ലക്ഷം തവണയില്‍ ഒരിക്കല്‍ ലഭിക്കുന്ന ഈ അവസരം പാഴാക്കരുത്

By: സദ്ഗുരു, ഈഷാ ഫൗണ്ടേഷന്‍
ചോദ്യം : സദഗുരോ പ്രപഞ്ചത്തിലുള്ള സര്‍വതും സൃഷ്ടിയുടെ ഭാഗമാണല്ലോ. അങ്ങനെ വരുമ്പോള്‍ നമ്മുടെ ശരീരവും ബുദ്ധിയും മനസ്സുമെല്ലാം സൃഷ്ടിയുടെ ഭാഗങ്ങള്‍ തന്നെയല്ലേ? പ്രപഞ്ചശില്‍പിയുടെ ആ മഹാപ്രതിഭ തന്നെയല്ലേ നമ്മളിലും പ്രതിഫലിക്കുന്നത്? എന്നിട്ടും നമ്മുടെ വിചാരവികാരങ്ങളിലും, പ്രവര്‍ത്തികളിലും പാകപ്പിഴകള്‍ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? എവിടെയാണ് ആ കണ്ണി വിട്ടുപോയിട്ടുള്ളത്? എങ്ങനെയാണ് നമുക്കതിനെ വീണ്ടും കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുക?
സദ്ഗുരു : നിങ്ങളുടെ ചോദ്യം മനസിലായി. എവിടെ അല്ലെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ കാര്യങ്ങള്‍ കൂട്ടിക്കുഴച്ചു എന്ന് അല്ലെ? പ്രപഞ്ചത്തിലെ എല്ലാ ജീവികളും ഒരുപോലെയാണ്. ഏകകോശജീവിയായ അമീബപോലും ഈ കാര്യത്തില്‍ വ്യതസ്തമല്ല. ജീവന്‍ നിലനിര്‍ത്താനായി ഓരോന്നും അതാതിന്റേതായ രീതിയില്‍ പാടുപെടുന്നു, പൊരുതുന്നു. ഓരോന്നിനും ഉണ്ട് തനതായ ഒരു ജീവിതദൗത്യം. ഓരോന്നും ജീവിക്കുന്നു, സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നു, മരിക്കുന്നു - ഏറ്റവും ചെറിയ അണുജീവി മുതല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ വരെ. ഏതെല്ലാം തരത്തിലും, തലത്തിലുമാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുന്നത്. വ്യത്യസ്തമായ, വൈവിധ്യമാര്‍ന്ന എണ്ണമറ്റ ജീവജാലങ്ങളുണ്ട് ഈ ഭൂമിയില്‍, എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. സങ്കീര്‍ണമായ ജീവനേക്കാള്‍ സരളമായ ജീവനാണ് പ്രകൃതിയോട് ഏറ്റവും ചേര്‍ന്നുപോകുന്നത്.
തടാകജലത്തില്‍ ഒഴുകിനടക്കുന്ന ഏറ്റവും ചെറിയ ജീവിയാണ് അമീബ. അത് അവസരം കിട്ടുമ്പോഴൊക്കെ തലയുയര്‍ത്തി വിളിച്ചുപറയുന്നില്ല 'ഞാനൊരു അമീബയാണ്' എന്ന്. അത് ആ തടാകത്തില്‍ അതിന്റെതന്നെ ഒരു ഭാഗമായി ജീവിക്കുന്നു. അമീബ മാത്രമല്ല കോടാനുകോടി ജീവികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. അവയ്‌ക്കൊന്നും തനതായ ഒരു പ്രകൃതമില്ല എന്നു വിചാരിക്കരുത്. നിശ്ചയമായും ഉണ്ട്, അവയ്ക്ക് അവയുടേതായ സംഘബലമുണ്ട്, സംഘങ്ങള്‍ തമ്മില്‍ പോരാട്ടങ്ങള്‍ ഉണ്ട്, നിലനില്‍പിനുവേണ്ടി ക്ലേശിക്കുന്നുണ്ട്, പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടുന്നുണ്ട്, വ്യാപാരം വിപുലീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അവ നിങ്ങളുടെ ശരീരത്തിലേക്ക് കടന്നുകയറുമ്പോള്‍ നിങ്ങള്‍ക്ക് പണി കിട്ടിയതുതന്നെ. സൃഷ്ടി നിരീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാം, എത്ര ചിട്ടയോടും തന്ത്രപരമായുമാണ് അവ സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ഉറുമ്പായാലും, പേനായാലും, മൂട്ടയായാലും അവയുടെ ജീവിത വൈഭവം അവിശ്വസനീയം തന്നെ!
ഭക്ഷണത്തിന്റെ കാര്യമായാലും, പാര്‍പ്പിടത്തിന്റെ കാര്യമായാലും, ആത്മരക്ഷയുടെ കാര്യമായാലും, വംശവൃദ്ധിയുടെ കാര്യമായാലും അവയുടെ ഓരോ നീക്കത്തിനും തനതായ ഒരുരീതിയുണ്ട്; മുന്നൊരുക്കങ്ങളും ആലോചനകളുമുണ്ട്. ജന്മവാസന അനുസരിച്ച് മാത്രമല്ല അവ ജീവിക്കുന്നത്. അതിനുപിന്നില്‍ അവരുടേതായ ആലോചനകളും തീരുമാനങ്ങളും ഉണ്ട്. ജന്മവാസനയെ മാത്രമാണ് അവ ആശ്രയിക്കുന്നതെങ്കില്‍, എല്ലാ സന്ദര്‍ഭങ്ങളിലും അവയുടെ പെരുമാറ്റം ഒരേ മട്ടിലാകുമായിരുന്നു. എന്നാല്‍ അങ്ങനെയല്ല കണ്ടുവരുന്നത്, പല സന്ദര്‍ഭങ്ങളിലും അവയുടെ പ്രതികരണം പല രീതിയിലാണ്.
നമ്മുടെ ബുദ്ധിശക്തിയുടെ കോടിയിലൊരംശമേ അവയില്‍ കാണൂ, എന്നാല്‍ അവയുടെ കാര്യം നോക്കാന്‍ അവയ്ക്ക് നൂറു മിടുക്കാണ്. മൂട്ടയായാലും, പുഴുവായാലും - ഒരു ജീവിയേയും തരംതാഴ്ത്തി കാണരുത്. ഒരു മൂട്ടയുടെ ജീവിതം സമര്‍ത്ഥമായി ജീവിക്കാന്‍വേണ്ട ശരീരവും, തലച്ചോറും, കഴിവുകളും അതിനുണ്ട്. ഒരു കുറവേ അതിനുള്ളൂ, പരിണാമത്തിന്റെ പടികള്‍ കയറാനുള്ള ശേഷി അതിനില്ല. നിന്നിടത്തു നില്‍ക്കാനേ അതിനാവൂ. അതിന്റെ ബുദ്ധിശക്തിക്ക് കൂടുതല്‍ വളരാനാവില്ല. അതിനെ ഒരുതരത്തിലും രൂപാന്തരപ്പെടുത്താനാവില്ല. അടിസ്ഥാനപരമായ, ഏറ്റവും ശുദ്ധമായ ബുദ്ധി - ബോധത്തെ കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ബോധം എന്നാല്‍ ജീവന്‍ തന്നെയാണ്.
ഒരു മൂട്ടയെ ധ്യാനം ശീലിപ്പിക്കാന്‍ നമുക്ക് സാധിക്കില്ല. അതിനെക്കുറിച്ചല്ല നമ്മുടെ ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍ ഒരു മൂട്ടക്ക് മണിക്കൂറുകളോളം - ചിലപ്പോള്‍ ദിവസങ്ങളോളം തന്നെ തീര്‍ത്തും നിശ്ചലമായിരിക്കാന്‍ സാധിക്കും - അത് സ്വാഭാവികമായ ഒരു കഴിവാണ്. ആഹാരം അരികിലുണ്ട് എന്നറിയുമ്പോഴേ അത് ചലിക്കുന്നുള്ളൂ, അല്ലെങ്കില്‍ തക്കതായ മറ്റെന്തെങ്കിലും കാരണം ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ അത് അവിടെത്തന്നെ അനങ്ങാതിരിക്കും - ഊര്‍ജം ഒരു തരിപോലും പാഴാക്കില്ല. നമ്മള്‍, മനുഷ്യര്‍ അതെങ്കിലും മൂട്ടയെക്കണ്ട് പഠിക്കേണ്ടതാണ്. അതിന് അനങ്ങാതിരിക്കാം, പക്ഷെ ധ്യാനിക്കാനാവില്ല, കാരണം അതിന്റെ ബോധം സ്ഥാനസ്ഥമാണ്, ഒരേ സ്ഥാനത്തുമാത്രം ഉറച്ചു നില്‍ക്കുന്നതാണ്.
എന്നാല്‍ മനുഷ്യന്റെ ബോധം അതീവ ഊര്‍ജസ്വലമാണ്, ചൈതന്യവത്താണ്. അതുകൊണ്ട് ശരീരത്തിന്റെയും മനസ്സിന്റെയും ഘടനകളെ കവച്ചുവെച്ച് അനന്തമായ ബോധത്തിലേക്ക് ഉയര്‍ന്നെത്താനുള്ള കഴിവ് അവനുണ്ട് - ആ വിശ്വചേതന അവനവനില്‍നിന്നും ബാഹ്യമായിട്ടുള്ളതാണ്. ബോധം സ്ഥാനസ്ഥ (static) മായിരുന്നെങ്കില്‍ ഈ പരിമിതികള്‍ ലംഘിക്കാന്‍ മനുഷ്യന് സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ പ്രജ്ഞ പരിണാമദിശകളിലൂടെ വളരെ വിശേഷപ്പെട്ട ഒരു നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യനെന്ന നിലയിലുള്ള എല്ലാ പരിമിതികളേയും ലംഘിച്ച് പരിണാമത്തിന്റെ ഏറ്റവും ഉയര്‍ന്ന പടിയിലേക്ക് കുതിക്കാനും അവന് സാധിക്കും.
അത്രക്കൊന്നും അതിനുവേണ്ടി പാടുപെടെണ്ടതില്ല എന്നതാണ് നിങ്ങളുടെ നിലപാട് എങ്കിലും വലിയ കാര്യമൊന്നുമില്ല കാരണം ഒരു ദിവസം ഒരുപക്ഷെ രണ്ടുകോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാകാം ഈ പരിമിതമായ ബോധം അനന്തമായ ആ ബോധത്തില്‍ വിലയം പ്രാപിക്കുകതന്നെ ചെയ്യും. എന്നാല്‍ ആത്മീയ വീഥിയിലൂടെ യാത്ര തുടങ്ങിയവര്‍ക്ക് അത്രത്തോളം കാത്തിരിക്കാനുള്ള ക്ഷമയില്ല. പരമപദം പൂകാനുള്ള തിടുക്കത്തിലാണവര്‍. പരിണാമത്തിന്റെ മന്ദഗതി അവര്‍ക്ക് തീരെ പറ്റില്ല. ഈ ജന്മത്തില്‍ത്തന്നെ മോക്ഷപ്രാപ്തി എന്നതാണ് അവരുടെ ലക്ഷ്യം. പരമമായ ആ സ്ഥാനം എന്താണെങ്കിലും അത് ഈ ആയുസ്സില്‍തന്നെ കൈവരിക്കണം എന്നതാണ് അവരുടെഏറ്റവും വലിയ ആഗ്രഹം. ഒരാള്‍ കാത്തിരിക്കാനാണ് ഭാവമെങ്കില്‍ അതില്‍ തെറ്റില്ല, എന്നാല്‍ മനുഷ്യനെന്ന നിലയിലുള്ള അപൂര്‍വ സിദ്ധികളും, അസുലഭ അവസരങ്ങളും അടുത്ത ജന്മത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊള്ളണമെന്നില്ല. നിങ്ങളുടെ കര്‍മവാസനകള്‍ വരും ജന്മങ്ങളില്‍ ഏതുവഴിക്കാണ് നിങ്ങളെ തിരിക്കുക എന്ന് ആര്‍ക്കറിയാം?
ഭൂമിയില്‍ ഏഴായിരം കോടി ജനങ്ങളുണ്ട് എന്ന് കണക്കുകള്‍ പറയുന്നു. ഒരു സ്ഥലത്ത് ശാന്തമായിരുന്ന് ഒരാഴ്ചയോളം ധ്യാനത്തില്‍ മുഴുകാന്‍ അതില്‍ എത്ര പേര്‍ക്ക് അവസരം കിട്ടുന്നു? ഒരു ശതമാനം പേര്‍ക്ക് പോലും ആ ഭാഗ്യം കിട്ടുകയില്ല എന്നതു നിശ്ചയം. ആഗ്രഹിച്ചാല്‍പോലും അവര്‍ക്കതിന് സാധിക്കുകയില്ല. ഈ ജന്മത്തിലെ കാര്യം ഇങ്ങനെയാണെന്നിരിക്കെ, വരും ജന്മങ്ങളിലെ കഥ ആരറിഞ്ഞു? ഒരു പക്ഷെ ഒരു പാറ്റയായിട്ടാണ് നിങ്ങള്‍ തിരിച്ച് വരുന്നതെങ്കിലോ? ഞാന്‍ നിങ്ങളെ പിടിച്ചിരുത്തി ധ്യാനം പഠിപ്പിക്കുമെന്ന് വിചാരിക്കുന്നുണ്ടോ?
അവസരം വരുമ്പോള്‍, പരമപദം പൂകാനുള്ള സാദ്ധ്യത തന്നില്‍ സ്വാഭാവികമായും അടങ്ങിയിരിക്കുന്നു എന്ന ബോധാമുണരുമ്പോള്‍, പിന്നെ വൈകരുത്. ആ അവസരം പരമാവധി പ്രയോജനപ്പെടുത്തുകതന്നെ വേണം. ഇനിയൊരിക്കല്‍ ഇങ്ങനെ ഒരവസരം നിങ്ങളെ തേടി വരണമെന്നില്ല. അത് അടുത്ത ഭാവിയില്‍ എപ്പോഴെങ്കിലും ആയിരിക്കുമെന്നും പ്രതീക്ഷിക്കാന്‍ വയ്യ. ചിലര്‍ക്ക് പൊടുന്നനെ ഒരു ഉള്‍ക്കാഴ്ച ഉണ്ടാകും, അതിനെ തുടര്‍ന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തലുകളുണ്ടാകും. എന്നാല്‍ അത്തരം ഓര്‍മപ്പെടുത്തലുകളെ അവഗണിക്കുക വളരെ എളുപ്പമാണ്. സാമാന്യമായി നമ്മള്‍ ചെയ്തുവരുന്നതും അതാണ്.
രാവിലെ കൃത്യസമയത്ത് ഉണരാനായി വെക്കുന്ന അലാറം എത്രതവണ കേട്ടില്ലെന്നു നടിച്ച് മൂടിപ്പുതച്ച് വീണ്ടും ഉറങ്ങാറുണ്ട്! ലോകത്തിന്റെ ഇന്നത്തെ ഗതിയില്‍, നമുക്ക് ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല എന്നു നടിക്കലാണ് പ്രായോഗികമായിട്ടുള്ളത്. സൂര്യന്‍ ഉദിക്കുന്നതും, അസ്തമിക്കുന്നതും ആരുടെയും ശ്രദ്ധയില്‍ പെടുന്നില്ല, വേനലും, വര്‍ഷവും, ശിശിരവും, ഹേമന്തവും മാറിമാറി വന്നുപോകുന്നതും ഒരാളും അറിയുന്നില്ല, കാരണം അവരുടെ ശ്രദ്ധ മുഴുവനും ടെലിവിഷന്‍ സ്‌ക്രീനിലാണ് അല്ലെങ്കില്‍ അവര്‍ സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലാണ്.
അതുകൊണ്ട് ഞാന്‍ വീണ്ടും പറയുന്നു, അവസരങ്ങള്‍ ഒത്തുവരുമ്പോള്‍, ഉള്ളില്‍ ആ ജിജ്ഞാസ അല്‍പമെങ്കിലും തെളിയുമ്പോള്‍ അതിനെ ശ്രദ്ധാപൂര്‍വ്വം പ്രയോജനപ്പെടുത്തൂ. പിന്നീടാകാം എന്ന് നീട്ടിവെക്കരുത്. അത് സമയം പാഴാക്കലായിരിക്കും. ഈ ജീവിതത്തില്‍തന്നെ ജന്മസാഫല്യം നേടാന്‍ ആഗ്രഹിക്കുന്നവരിലാണ് എനിക്ക് താല്പര്യം. ഇനി ഏതെങ്കിലും ഒരു ജന്മത്തില്‍ എന്നു വിചാരിക്കുന്നവര്‍ ഇവിടെ വരണമെന്നില്ല, വേറെ എവിടേക്കെങ്കിലും പോകുന്നതായിരിക്കും നല്ലത്. എന്റെ സമയവും, ആയുസ്സും അത്തരക്കാര്‍ക്കുവേണ്ടി ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.


VIEW ON mathrubhumi.com