ഈ പുറമ്പോക്കിലെ ഓലപ്പുരയിലുണ്ട്; ഒരിന്ത്യന്‍ താരം

By: നോബിള്‍ ജോസ്‌
ഒലവക്കോട്: കനാല്‍ പുറമ്പോക്കിലെ ഓലപ്പുരയിലെത്തുമ്പോള്‍ ബാദുഷ കോയമ്പത്തൂരില്‍നിന്ന് വന്നതേയുള്ളൂ. 'അവിടെ ബൂട്ടിന് വിലക്കുറവുണ്ടെന്നറിഞ്ഞ് വാങ്ങാന്‍ പോയതാണ്. പൈസ തികഞ്ഞില്ല. അതിനാല്‍ തിരിച്ചുപോന്നു.' ഇന്ത്യന്‍ സ്‌കൂള്‍ ഫുട്ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ ബാദുഷ പറഞ്ഞു.
പിതാവിനെ കണ്ട ഓര്‍മയില്ല, സ്വന്തം വീടില്ല. കനാലോരത്തെ പുറമ്പോക്കില്‍ കെട്ടിയ ഓലപ്പുരയില്‍നിന്ന് ഒരു ഇന്ത്യന്‍ താരം ഉയിരെടുക്കുകയാണ്. ഉമ്മ കൂലിപ്പണിയെടുത്താണ് ഉപജീവനം.
ഏഷ്യന്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ബാദുഷ വരുന്നത് പുതുപ്പരിയാരം വ്യവസായ എസ്റ്റേറ്റിനടുത്തുള്ള കനാല്‍ വരമ്പിലെ പുറമ്പോക്ക് ഭൂമിയില്‍നിന്നാണ്. ഇത്തവണ ഇറാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനുവേണ്ടി ഗോള്‍വല കാത്തതിന്റെ അഭിമാനമുണ്ട് ബാദുഷയുടെ മുഖത്ത്; ഇന്ത്യ പരാജയപ്പെട്ടതിന്റെ ദുഖവും. ഇറാനെതിരെയും കൊറിയക്കെതിരെയും ഇന്ത്യയുടെ ഗോള്‍വല കാത്തത് ബാദുഷയായിരുന്നു. കരുത്തരായ കൊറിയയോട് 3-2 നാണ് ഇന്ത്യ തോറ്റത്.
മകന്‍ പന്തുകളിക്കുന്നത് ആദ്യമൊക്കെ ഖദീജക്ക് ഇഷ്ടമായിരുന്നില്ല. വീഴുമെന്ന പേടി. മൂന്നുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. പിന്നെ വാശിയായിരുന്നു. മകനെ നന്നായി വളര്‍ത്തുക. കനാല്‍ ഓരത്ത് ചായ്പ് കെട്ടിയായിരുന്നു താമസം.
മകന് ഒരു വയസുള്ളപ്പോള്‍ അങ്കണവാടിയിലാക്കിയശേഷം എട്ട് വീടുകളില്‍ പണിക്കുപോയിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും കിട്ടുന്ന തൊഴിലുറപ്പുപണിയാണ് വരുമാനമാര്‍ഗം. മോന്‍ അഞ്ചില്‍! പഠിക്കുമ്പോള്‍ ഖദീജ രണ്ടുമുറിവീട് കെട്ടി. സ്വയം ഇഷ്ടികയുണ്ടാക്കിയായിരുന്നു നിര്‍മാണം. ക്ളാസ് വിട്ടുവന്ന് മകനും സഹായിക്കും. ഓലമേയാന്‍ മാത്രമാണ് പുറമേനിന്ന് ആളെ വിളിച്ചതെന്ന് ഖദീജ പറഞ്ഞു. ആദ്യമൊക്കെ ജലസേചനവകുപ്പ് അധികൃതര്‍ പുര പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. വാര്‍ഡ് അംഗവും മറ്റുള്ളവരും ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്.
ബാദുഷ നാല് വര്‍ഷം ജില്ലാ സ്‌കൂള്‍ ടീമിലും കഴിഞ്ഞവര്‍ഷം കേരള ടീമിലും കളിച്ചു. മുട്ടിക്കുളങ്ങര ജനമൈത്രി ഫുട്ബോള്‍ അക്കാദമിയിലെ പരിശീലകന്‍ വിവേകാനന്ദനാണ് ബാദുഷയുടെ വഴി മാറ്റിയതെന്നുപറയാം. സ്‌കൂള്‍ കായികാധ്യാപകന്‍ കെ. രാമചന്ദ്രനും മറ്റ് അധ്യാപകരും കൂട്ടുകാരുമൊക്കെ സഹായിക്കും. കളിക്കാന്‍ പോകാനുള്ള ചെലവുപോലും അവരാണ് നല്‍കിയിരുന്നത്.
ഉമ്മയെ നന്നായി നോക്കണം. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കണം. പുതുപ്പരിയാരം സ്‌കൂളിലെ ഈ പ്ളസ് വണ്‍ വിദ്യാര്‍ഥിയുടെ മോഹങ്ങള്‍ ഇതാണ്. മകന്‍ നല്ല കുട്ടിയാണെന്നുള്ള സന്തോഷമുണ്ട് ഈ ഉമ്മയ്ക്ക്. സ്വന്തമായൊരു വീട്... ഏറ്റവും വലിയ ആഗ്രഹമാണത്. മോന്‍ വലുതാകട്ടെ. എല്ലാം അവന്‍ നോക്കിക്കോളും... ഖദീജ ആശ്വസിക്കുന്നു.


VIEW ON mathrubhumi.com