വാട്ട്‌മോര്‍ മലയാളം വരെ പഠിച്ചു; അദ്ദേഹത്തിന് നാണക്കേടുണ്ടാക്കാന്‍ പാടില്ല- സച്ചിന്‍ ബേബി

By: കെ.എസ്. കൃഷ്ണരാജ്
ന്യൂട്രല്‍ വേദികള്‍ക്കു പകരം ഹോം ആന്‍ഡ് എവേ രീതി; എലൈറ്റ്, പ്ലേറ്റ് വിഭാഗങ്ങള്‍ക്ക് പകരം നാലു ഗ്രൂപ്പുകള്‍ തുടങ്ങി ഒട്ടേറെ മുഖം മിനുക്കലുകളുമായി എത്തുകയാണ് പുതിയ രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ്‍. ഇത്തവണ കിരീടത്തിനായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്നത് 28 ടീമുകള്‍. അവര്‍ക്കിടയില്‍ നിറഞ്ഞ ആത്മവിശ്വാസവുമായി ഒരുങ്ങുകയാണ് കേരളവും.കേരളത്തിന്റെ അമരക്കാരനായി ഇത്തവണ ടീം മാനേജ്മെന്റ് നിയോഗിച്ചിരിക്കുന്നത് സച്ചിന്‍ ബേബിയെ ആണ്. 2009 മുതല്‍ കേരള മധ്യനിരയിലെ സ്ഥിരസാന്നിധ്യമാണ് ഈ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളുടെ കുപ്പായത്തിലും കണ്ടു ഈ തൊടുപുഴക്കാരനെ. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രഞ്ജിയുടെ അവസാനവട്ട ഒരുക്കങ്ങള്‍ക്ക് മുന്‍പ്, സച്ചിന്‍ ബേബി മാതൃഭൂമിയോട് സംസാരിക്കുന്നു.
ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ സച്ചിന്‍ കേരളത്തെ നേരത്തെയും നയിച്ചിട്ടുണ്ട്. രഞ്ജി ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള നിയോഗം എങ്ങനെ നോക്കി കാണുന്നു?
ഞാന്‍ വലിയ ആത്മവിശ്വാസത്തിലാണ്. ഇത്തവണ കേരളത്തിന്റേത് സന്തുലിതവും ശക്തവുമായ സംഘമാണ്. ടീം ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് മാനേജ്മെന്റ്റ് ആരാഞ്ഞപ്പോള്‍ വലിയ ഒരു ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അറിയിച്ചു.
എത്രത്തോളം പ്രതീക്ഷയുണ്ട് ഈ സീസണില്‍?
കഴിഞ്ഞ സീസണുകള്‍ വിലയിരുത്തിയാല്‍ മനസിലാകും വളരെ ചെറിയ മാര്‍ജിനിലാണ് പലപ്പോഴും കേരളത്തിന് കാലിടറിയതെന്ന്. അത് എല്ലാവരുടെയും മനസിലുണ്ട്. വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക എന്നതാണ് പ്രധാനം. ഇത്തവണ കാര്യമായി തന്നെ തയ്യാറെടുക്കുന്നുണ്ട്. നല്ല പോരാട്ടം കാഴ്ച്ചവയ്ക്കാനാകുമെന്ന ശുഭപ്രതീക്ഷ ഉണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ആണ് കേരളം? ഈ സാഹചര്യം എങ്ങനെ കാണുന്നു?
ബി ഗ്രൂപ്പിലെ പല ടീമുകളുമായും കേരളം മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച കളി പുറത്തെടുത്തവരാണ് മിക്കവരും. എന്നാലും ക്രിക്കറ്റ് എന്നത് ഒരു മൈന്‍ഡ് ഗെയിം ആണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. രഞ്ജി സീസണ് മുന്നോടിയായി നടന്ന കെഎസ്സിഎ ടൂര്‍ണമെന്റില്‍ മുംബൈ, പഞ്ചാബ് പോലെയുള്ള സംഘങ്ങളെ കീഴടക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് പറഞ്ഞത് മനോഭാവം പോസറ്റീവ് ആണെങ്കില്‍ എതിരാളികളെ ഭയക്കേണ്ടതില്ല. പിന്നെ നല്ല ടീമുകള്‍ ഉള്‍പ്പെട്ടതിനാല്‍ നല്ല മത്സരങ്ങളും ഉണ്ടാകുമല്ലോ.
ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ അതിഥി താരങ്ങളായി ഉണ്ടല്ലോ?
ജലജ് മികച്ച ഒരു ആള്‍റൗണ്ടര്‍ ആണ്. ടീമില്‍ മോനിഷിനൊപ്പം ഒരു സ്പിന്നര്‍ കൂടി വേണ്ടത് അനിവാര്യമാണെന്ന് മാനേജ്മെന്റ് മനസിലാക്കി. കഴിഞ്ഞ സീസണിലും ജലജ് നമ്മോടൊപ്പം ഉണ്ടായിരുന്നു. പന്ത് കൊണ്ട് നല്ല പ്രകടനം ആയിരുന്നു. പിന്നെ ബാറ്റിങ്ങില്‍ മിഡില്‍ ഓര്‍ഡറില്‍ ഉപയോഗിക്കാന്‍ പറ്റിയ താരവുമാണ്. അരുണ്‍ കാര്‍ത്തിക്കാകട്ടെ ആഭ്യന്തര സീസണില്‍ മികച്ച റെക്കോഡുള്ള ഒരു താരമാണ്. തമിഴ്നാടിനുവേണ്ടിയും പിന്നീട് അസ്സമിനും വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ രണ്ടു പേരുടെയും പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവും.
താരതമ്യേന ചെറുപ്പക്കാരുടെ ടീമാണല്ലോ ഇത്തവണ?
ടീമില്‍ ഉള്‍പ്പെടുത്തിയിക്കുന്നവര്‍ എല്ലാവരും നല്ല മത്സരപരിചയം ഉള്ളവര്‍ തന്നെയാണ്. എന്റെ നോട്ടത്തില്‍ ടീം സന്തുലിതമാണ്. ജൂനിയര്‍ തലത്തില്‍ ഉള്‍പ്പടെ പല വേദികളില്‍ കളിച്ചു നല്ല പരിചയമുള്ളവര്‍. രോഹന്‍ പ്രേം, അസര്‍, സഞ്ജു, വിഷ്ണു വിനോദ്, ജലജ് എന്നിവര്‍ക്കൊപ്പം അരുണ്‍ കാര്‍ത്തിക് കൂടി വന്നതോടെ ബാറ്റിങ് യൂണിറ്റ് കരുത്താര്‍ജിച്ചിട്ടുണ്ട് . മോനിഷും ജലജ് സക്സേനയും സ്പിന്‍ ഡിപ്പാര്‍ട്മെന്റ് കൈകാര്യം ചെയ്യും. കൂട്ടിന് അക്ഷയ് ഉണ്ട്. പേസ് ബൗളര്‍മാരായി ബേസില്‍ തമ്പിയും സന്ദീപ് വാര്യരും പിന്നെ നിധീഷും.
അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധ നേടിയ ഒരു പറ്റം കളിക്കാര്‍ ഉണ്ടല്ലോ?
വളരെ പോസറ്റീവായ ഒരു കാര്യമാണത്. ഐപിഎല്‍ കളിച്ച ഞാനുള്‍പ്പെടെയുള്ള നാലു പേര്‍. പിന്നെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനുവേണ്ടി കളിച്ച സിജോമോന്‍ സ്റ്റാന്‍ഡ് ബൈ ആണ്. സത്യം പറഞ്ഞാല്‍ പതിനഞ്ചംഗ അംഗ ടീം തിരഞ്ഞെടുപ്പ് കുറച്ചു ബുദ്ധിമുട്ടായിരുന്നു. കഴിവ് തെളിയിച്ച ജൂനിയര്‍ താരങ്ങളെ എങ്ങനെ മാറ്റിനിര്‍ത്തും.
ഇത്തവണ ഹോം ആന്‍ഡ് എവെ ഫോര്‍മാറ്റിലാണല്ലോ മത്സരങ്ങള്‍? ഈ മാറ്റം എത്രത്തോളം ഗുണം ചെയ്യും?
വ്യക്തിപരമായി ഞാന്‍ ഹോം ആന്‍ഡ് എവെ രീതി ഇഷ്ടപ്പെടുന്നു. കഴിഞ്ഞ തവണത്തെ കാര്യം നോക്കൂ. ബംഗാളിലും കട്ടക്കിലും ഭുവനേശ്വറിലും ഒക്കെ ആയിരുന്നു മത്സരങ്ങള്‍. രഞ്ജി ട്രോഫി പോലെ രണ്ടു മാസത്തോളം നീളുന്ന ഒരു ടൂര്‍ണമെന്റില്‍ നാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത് വിഷമമുണ്ടാക്കി. ഹോം മത്സരങ്ങള്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ കളിക്കുന്നത് ഊര്‍ജം നല്‍കും.
പുതിയ പരിശീലകനായ വാട്ട്മോറിന്റെ രീതികളുമായി ടീം പൊരുത്തപ്പെട്ടോ?
കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന ഒരു കോച്ച് ആണ് അദ്ദേഹം. പ്രകടനത്തിലെ മികവിനു പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തി. എത്ര നേരം പരിശീലിക്കുന്നു എന്നതിനേക്കാള്‍ പരിശീലിക്കുന്ന സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്നതിനാണ് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ടീമുകളെ പരിശീലിപ്പിച്ച, ശ്രീലങ്കയെ കീരീടനേട്ടത്തിലേക്ക് നയിച്ച ഒരു വ്യക്തി വരുമ്പോള്‍ തീര്‍ച്ചയായും ആശങ്കകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ വളരെ വേഗം ടീമിനോട് ഇണങ്ങിച്ചേരാന്‍ വാട്ട് മോറിന് കഴിഞ്ഞിട്ടുണ്ട്. തനതായ ഒരു പരിശീലന പദ്ധതി ഉള്ള കോച്ചാണ് വാട്ടമോര്‍. അന്താരാഷ്ട്രതലത്തില്‍ നേട്ടങ്ങളുണ്ടാക്കിയ ഒരു പരിശീലകന്റെ ഖ്യാതി കാത്തുസൂക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. മറ്റൊരു രസകരമായ കാര്യം ഞങ്ങളുടെ കൂടെ കൂടി ഇപ്പൊള്‍ അദ്ദേഹം മലയാളം സംസാരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്.
ഈ സീസണിലെ തയ്യാറെടുപ്പുകള്‍?
കെ.എസ്.സി.എ ടൂര്‍ണമെന്റിനുശേഷം ചെന്നൈയില്‍ ക്യാമ്പ് കഴിഞ്ഞു. ശനിയാഴ്ച മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 15 ദിവസത്തേക്ക് മറ്റൊരു ക്യാമ്പ് കൂടിയുണ്ട്.


VIEW ON mathrubhumi.com