ശ്രീകൃഷ്ണജയന്തി

By: മാതാ അമൃതാനന്ദമയി ദേവി
മക്കളേ, ശ്രീകൃഷ്ണഭഗവാനെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെമനസ്സിൽ ആദ്യമായി കടന്നുവരുന്ന ചിന്തകളും വാക്കുകളും എന്തായിരിക്കും. ഉത്തരം പറയുക പ്രയാസമാണ്. പലർക്കും അത് പല രീതിയിലായിരിക്കും. കാരണം നമ്മുടെ ചിന്തകൾക്കും സങ്കല്പങ്ങൾക്കും പിടിതരാത്ത ആളാണ് കൃഷ്ണൻ. എങ്കിലും ഒന്നു പറയാം അവിടുത്തെ ലീല മധുരമാണ് മോഹനമാണ് സുന്ദരമാണ്. മയിൽപ്പീലിയും ഓടക്കുഴലും ഹരിചന്ദനവും തുളസിമാലയും ഭഗവാന് പ്രിയപ്പെട്ടവയാണല്ലോ. മയിൽപ്പീലിയുടെ മനോഹാരിതയും ഓടക്കുഴൽ നാദത്തിന്റെ മാധുര്യവും ഹരിചന്ദനത്തിന്റെ ഹൃദ്യതയും തുളസിയുടെ നൈർമല്യവും കൃഷ്ണന്റെ രൂപത്തിൽ മാത്രമല്ല ഭാവത്തിലും കർമത്തിലും നിറഞ്ഞുനിൽക്കുന്നു.
കൃഷ്ണന്റെ അനന്തഭാവങ്ങളെക്കുറിച്ച് കവികൾ വാഴ്ത്താറുണ്ട്. അതുല്യനായ ധർമരക്ഷകൻ, സമർഥനായ രാഷ്ട്രതന്ത്രജ്ഞൻ, മഹത്തായ ഗീതയുടെ ഉപദേശകൻ, അജയ്യനായ പോരാളി. എല്ലാം ശരിയാണ്. എന്നാൽ ഇവയ്ക്കെല്ലാമുപരി കൃഷ്ണൻ പ്രേമസ്വരൂപനാണ്, പ്രേമദായകനാണ്. ആ പ്രേമസ്വരൂപന്റെ ആകർഷണവലയത്തിൽ ഗോപികമാരും ഗോപന്മാരും മാത്രമല്ല സർവചരാചരങ്ങളും അധീനരായി. യഥാർഥത്തിൽ ഭഗവാൻ അവതരിക്കുന്നതുതന്നെ ഭക്തർക്കുവേണ്ടിയാണ്. ഈശ്വരപ്രേമം ജനഹൃദയങ്ങളിൽ ഉണർത്താൻവേണ്ടിയാണ്.
പ്രേമത്തിനു മൂന്നുഭാവങ്ങളുണ്ട് എന്നു പറയാറുണ്ട്. ഒന്ന്‌ ഉപ്പന്റെ അഥവാ ചെമ്പോത്തിന്റെ ഭാവം. ചെമ്പോത്ത് ചന്ദ്രനെ കാണുമ്പോൾ എല്ലാംമറന്ന് ചന്ദ്രനെത്തന്നെ നോക്കിനിൽക്കും. ആ അമൃതരശ്മി ആവോളം പാനം ചെയ്യും. മറ്റൊരുചിന്തയും ഇല്ല. അതുപോലെ യഥാർഥഭക്തൻ സദാ ഈശ്വരസ്മരണയിൽ മുഴുകിയിരിക്കും. രണ്ടാമത്തേത് വേഴാമ്പലിന്റെ വിരഹ ഭാവമാണ്. വേഴാമ്പൽ മഴവെള്ളത്തിനായി ദാഹിച്ചുകൊണ്ടേയിരിക്കും. എന്നാൽ, ദാഹം കൊണ്ട് തൊണ്ടപൊട്ടിയാലും പ്രാണൻ പോയാലും കുളത്തിലെയോ കിണറ്റിലേയോ വെള്ളം കുടിക്കില്ല. മഴവെള്ളം കൊണ്ടുമാത്രമേ അതു തൃപ്തനാകൂ. ഇതുപോലെ ഭക്തൻ ലോകസുഖങ്ങളിൽ ഒട്ടും താത്‌പര്യമില്ലാതെ ഈശ്വരപ്രാപ്തിക്കായ് കേണുകൊണ്ടിരിക്കും. ഭക്തിയുടെ പൂർണതയിലേക്കുള്ള പ്രയാണദശയാണ് അത്. ഇനിയുള്ളത് ഇയ്യാംപാറ്റയുടെ ഭാവമാണ്.
വിരഹശേഷമുള്ള കൂടിച്ചേരലിന്റെ ഭാവം. അഗ്നിയെ കാണുമ്പോൾ അന്ധമായ ആവേശത്തോടെ ഇയ്യാംപാറ്റ അഗ്നിയിലേക്കു കുതിക്കുന്നു. തന്നെത്തന്നെ ആഹൂതിചെയ്ത് പ്രിയനുമായി ഒന്നായിത്തീരുന്നു. പിന്നെ അവിടെ രണ്ടില്ല. താനില്ല. എന്നാൽ ഗോപികമാർ തേടിയ ഭഗവാനാകുന്ന അഗ്നി അമൃതസ്വരൂപമാണ്. അതിൽ ദഹിച്ചാൽ മരണമല്ല, അമൃതത്വമാണ് ഫലം. ഈശ്വരസ്മരണയിലൂടെ പ്രേമത്തെ ഉണർത്തി വിരഹത്തിലൂടെ വളർത്തി ഒടുവിൽ ഒന്നായിത്തീരുന്നു.
ഭക്തന്റെ സ്ഥാനമാനങ്ങളോ ജാതിയോ കുലമഹിമയോ പ്രഭുത്വമോ ഒന്നും ഭഗവാൻ നോക്കുന്നില്ല. ഹൃദയശുദ്ധിയാണ് അവിടുന്നു നോക്കുന്നത്. വെറും ഇടയപ്പെണ്ണുങ്ങളായ ഗോപികമാർ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവരായി മാറിയത് അതുകൊണ്ടാണ്. ദുര്യോധനന്റെ രാജകീയ സത്കാരം വേണ്ടെന്നുവെച്ച് വിദുരരുടെ വീട്ടിൽ ഭഗവാൻ അന്തിയുറങ്ങിയതും അതുകൊണ്ടുതന്നെ. വിരൂപയും കൂനിയുമായ കുബ്ജയിൽ ഭഗവാൻ സൗന്ദര്യംകണ്ടതും അതുകൊണ്ടുതന്നെ. അമ്മ


VIEW ON mathrubhumi.com