കാവും കാടും തീണ്ടല്ലേ, നാടു മുടിയും.. ഇരിങ്ങോള്‍ കാവ് പറയുന്നത്...

By: ശ്രീജ നടുവം / ചിത്രങ്ങള്‍: സജി ചുണ്ട
വിവാഹം തുടങ്ങിയ ആഘോഷങ്ങള്‍ ഒന്നും തന്നെ നടക്കാറില്ലെന്നത് സാധാരണ അമ്പലങ്ങളില്‍ നിന്നും ഇരിങ്ങോള്‍ കാവിനെ വ്യത്യസ്തമാക്കുന്നു. സുഗന്ധ പുഷ്പങ്ങള്‍ ഒന്നും തന്നെ കാവിനകത്ത് അനുവദനീയമല്ലെന്നതും നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം. പൂജക്ക് പോലും സുഗന്ധ പുഷ്പങ്ങള്‍ ഉപയോഗിക്കാത്ത ഇവിടെ, ഇത്തരം പുഷ്പങ്ങള്‍ ചൂടുകയോ സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ ചെയ്ത് വരുന്നവരെ കഴിയുന്നതും നിരുത്സാഹപ്പെടുത്താറാണ് പതിവ്.
'കാവു തീണ്ടല്ലേ , കുടിവെള്ളം മുട്ടും' എന്ന് വിലക്കിയിരുന്ന ഒരു തലമുറ അന്യം നിന്നു പോവുന്ന കാലം. കാവുകളും കുളങ്ങളും അപ്രത്യക്ഷമാവുന്നതിന്റെ ഭവിഷ്യത്ത് നാം പതുക്കെ തിരിച്ചറിയുന്ന സമയം. നമ്മള്‍ ലംഘിക്കാത്ത ചില വിലക്കുകളുടെ ശക്തി കൊണ്ടാവണം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുറച്ചെങ്കിലും നിലനില്‍ക്കുന്നത്. ആചരിച്ചു പോരുന്ന ചില വിശ്വാസങ്ങളുടെ നിഴല്‍ പറ്റിയാവണം പ്രത്യാശയുടെ പച്ചത്തുരുത്തുകള്‍ അവശേഷിക്കുന്നത്.
അതിനു തെളിവാണ് ഇരിങ്ങോള്‍ കാവ്. പ്രകൃതിയെ തന്നെ ദേവതാ സങ്കല്പത്തില്‍ ആരാധിച്ചു വരുന്ന വനക്ഷേത്രം. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങോള്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം.
കടുത്ത വേനലിലും പച്ചപ്പിന്റെ ഊഷ്മളതയും ജലസമ്പത്തും നിറഞ്ഞു നില്ക്കുന്ന ഒരു കാടകമാണ് ഇവിടം. പുറത്ത് വെയില്‍ കത്തിക്കാളുമ്പോഴും കാവിനുള്ളിലെ സുഖശീതളിമ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കുന്നു. വനം ഒരു വരമാണെന്ന തിരിച്ചറിവിന്റെ വിശാലത നമുക്ക് അനുഭവിച്ചറിയാം. തേക്ക്, ആഞ്ഞിലി പോലുള്ള വന്‍ വൃക്ഷങ്ങളും കാട്ടു കുരുമുളക്, തിപ്പലി പോലുള്ള ധാരാളം ഔഷധ സസ്യങ്ങളും നമുക്കിവിടെ കാണാം. പുള്ള്, നത്ത്, അടക്കം ഏകദേശം നാല്‍പ്പതോളം ചെറുജീവികളടങ്ങുന്ന ജൈവ വൈവിധ്യമാണ് ഇരിങ്ങോള്‍ക്കാവ് നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.
ജലം കിട്ടാക്കനിയാവുന്ന ഈ കാലത്ത് എന്നും നിറഞ്ഞ് കിടക്കുന്ന ജലാശയവും കിണറും നമുക്ക് ആഹ്ലാദത്തോടൊപ്പം ചെറിയ ഒരു വിചിന്തനത്തിനും ഇട നല്‍കുന്നില്ലേ? ഒടിഞ്ഞു കിടക്കുന്ന മരച്ചില്ല പോലും ഉപയോഗിക്കില്ലെന്നുള്ള പ്രത്യയ ശാസ്ത്രം മരം വെട്ടി നശിപ്പിക്കാനുള്ള മനുഷ്യന്റെ ആസുര പ്രവണതയ്ക്കു നേരെയുള്ള വിശ്വാസപരമായ വാളോങ്ങലാവുന്നില്ലേ?
നഗരപ്രാന്തത്തില്‍ തന്നെ വന്യ സൗന്ദര്യം ആവാഹിച്ചെടുത്ത ഈ കാവ് പെരുമ്പാവൂരില്‍ നിന്നും ഏകദേശം 5 കി.മി മാറി ആലുവ - മൂന്നാര്‍ റോഡില്‍ കുറുപ്പംപടിക്കും പെരുമ്പാവൂരിനുമിടയില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. എങ്കിലും ഏകദേശം 2700 ഓളം വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
മൂന്ന് പ്രധാന വഴികളും പിന്നെ കൊച്ചു പാതകളുമാണ് കാവിനുള്ളിലൂടെ ക്ഷേത്രത്തിനകത്തേയ്ക്ക് നമ്മെ എത്തിക്കുന്നത്. ഭഗവതീ ദര്‍ശനത്തിനെത്തിയ ദേവന്മാരായാണ് വൃക്ഷങ്ങളെ സങ്കല്പിച്ചു വരുന്നത്. അതിനാല്‍ തന്നെ മരങ്ങള്‍ മുറിക്കുകയോ വീണു കിടക്കുന്നതു പോലും ഉപയോഗിക്കുകയോ ചെയ്യാറില്ല. വന്‍മരങ്ങളും അടിക്കാടുകളും തീര്‍ത്ത സംരക്ഷണമുള്ളതിനാലാവാം കാവിനകത്തെ തീര്‍ത്ഥക്കുളത്തില്‍ എന്നും വെള്ളം നിറഞ്ഞു കിടക്കും. ചെറിയ ചതുപ്പുള്ളതും ഹരിതാഭ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ദ്വാപരയുഗത്തിലെ കൃഷ്ണാവതാരത്തെ ആസ്പദമാക്കിയുള്ള ഒരു മിത്തില്‍ നിന്നാണ് ക്ഷേത്ര ഐതിഹ്യമെന്ന് പറയപ്പെടുന്നു. സഹോദരിയുടെ എട്ടാമത്തെ പുത്രനാല്‍ താന്‍ വധിക്കപ്പെടുമെന്ന് മനസ്സിലാക്കിയ മഥുരാധിപനായ കംസന്‍, സഹോദരിയായ ദേവകിയെയും ഭര്‍ത്താവ് വസുദേവനെയും കാരാഗൃഹത്തിലടക്കുന്നു. തുടര്‍ന്ന് ദേവകി എട്ടാമതും പ്രസവിച്ചതറിഞ്ഞ് ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചു പോയ കംസന്‍ ഒരു പെണ്‍കുഞ്ഞിനെയാണ് കണ്ടത്. തനിക്കുണ്ടായ മകനെ വസുദേവന്‍ ഇതിനകം സുഹൃത്തായ യാദവ പ്രമുഖനായ നന്ദഗോപന്റെ പെണ്‍കുഞ്ഞിനു പകരം കൈമാറ്റം നടത്തിയിരുന്നു.ഇതറിയാതെ ക്രുദ്ധനായ കംസന്‍ വധിക്കാനായി എടുത്തപ്പോള്‍ സൂര്യതേജസാര്‍ന്ന് ആ കുഞ്ഞ് ആകാശത്ത് ദേവീ രൂപമായി ജ്വലിച്ചുയര്‍ന്നു. ഈ പ്രകാശം ഭൂമിയില്‍ ആദ്യം സ്പര്‍ശിച്ച സ്ഥലത്ത് ദേവി ഇരുന്നരുളിയെന്നും അങ്ങനെ 'ഇരുന്നോള്‍ ' എന്നറിയപ്പെടുന്ന ഇവിടം കാലക്രമത്തില്‍ 'ഇരിങ്ങോള്‍' എന്നായി മാറിയെന്നും സ്ഥലനാമ ചരിത്രം. ഇതു കൂടാതെ ഹനുമാനെയും തൃണബിന്ദു മഹര്‍ഷിയെയും അധികരിച്ചും ഒരു ഐതിഹ്യം പറഞ്ഞു കേള്‍ക്കുന്നുണ്ട്.
സ്വയംഭൂവാണ് ഇവിടുത്തെ പ്രതിഷ്ഠ. ത്രിദേവതാ സങ്കല്പത്തിലധിഷ്ഠിതമായ പൂജാവിധികളാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. ഉഷപ്പൂജയ്ക്ക് സരസ്വതിയായും ഉച്ചപ്പൂജയ്ക്ക് വനദുര്‍ഗ്ഗയായും അത്താഴപ്പൂജയ്ക്ക് ഭദ്രകാളിയായും ദേവിയെ ആരാധിച്ചു വരുന്നു. വനവിഭവങ്ങള്‍ എടുത്ത് നിത്യവൃത്തി കഴിച്ചിരുന്ന ഒരു സ്ത്രീ തന്റെ ആയുധം കൊണ്ട കല്ലില്‍ നിന്നും രക്തം കാണുകയും പിന്നീട് ദേവീ സാന്നിദ്ധ്യമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ആദ്യമായി നിവേദിച്ചത് ആയതിനാല്‍ ഇവിടെ ശര്‍ക്കരയ്ക്ക് പ്രാധാന്യമേറിയിരിക്കുന്നു. ഇതു കൊണ്ട് തന്നെ കടും പായസം, നെയ് പായസം, ചതുശ്ശതം, ശര്‍ക്കരപ്പായസം, കൂട്ടു പായസം എന്നിവ വിശേഷ വഴിപാടുകളാണ്. ഇതോടൊപ്പം കാര്‍ത്തിക ഊട്ട് ,തുലാഭാരം എന്നിവയും പ്രധാനം തന്നെ. നവരാത്രി, തൃക്കാര്‍ത്തിക എന്നിവയ്ക്കു പുറമെ മീനമാസത്തിലെ പൂരവും ഇവിടുത്തെ ഉത്സവദിവസങ്ങളാണ്. മീനം രണ്ടു മുതല്‍ 10 വരെയാണ് ഉത്സവം. ഈ ദിവസങ്ങളില്‍ പിടിയാനകളെ മാത്രം എഴുന്നള്ളിക്കുന്ന കേരളത്തിലെ ക്ഷേത്രമെന്ന അപൂര്‍വ്വതയും അത്ഭുതത്തോടൊപ്പം ജിജ്ഞാസയും വളര്‍ത്തുന്നു.
മകരം മുപ്പതിന് നടത്തി വരാറുള്ള 'വിത്തിടല്‍' ചടങ്ങാണ് ഇരിങ്ങോള്‍ കാവിലെ ആചാരപരമായ മറ്റൊരു സവിശേഷത. ദേവീചൈതന്യം കല്ലില്‍ ദര്‍ശിച്ച പുലയ സമുദായത്തിലുള്ള സ്ത്രീയുടെ പിന്‍ തലമുറക്കാരാണ് ഈ ചടങ്ങ് നടത്തി വരുന്നത്. മകരം മുപ്പതിന് ഉച്ചപ്പൂജയ്ക്ക് ശേഷം തുള്ളലും തുടികൊട്ടിപ്പാട്ടുമായി കിഴക്കേ നടയില്‍ ഇവര്‍ എത്തുന്നു. ഭക്തിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി നെല്‍പ്പറയും ഒരു കെട്ട് കറ്റയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നു. കാര്‍ഷിക പാരമ്പര്യം വിളിച്ചോതുന്ന ഈ ചടങ്ങാണ് വിത്തിടല്‍ -ഇതിന് ശേഷമാണ് നടയടയ്ക്കാറുള്ളത്. വിവാഹം തുടങ്ങിയ ആഘോഷങ്ങള്‍ ഒന്നും തന്നെ നടക്കാറില്ലെന്നത് സാധാരണ അമ്പലങ്ങളില്‍ നിന്നും ഇരിങ്ങോള്‍ കാവിനെ വ്യത്യസ്തമാക്കുന്നു. സുഗന്ധ പുഷ്പങ്ങള്‍ ഒന്നും തന്നെ കാവിനകത്ത് അനുവദനീയമല്ലെന്നതും നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം. പൂജക്ക് പോലും സുഗന്ധ പുഷ്പങ്ങള്‍ ഉപയോഗിക്കാത്ത ഇവിടെ, ഇത്തരം പുഷ്പങ്ങള്‍ ചൂടുകയോ സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ ചെയ്ത് വരുന്നവരെ കഴിയുന്നതും നിരുത്സാഹപ്പെടുത്താറാണ് പതിവ്.
ഐതിഹ്യങ്ങള്‍ എന്തു തന്നെയായാലും ഒരു സന്ദര്‍ശനത്തില്‍ തന്നെ അനേകം തിരിച്ചറിവുകളുടെ ദീര്‍ഘ നിശ്വാസവും അതിനുമപ്പുറം അവ നല്‍കുന്ന സമാശ്വാസവും പകര്‍ന്നു നല്‍കിയ പുതിയ ഊര്‍ജവുമായി മാത്രമേ നമുക്ക് ഇരിങ്ങോള്‍ കാവില്‍ നിന്നും തിരിച്ചു പോകാന്‍ കഴിയൂ.


VIEW ON mathrubhumi.com