ഭാഷയറിയില്ലെങ്കിലും അപ്പുവും ആ വൃദ്ധനും ഒരുപാട് സംസാരിച്ചു... ലാലേട്ടന്റെ നോര്‍വേ ഓര്‍മകള്‍

By: മോഹന്‍ലാല്‍

കുടുംബവുമൊന്നിച്ചുള്ള ദീര്‍ഘമായ അവധിക്കാല യാത്ര പലപ്പോഴും എനിക്കൊരു കിനാവു മാത്രമാണ്. ഊരിപ്പോരാന്‍ സാധിക്കാത്ത തിരക്കുകള്‍ കെട്ടിവരിയുമ്പോഴെല്ലാം ഞാനീ യാത്ര സ്വപ്‌നം കാണും. മിക്കപ്പോഴും നടക്കില്ല. എന്നാല്‍ ഇത്തവണ അത്തരമൊരു യാത്ര കൂടിയേ തീരൂ എന്ന് എന്റെ മനസും ശരീരവും പറഞ്ഞു. മറ്റെല്ലാ തിരക്കുകളും ഉപേക്ഷിച്ച് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സ്വസ്ഥമായ കുറച്ചുദിവസങ്ങള്‍. കാസനോവ എന്ന സിനിമ കഴിഞ്ഞ് മൂന്നുമാസത്തോളം ഞാനതിന് മാറ്റിവെച്ചു. ഓസ്‌ട്രേലിയയില്‍ നിന്നും മകന്‍ അപ്പുവും(പ്രണവ്) ഊട്ടിയില്‍ പഠിക്കുന്ന മകള്‍ മായയും (വിസ്മയ) വന്നു. സുചി ഒരു കുട്ടിയെപോലെ സന്തോഷിച്ചു.

എല്ലാവരും എത്തി. എങ്ങോട്ട് പോകണം എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. എങ്ങോട്ടെങ്കിലും പോകുന്നത് യാത്രയല്ല; അലച്ചില്‍ മാത്രമാണ്. യാത്രയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം വേണം. പ്രത്യേകിച്ചും കുടുംബയാത്രയില്‍. കാണാന്‍ സവിശേഷമായ എന്തെങ്കിലും വേണം, കുട്ടികള്‍ക്ക് പഠിക്കാന്‍ എന്തെങ്കിലുമുണ്ടാകണം. അച്ഛന്‍ എന്ന നിലയില്‍ അത് ഞാന്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.

അങ്ങനെ സ്വയം ആലോചിക്കുകയും സുചിയുമായി ചര്‍ച്ചചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നോര്‍വ്വെ തിരഞ്ഞെടുത്തു. ഭൂമിയിലെ സവിശേഷമായ ഒരു കാഴ്ചയ്ക്കു വേണ്ടി മാത്രമായിരുന്നു നോര്‍വ്വെയിലേക്ക് പോകാനുറച്ചത്. ധ്രുവദീപ്തി എന്ന മലയാളത്തിലും Northern Lights എന്ന് ഇംഗ്‌ളീഷിലും Ayrora Borealis എന്ന് ശാസ്ത്രഭാഷയിലും പറയുന്ന ദൃശ്യം. കാത്തുകാത്തിരുന്നാലും കാണാന്‍ സാധിക്കാത്തത്, കണ്ടാലോ കണ്‍ നിറയുന്നത്.

ദുബായില്‍ നിന്നും കോപ്പന്‍ഹേഗന്‍ വഴിയാണ് ഞങ്ങള്‍ നോര്‍വേയില്‍ എത്തിയത്. തണുപ്പുകാലത്തിന്റെ വിശ്വരൂപമായിരുന്നു ചുറ്റും. മഞ്ഞില്‍ മുങ്ങിയ ഭൂമി, ഉറഞ്ഞ ജലാശയങ്ങള്‍, ഇലകള്‍ കൊഴിഞ്ഞ് ശോഷിച്ച ശിഖരങ്ങളുമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍. എപ്പോഴും ഇരുട്ട്. ചുറ്റുപാടിനെപ്പോലെ തന്നെ മങ്ങിമങ്ങിപ്പോകുന്ന മനസ്. എങ്കിലും ഞങ്ങള്‍ ചിരിച്ചു. ഞാനിപ്പോള്‍ സൂപ്പര്‍സ്റ്റാറോ നടനോ ഒന്നുമല്ല. അപരിചിതമായ ഒരു ദേശത്ത്, എന്റെ മക്കളുടെ അച്ഛനും ഭാര്യയുടെ ഭര്‍ത്താവും മാത്രമായി, തികച്ചും അജ്ഞാതനായി.

പിറ്റേന്ന് പകല്‍, അതേ സ്ഥലത്തെ പള്ളിയില്‍ വെച്ച് അപ്പുവും മായയും കൂടി അയാളെ കണ്ടു. എത്രയൊക്കെപ്പറഞ്ഞിട്ടും അയാള്‍ക്ക് അപ്പുവിനെ മനസ്സിലായില്ല. തലേന്ന് രാത്രിയുടെ ഓര്‍മ്മ തന്നെ അയാളില്‍ ഉണ്ടായിരുന്നില്ല. അത് പറഞ്ഞ് അപ്പു അന്തംവിട്ട് നില്‍ക്കുന്ന ദൃശ്യം ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്.

ലോഫണ്‍ എന്ന സ്ഥലത്തെ യുദ്ധ മ്യൂസിയം ഇങ്ങനെ ഇറങ്ങിക്കണ്ട കാഴ്ച്ചയില്‍ പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മകളാണ് ഈ മ്യൂസിയത്തില്‍ നിറയെ. 1939 മുതല്‍ 1945 വരെയുള്ള സംഭവബഹുലമായ കാലത്തിന്റെ സമഗ്രമായ പ്രതിപാദനം ഈ ചുവരുകള്‍ക്കുള്ളിലുണ്ട്. പട്ടാളക്കാരുടെ വസ്ത്രങ്ങളും ആയുധങ്ങളും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചിത്രങ്ങളും എല്ലാം ചേര്‍ന്ന് വികാര നിര്‍ഭരമായ അനുഭൂതി. ഒരു ജര്‍മ്മന്‍ പട്ടാളക്കാരന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് ഈ മ്യൂസിയം തരുന്നുണ്ട്. അവരില്‍ മിക്കവരും ചെറുപ്പക്കാരായിരുന്നു. ഒരുപാട് കാലമായി വീട് വിട്ട് നില്‍ക്കുന്നവര്‍. കടുത്ത ശൈത്യവും മങ്ങിയ പകലുകളും ഒരിക്കലും തീരില്ല എന്ന് തോന്നു വിധമുള്ള രാത്രികളും ചേര്‍ന്ന് അവരുടെ മനോഘടനകളെ താറുമാറാക്കി. പക്ഷെ പട്ടാളത്തിലെ ചിട്ട അതു പോലെ തുടര്‍ന്നു, യാതൊരുവിധ കനിവുമില്ലാതെ. പലരും ഭ്രാന്തരായി. ഇന്നും ഈ പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി മനോവിഭ്രാന്തികള്‍ ഉണ്ടാവാറുണ്ട്. പ്രകൃതി അത്രമേല്‍ മ്ലാനമാണ്. അതു പോലെ മനസ്സും. ഇരുട്ടിലേക്ക് പോകുമ്പോള്‍ ആളുകള്‍ ഉന്‍മാദികളാകുന്നു.

ട്രോന്‍ഡം (Trondheim) എന്ന തുറമുഖ പട്ടണത്തിലിറങ്ങിയാല്‍ ഒറ്റയടിക്ക് ആയിരം കൊല്ലം മുന്‍പുള്ള ചരിത്രം വന്ന് വലയം ചെയ്യും. അത്രയും പുരാതനമാണ് ഈ സ്ഥലം. ചുരുങ്ങിയത് ആയിരം കൊല്ലത്തെ പഴക്കം. നടന്നു കാണേണ്ട സ്ഥലമാണിത്. രാജകൊട്ടാരവും തണുത്തുകുതിര്‍ന്ന ചന്തകളും പട്ടണ സ്ഥാപകനായ Olavtrygg Vajon ന്റെ പ്രതിമയും കടന്ന് എത്തുന്നത് നോര്‍വെയുടെ ദേശീയ സ്മാരകമായ നിദറോസ് പള്ളിക്ക് മുന്നിലാണ്. മഞ്ഞു പുതച്ച് കിടക്കുന്ന പള്ളി. നനഞ്ഞ കാറ്റില്‍ മണിനാദം. ഇലകൊഴിഞ്ഞ മരങ്ങള്‍. എന്തൊരു സ്വസ്ഥമായ ഇടം.