പടയണി അരങ്ങുകള്‍

By: ചിത്രങ്ങള്‍: കെ. അബൂബക്കര്‍, സജു ഭാസ്‌കര്‍, ബി. മുരളികൃഷ്ണന്‍
''തികിത തത്തക തികിത തത്തക തികിത തത്തക താരോ... ഒ... ഓ... തികിത തക തക തികിത തക തക തികിത തെയ്യം താരോ... ...തെയ്താര തെയ്താ. വെള്ളിമാമല കാത്തു വാണരുളും... വള്ളോന്റെ കയ്യില്‍ പുള്ളിമാന്മാഴു ശൂലവും തുടിയും...തെയ്താര...''
തീച്ചൂട്ടുകളും പന്തങ്ങളും പകരുന്ന വെളിച്ചത്തില്‍ തപ്പും കൈമണിയും ചെണ്ടയുമേകുന്ന പശ്ചാത്തലമേളത്തില്‍ തുള്ളിയുറഞ്ഞാടിയെത്തുന്ന കോലങ്ങളുടെ വരവ്. വിളവെടുപ്പിനോടനുബന്ധിച്ച് ഗ്രാമരാത്രികളെ സജീവമാക്കുന്ന അനുഷ്ഠാനകലയുടെ നാട്.പത്തനംതിട്ട പടയണിയുടെ സ്വന്തം നാടു കൂടിയാണ്. വടക്കന്‍ കേരളത്തിന് തെയ്യവും തിറയും പോലെ മധ്യ തിരുവിതാംകൂറിന്റെ അനുഷ്ഠാനകല കൂടിയാണത.് ഈ താളത്തിന്റെ കരുത്തിലായിരുന്നു കടമ്മനിട്ടക്കവിത പിറന്നത്. കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതിനാല്‍ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയില്‍ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് പടയണി എന്നതിനാല്‍ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തവും ഇതിന് ഒരു നാടിന്റെ മൊത്തം ഉത്സവമാക്കുന്നു.
കമുകിന്‍പാള മുറിച്ച് ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ടു യോജിപ്പിച്ച്, കുരുത്തോലയും വര്‍ണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ചാണ് കോലങ്ങള്‍ തയ്യാറാക്കുന്നത്. ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നിവ കൊണ്ടുണ്ടാക്കുന്ന നിറക്കൂട്ടുകളാല്‍ അതിനുമേല്‍ ചിത്രങ്ങളും എഴുതുന്നു. കാലന്‍കോലം, ഭൈരവിക്കോലം എന്നിങ്ങനെ വിവിധതരം കോലങ്ങളാണ് പടയണിയില്‍ അണിനിരക്കുന്നത്. കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്.
ചൂട്ടുവെപ്പോടുകൂടിയാണ് പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പടയണിയുടെ ചടങ്ങ് ആരംഭിക്കുന്നത്. പടയണി നടക്കുന്ന വിവരമറിയിയ്ക്കാന്‍ വേണ്ടിയുള്ള വാദ്യമേളമാണ് കാച്ചിക്കെട്ട്. തപ്പുമേളം എന്നും പറയാറുണ്ട്. അഗ്‌നി സ്വരൂപിണിയായ ദേവിയെ ചൂട്ടുക്കറ്റയിലേക്ക് ആവാഹിച്ചെടുക്കുന്നു. അഗ്‌നി യഥാസ്ഥാനം സ്ഥാപിച്ചാല്‍ ചടങ്ങുകള്‍ തീരുന്നതുവരെ അതണയാതെ കാക്കുന്നു.
വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടന്‍കോലവും എന്നിങ്ങനെ വിവിധ തരം കോലങ്ങളുടെയും മേളങ്ങലുടെയും ഒരു സങ്കലനമാണ് പടയണി.
ദാരികാസുര വധത്തിനു ശേഷം രക്തദാഹിയായ ഭദ്രകാളിയുടെ കോപം അടക്കാനായി ശിവനും ഭൂതഗണങ്ങളും വിവിധ കോലങ്ങള്‍ കെട്ടി ആടിയതിന്റെ ഓര്‍മ പുതുക്കലാണ് പടയണിയെന്നു വിശ്വസം. അസുരചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി വധിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യം. ദാരികനെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാതെ ദേവന്മാര്‍, മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം ശിവപെരുമാളെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ശിവന്‍ ഭദ്രകാളിയെ നിയോഗിച്ചു. ബ്രഹ്മാവില്‍ നിന്നും നേടിയ മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ ശക്തി. യുദ്ധവേളയില്‍ ദാരികന്റെ പത്‌നി ഇത് ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആര്‍ക്കും ദാരികനെ തോല്‍പ്പിക്കാനാവില്ല. ദാരികനുമായി യുദ്ധം ചെയ്ത ഭദ്രകാളിക്കും അദ്ദേഹത്തെ തോല്‍പ്പിക്കാനായില്ല. ദാരികന്റെ ഭാര്യ മറ്റൊരാള്‍ക്കു മൃത്യഞ്ജയമന്ത്രം ഉപദേശിച്ചു കൊടുത്താല്‍ അതിന്റെ ശക്തി നശിക്കുമെന്നു മനസ്സിലാക്കിയ ശിവപത്‌നി പാര്‍വതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം സായത്തമാക്കി. അങ്ങിനെ ഭദ്രകാളി ദാരികനെ തോല്പിച്ചു.
പാതാളത്തില്‍ അഭയം തേടിയ ദാരികന്റെ തലയറത്തിട്ടും കാളിക്ക് കലിയടങ്ങിയില്ല. ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയ ശിവന്‍ കാളിയുടെ മുന്നില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. പക്ഷെ കാളിയെ തടയാനായില്ല. പിന്നീട് കാളിയെ അടക്കിനിര്‍ത്താന്‍ ശ്രീമുരുകനെ നിയോഗിച്ചു. മുരുകന്‍ പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും എടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞള്‍, കരിക്കട്ടകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാല്‍ കമുകിന്‍ പാളകളില്‍ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാര്‍ന്ന കോലങ്ങള്‍കൊണ്ട് കാളിയുടെ മുമ്പില്‍ തുള്ളി. (കോലം കെട്ടിയുള്ള ഈ തുള്ളല്‍ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശന്‍, രുരു, കുണ്ഡോദന്‍ എന്നിവരാണെന്നും ഐതിഹ്യമുണ്ട്). മുരുകന്റെ ശരീരത്തിലെയും തലയിലെയും കോലങ്ങള്‍ കണ്ട ഭദ്രകാളി അത്ഭുതത്തോടെ, ഏകാഗ്രതയോടെ നില്‍ക്കുകയും ക്രമേണ കലി അടങ്ങുകയും ചെയ്തത്രേ. ഇതിന്റെ അനുസ്മരണമാണ് പടയണിക്കോലങ്ങള്‍ എന്നാണ് ഐതിഹ്യം.
പെരുമാള്‍ ചക്രവര്‍ത്തിയുടെ യുദ്ധവിജയങ്ങള്‍ പ്രഘോഷിക്കുന്നതിനായാണ് പടയണി ആരംഭിച്ചതെന്നും മറ്റൊരു ഐതിഹ്യമുണ്ട്.
കടമ്മനിട്ടയുടെ നാട് പടയണിയുടെയും
നെല്ലിന്‍തണ്ടു മണക്കും വഴികള്‍എള്ളിന്‍ നാമ്പുകുരുക്കും വയല്‍കള്‍- കവി കടമ്മിനട്ട തന്നെ തന്റെ നാട്ടിനെ കവിതയില്‍ വരച്ചിട്ടിട്ടുണ്ട്.
പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിന്റെ കിഴക്കേയരികിലെ ഈ കൊച്ചുഗ്രാമത്തിന് ഇപ്പോഴും ഗ്രാമ്യഭംഗി കൈമോശം വന്നിട്ടില്ല. പടയണിയെന്ന അനുഷ്ഠാനകലയിലൂടെയാണ് ലോകം കടമ്മനിട്ടയെഅറിഞ്ഞത്. കവിയുടെ പ്രശസ്തിയും അതിന് സഹായകമായി. പടയണിയുടെ താളവും രൗദ്രഭംഗിയും ആവാഹിച്ചെഴുതിയ കടമ്മനിട്ട കവിതകള്‍ കൈരളി ഏറ്റുചൊല്ലിയതാണ്.
ചൊല്‍ക്കാഴ്ചകളിലൂടെ താളവും ഈണവും കോര്‍ത്തിണക്കി പൊള്ളുന്ന ആശയങ്ങള്‍ കൈരളിക്കു കാഴ്ചവെച്ച കവിയുടെ നാട്ടിലാണ് നാം നില്‍ക്കുന്നത്. ആ കവിതകളിവിടെ ശില്‍പ്പങ്ങളായി ഉറഞ്ഞ് ഉയിര്‍ത്തെഴുന്നേറ്റു നില്‍പ്പുണ്ട്. കടമ്മനിട്ട സ്മൃതിമണ്ഡപവും ഇവിടെയുണ്ട്. അങ്ങിനെ അക്ഷരസ്‌നേഹികളുടെയും പടയണിപ്രിയരുടെയും തീര്‍ഥാടനകേന്ദ്രമാണിവിടം.
പടയണി പത്തനംതിട്ടയിലെ പല ക്ഷേത്രങ്ങളിലും നടക്കുന്നുണ്ടെങ്കിലും കവിയുടെ പ്രശസ്തിയോടെ കടമ്മനിട്ട പടയണിക്കും അല്‍പ്പം കൂടുതല്‍ പ്രശസ്തി കൈവന്നിട്ടുണ്ട്. സര്‍ക്കാര്‍ കടമ്മനിട്ടയെ പടയണിഗ്രാമം ആയി പ്രഖ്യാപിച്ച് ആ വഴിക്കും ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പടയണി നടക്കുന്ന കടമ്മനിട്ട ഭഗവതിക്ഷേത്രത്തില്‍ മേടവിഷു മുതല്‍ പത്തുദിവസത്തെ ഉത്സവവേളയില്‍ വിദേശികളടക്കം ധാരാളം സഞ്ചാരികളെത്തുന്ന സമയമാണ്. ഇതില്‍ മേടം എട്ടിന് നടക്കുന്ന പടയണിയാണ് പ്രധാനം.


VIEW ON mathrubhumi.com