനുമുള്ള ഇടമെന്നതിലുപരി വരും തലമുറയ്ക്കും ഈ സ്ഥലം ആസ്വദിക്കേണ്ടതുണ്ട് എന്ന ബോധംകൂടി സന്ദര്‍ശകര്‍ക്കുണ്ടാവണം. യാത്രക്കിടയില്‍ കാടിനുള്ളിലെ ഓരോ പ്ലാസ്റ്റിക്ക് തരിയും പെറുക്കുന്ന മനോഹരനും നസീറും നമുക്ക് തരുന്ന പാഠം അതുകൂടിയാണ്.View on mathrubhumi.com