ഐഫോണ്‍ പത്തിന് എതിരാളിയായ ഗൂഗിളിന്റെ ആ രഹസ്യ സ്മാര്‍ട്‌ഫോണ്‍

ആപ്പിളിന്റെ ഐഫോണ്‍ പത്തിന് ഒരു എതിരാളിയുമായി ഗൂഗിള്‍ എത്തുമെന്ന് വിവരം. ഗൂഗിളിന്റെ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ സ്മാര്‍ട്‌ഫോണുകള്‍ ഈ ആഴ്ച്ച പുറത്തിറങ്ങാനിരിക്കുകയാണ്. എന്നാല്‍ അള്‍ട്രാ പിക്‌സല്‍ എന്ന പേരില്‍ മൂന്നാമതൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ഗൂഗിള്‍ പുറത്തിറക്കിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അരുണ്‍ മെയ്‌നി എന്ന യൂട്യൂബര്‍ക്ക് ഗൂഗിളില്‍ നിന്നും ചോര്‍ന്നുകിട്ടിയ പ്രസന്റേഷന്‍ സ്ലൈഡ് ഷോയില്‍ നിന്നാണ് ഈ വിവരം പുറത്താവുന്നത്. ' ultra pixel made by google' എന്നാണ് പ്രസന്റേഷന്‍ സ്ലൈഡില്‍ ഉണ്ടായിരുന്നത്. ഒപ്പം ബെസല്‍ ലെസ് ഡിസ്‌പ്ലേയോടു കൂടിയ ഒരു ഫോണിന്റെ ചിത്രവും ഉണ്ടായിരുന്നു.
അള്‍ട്രാപിക്‌സല്‍ സ്മാര്‍ട്‌ഫോണിനെ കുറിച്ച് യാതൊരുവിധ റിപ്പോര്‍ട്ടുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ആപ്പിളിന്റെ ഐഫോണ്‍ പത്തിന് ഒരു എതിരാളിയായിരിക്കും അള്‍ട്രാ പിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ എന്നാണ് ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍.
ഡ്യുവല്‍ ക്യാമറയും പ്രത്യേകതരം ഫിംഗര്‍പ്രിന്റ് സ്‌കാനറുമുള്ള ഫോണ്‍ ആയിരിക്കും അള്‍ട്രാ പിക്‌സല്‍ എന്ന് അരുണ്‍ മെയ്‌നി അഭിപ്രായപ്പെടുന്നു. സാധാരണ ആന്‍ഡ്രോയിഡ് ഫോണുകളിലുള്ളത് പോലെയുള്ള നാവിഗേഷന്‍ ബട്ടനുകള്‍ ആയിരിക്കില്ല അള്‍ട്രാ പിക്‌സലില്‍ ഉണ്ടാവുക. പ്രത്യേകിച്ചും ബാക്ക്, ഹോം, വിവിധോപയോഗ ബട്ടനുകള്‍ എന്നിവയില്‍ മാറ്റമുണ്ടാവും. പകരം ഐഫോണ്‍ പത്തില്‍ ഉള്ളതുപോലെ പുതിയ ഫ്‌ളൂയിഡ് ജസ്റ്റര്‍ ആയിരിക്കും നാവിഗേഷനായി ഉണ്ടാവുക.
പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍, അള്‍ട്രാപിക്‌സല്‍ എന്നിങ്ങനെ മൂന്ന് സ്മാര്‍ട്‌ഫോണുകളെ കുറിച്ചാണ് ചോര്‍ന്നുകിട്ടിയ സ്ലൈഡുകളില്‍ പറയുന്നത്. ഒക്ടോബര്‍ 4ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍, പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍, പിക്‌സല്‍ ബുക്ക്, ഹോം മിനി എന്നിവ അവതരിപ്പിക്കുമെന്ന് സ്ഥിരീകരണമുണ്ട്. ഇതോടൊപ്പം അള്‍ട്രാ പിക്‌സല്‍ സ്മാര്‍ട്‌ഫോണും ഉണ്ടാവാനാണ് സാധ്യത.


VIEW ON mathrubhumi.com