മാനാഞ്ചിറക്കാഴ്ചകള്‍

നഗരം മഹാസാഗരം
92 ലാണ് ആദ്യമായി കോഴിക്കോട് വന്നിറങ്ങിയത്. ഇന്ന് ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നഗരത്തിന് പല മാറ്റങ്ങളും സംഭവിച്ചു, എന്നാല്‍ ചില കാഴ്ചകള്‍ മങ്ങാതെ അന്നത്തെപ്പോലെത്തന്നെ നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്, പലപ്പോഴും. അന്ന് പഴയ മാനാഞ്ചിറ മൈതാനത്തിനുചുറ്റും ഇനാമല്‍ പെയിന്റില്‍ വരച്ച മിഴിവാര്‍ന്ന ചിത്രങ്ങളായിരുന്നു ആദ്യം മനസ്സ് കീഴടക്കിയത്. ചിത്രകാരന്റെ പേരിന്റെ സ്ഥാനത്ത് ഒരു വേലും മണിയും കണ്ട്, ഇങ്ങനെയും ഒരു ചിത്രകാരനോ എന്ന് അത്ഭുതത്തോടെ ചിന്തിച്ചിരുന്നു. ഇളം കാറ്റിലെ കുഞ്ഞോളങ്ങളില്‍ അനേകം സൂര്യബിംബങ്ങള്‍ പ്രതിഫലിപ്പിച്ച് നിന്ന വിശാലമായ മാനാഞ്ചിറ കുളവും ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു.
പിന്നീടൊരു കാലത്ത് ഈ നഗരത്തിന്റെ ഭാഗമായി, ഇടവേളകള്‍ക്ക് ശേഷം വീണ്ടും വന്നുപൊയ്‌ക്കൊണ്ടിരുന്നപ്പോഴും കോഴിക്കോട് പട്ടണത്തിന്റെ ലാളിത്യം അതേപോലെത്തന്നെ നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. വലിയ തിരക്കില്ലാത്ത പാതകള്‍, രുചിയുള്ള നാടന്‍ വിഭവങ്ങള്‍ കിട്ടുന്ന പാരമ്പര്യ ഭക്ഷണശാലകള്‍, ഇളംകാറ്റേറ്റ് നടക്കാന്‍ വൃത്തിയുള്ള കടല്‍ത്തീരം...സിനിമാപ്രേമികള്‍ക്കായി അടുത്ത് തിയേറ്ററുകള്‍, ഒരു പ്രദേശത്തെ ഇഷ്ടപ്പെടാന്‍ വേണ്ട ലക്ഷണങ്ങളൊക്കെ ഒത്തുചേര്‍ന്നിട്ടുണ്ട് കോഴിക്കോടിന്.
മാനാഞ്ചിറയിലെ മനുഷ്യര്‍...
വലിപ്പം കൊണ്ട് അതിവിശാലമൊന്നുമല്ലെങ്കിലും ഒരല്‍പ്പം വിശ്രമം ആഗ്രഹിച്ചുവരുന്നവര്‍ക്ക് ആശ്വാസമായി മാനാഞ്ചിറ മൈതാനം നഗരമധ്യത്തില്‍ നിലനില്‍ക്കുന്നു. ഉച്ചക്ക് രണ്ടരമണിക്കോ മറ്റോ ആണ് മൈതാനവും പാര്‍ക്കും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. വെയില്‍ ചാഞ്ഞു കഴിയമ്പോഴേക്ക് മൈതാനം ആളുകളേക്കൊണ്ട് നിറഞ്ഞിട്ടുണ്ടാവും.
ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഇവിടെ വന്ന് ഒന്നുരണ്ട് സ്‌കെച്ചെങ്കിലും ചെയ്യുന്ന പതിവ് കുറച്ചുകാലമായി തുടരുന്നു. ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഒരു സ്ഥലത്ത് ബുക്കുമായി ഇരുന്ന് വരയാരംഭിക്കും. പലതരം ആളുകള്‍..പല വേഷങ്ങള്‍. ചിലര്‍ ആഘോഷത്തിമിര്‍പ്പിലായിരിക്കുമ്പോള്‍ ചിലയാളുകള്‍ ഏകാന്തതയില്‍ മുഴുകി ബാഹ്യലോകത്തു നിന്ന് അകലം പാലിച്ചിരിക്കുന്നു. കൈവിട്ടുപോയ ജീവിതത്തിന്റെ അടയാളം പേറി ഘനീഭവിച്ചു പോയ ചില മുഖങ്ങള്‍, പ്രത്യാശയുടെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളുമായി പ്രസരിപ്പോടെ ഒരു കൂട്ടര്‍...പാര്‍ക്കിലെ വടവൃക്ഷത്തണലില്‍ മയക്കത്തിലാണ്ട് കുറേപേര്‍! ഒരിക്കല്‍ സുഹൃത്തുമൊന്നിച്ച് തറയോടുകള്‍ പാകിയ നടപ്പാതയിലൂടെ നടക്കവേ, സുമുഖനായ ഒരു ചെറുപ്പക്കാരന്‍ കയ്യിലുള്ള വാകപ്പൂ കൊണ്ട് അവന്റെ കവിളില്‍ തലോടി സുന്ദരനാണല്ലോയെന്ന കോംപ്ലിമെന്റ് കൊടുത്തതും ഒരോര്‍മ്മ.
ഇരുള്‍ പരക്കുമ്പോള്‍ വര നിര്‍ത്തി മിഠായിത്തെരുവിലെ സസ്യഭക്ഷണശാല ലക്ഷ്യമാക്കി നടക്കും. പോകുന്ന വഴി ഒറ്റക്ക് ജാഥ നയിച്ച് അതിന്റെ സമ്മേളനവും നടത്തുന്ന ഒരു വിദ്വാനെ കാണാറുണ്ട് അദ്ദേഹവും മാനാഞ്ചിറയുടെ ഒരു ഭാഗമാണല്ലോ! മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ഗസല്‍ സന്ധ്യയോ മെഹ്ഫിലുകളോ ഉണ്ടാവും ടൗണ്‍ഹാളില്‍. പിന്നീട് രാവേറുവോളം അതിലലിഞ്ഞ് ഇരിക്കുകയാണ് പതിവ്.


View on mathrubhumi.com