പുണ്യം നിറഞ്ഞ മഹാനവമി

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒമ്പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസമാണ് പ്രാധാന്യം നല്‍കിപ്പോരുന്നത്. നവരാത്രിയിലെ ഏറ്റവും പുണ്യംനിറഞ്ഞ ദിനമാണ് മഹാനവമിയെന്നാണ് വിശ്വാസം. വിദ്യാര്‍ഥികള്‍ അക്ഷര (പുസ്തക) പൂജ, മുതിര്‍ന്നവര്‍ ആയുധ (ഉപകരണ) പൂജ എന്നിവ നിര്‍വഹിക്കുന്നത് ഇന്നാണ്. ഈ ദിവസം അക്ഷരം നോക്കുകയോ ഉപകരണം ഉപയോഗിക്കുകയോ പാടില്ലെന്ന ആചാരം കേരളത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മറ്റെവിടെയും ഈ ആചാരമില്ല എന്നതും ശ്രദ്ദേയമാണ്. 

എതിഹ്യകഥയനുസരിച്ച് ദേവി മഹിഷാസുരനെ നിഗ്രഹിച്ച് വിജയം നേടുന്നത് മഹാനവമിയിലാണ്. ആ വിജയാഘോഷമാണ് വിജയദശമിയില്‍ ആചരിക്കുന്നത്. മൈസൂരിലാണ് മഹിഷാസുരന്‍ വാണതെന്നും നിഗ്രഹശേഷം ദേവി അവിടെയുള്ള ചാമുണ്ഡി പര്‍വതത്തില്‍ ഇളകൊണ്ടുവെന്നുമുള്ള വിശ്വാസത്തില്‍ മൈസൂരിലെ ആഘോഷം അതുല്യമോടിയുള്ളതാണ്.

മറ്റൊരു വിശ്വാസപ്രകാരം രാവണനിഗ്രഹത്തിനായി ശ്രീരാമന്‍ വ്രതമെടുത്തതും മഹാനവമിയിലാണെന്നും കരുതുന്നു. മഹാനവമിയോടനുബന്ധിച്ച് ദേവീക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രശസ്തമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വലിയ ഭക്തജനപ്രവാഹമാണ്. ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന രഥോത്സവം ചരിത്രപ്രസിദ്ധമാണ്. 

വിജയദശമി ദിനമായ നാളെ പുലര്‍ച്ചെമുതല്‍ മൂകാംബികയില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. നിരവധി കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുന്നതും അഭ്യസിച്ച വിദ്യകള്‍ അരങ്ങേറുന്നതും ഇന്നാണ്. കേരളത്തില്‍ തുഞ്ചന്‍ പറമ്പില്‍ നാളെ ആയിരങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തും.



View on mathrubhumi.com

READ MORE SPIRITUALITY STORIES: