ഇനി നാലമ്പലക്കാലം

കർക്കടകത്തിലെ നാലമ്പലതീർത്ഥാടനത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. 17 തിങ്കളാഴ്ചയാണ് കർക്കടകം ഒന്ന്. രാമായണമാസത്തിൽ ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രത്തിൽ ഒരേദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് കണക്കാക്കുന്നത്.
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽനിന്നാരംഭിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം എന്നിവിടങ്ങളിൽ തൊഴുത് പായമ്മൽ ശത്രുഘ്‌നക്ഷേത്രത്തിൽ അവസാനിക്കുന്നതാണ് നാലമ്പലതീർത്ഥാടനം. തൃപ്രയാറിൽ പുലർച്ചെ മൂന്നിന് നടതുറക്കും. ഈ സമയം മുതൽ ഭക്തർക്ക് മതിൽക്കകത്തേക്ക് പ്രവേശിക്കാം.
3.30 മുതൽ ദർശനത്തിന് സൗകര്യമുണ്ടാകും. 5.15 മുതൽ 6.15 വരെയും 6.30 മുതൽ 7.15 വരെയും ദർശനമുണ്ടാകില്ല. അതിനുശേഷം ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും ദർശനം നടത്താം. വെടിയും മീനൂട്ടും അവിലുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. തൃപ്രയാർ ക്ഷേത്രത്തിലെ ഫോൺ: 0487 2391375.
തൃപ്രയാറിൽനിന്ന് 24 കിലോമീറ്റർ ദൂരെയുള്ള ഇരിങ്ങാലക്കുട ഭരതക്ഷേത്രത്തിലേക്കാണ് പോകേണ്ടത്. മൂന്നുപീടികയിൽനിന്നും എടമുട്ടത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞാൽ ഇരിങ്ങാലക്കുടയെത്താം. പഴുവിൽനിന്നും ഇരിങ്ങാലക്കുടയിലെത്താനാകും. കൂടൽമാണിക്യം ക്ഷേത്രത്തിൽ പുലർച്ചെ മൂന്നിന് നടതുറക്കും. 11.30 വരെയാണ് ദർശനസമയം. തിരക്കുള്ള ദിവസങ്ങളിൽ മുഴുവൻ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം നൽകും.7.15 മുതൽ 8.15 വരെയും 10.45 മുതൽ 11.15 വരെയും നട അടയ്ക്കും. വൈകീട്ട് അഞ്ചുമുതൽ 8.15 വരെ ദർശനം നടത്താം. താമരമാല, തട്ട് നിവേദ്യം, മീനൂട്ട്, വെടി, വഴുതനങ്ങനിവേദ്യം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഫോൺ: 0480 2826631
മൂന്നാമത് ദർശനം നടത്തേണ്ടത് മൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലാണ്. ഇരിങ്ങാലക്കുടയിൽനിന്ന് 31 കിലോമീറ്ററുണ്ട് ഇവിടേക്ക് ദൂരം. മാളയിൽനിന്ന് അന്നമനട വഴി 12 കിലോമീറ്റർ പോയാൽ പാലക്കടവ് പാലം. പാലം ഇറങ്ങി വലത്തോട്ട് തിരിഞ്ഞാൽ മൂഴിക്കുളം ക്ഷേത്രത്തിലെത്താം. പുലർച്ചെ നാലുമുതൽ 12 വരെയാണ് ദർശനസമയം. തിരക്കുള്ള ദിവസങ്ങളിൽ രണ്ടുമണിവരെ ദർശനമുണ്ടാകും. വൈകീട്ട് നാലുമുതൽ ഒൻപതുവരെയും ദർശനം നടത്താം. പാൽപ്പായസവും ഒറ്റയപ്പവുമാണ് പ്രധാന വഴിപാടുകൾ. ഫോൺ: 0484 2470374
മൂഴിക്കുളത്തുനിന്ന് പായമ്മലിലെത്താം. ശത്രുഘ്‌നക്ഷേത്രമാണിത്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിൽ അരിപ്പാലത്തുനിന്ന് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം. നാലമ്പലതീർത്ഥാടനത്തിലെ അവസാന ക്ഷേത്രമാണിത്. പുലർച്ചെ 5.30 മുതൽ രണ്ടുവരെയും വൈകീട്ട് 4.30 മുതൽ ഒൻപതുവരെയും ക്ഷേത്രദർശനത്തിന് സൗകര്യമുണ്ട്. ശത്രുസംഹാരപുഷ്പാഞ്ജലി, സുദർശനപുഷ്പാഞ്ജലി, സുദർശനചക്രം തിരുനടയിൽ സമർപ്പിക്കൽ, സുദർശനചക്രം പൂജിച്ച് നൽകൽ എന്നിവയാണ് പ്രധാന വഴിപാടുകൾ. കർക്കടകമാസത്തിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ 5000 പേർക്ക് പ്രസാദഊട്ടുണ്ട്. അവധിദിവസങ്ങളിൽ 10000 പേർക്കാണ് പ്രസാദഊട്ട്. ഫോൺ: 0480 3291396


VIEW ON mathrubhumi.com
Read this story in English

READ MORE SPIRITUALITY STORIES: