ദൈവഗാന്ധി!

By: സി.കെ. റിംജു, rimju@mpp.co.in
ഹൈദരാബാദ് വിജയവാഡ ദേശീയപാതയോരത്ത് ചിട്യാലിൽ മലയുടെ താഴ്‌വാരത്തുള്ള ഈ ദേവാലയത്തിൽ ഒരു ദൈവമുണ്ട്. പക്ഷേ, ഏതു മതത്തിന്റെയും ചെരിപ്പ് പുറത്തഴിച്ചുവെച്ച് കാൽകഴുകി, നമുക്കങ്ങോട്ട് പ്രവേശിക്കാം. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് ലോകത്തോട് ഉറക്കെ പറയാനുള്ള ധൈര്യം തന്റെ പ്രവൃത്തികളിലൂടെ സംഭരിച്ച ഒരു മഹാനാണ് ആ ദേവാലയത്തിലെ പ്രതിഷ്ഠ. മോഹൻദാസ് കരംചന്ദ് ഗാന്ധി. നിത്യേന പൂവിട്ടുള്ള പൂജ, പ്രാർഥനകൾ, ആരതി ഉഴിയൽ... ക്രിസ്മസും റംസാനും ദസറയും ദീപാവലിയും എല്ലാം ഒരുപോലെ ഇവിടെ ആഘോഷിക്കുന്നു. ഗാന്ധിപ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം!
ഹൈദരാബാദിൽ നിന്ന് വിജയവാഡ റൂട്ടിൽ 90 കിലോമീറ്റർ സഞ്ചരിച്ചാൽ ഗാന്ധി മന്ദിറിലെത്താം. അമ്പലമെന്ന സങ്കല്പത്തിലാണ് കെട്ടിട നിർമിതിയെങ്കിലും എല്ലാ മതത്തിന്റെയും വിശാലത അംഗീകരിക്കുന്ന തരത്തിലാണ് അന്തരീക്ഷം. പ്രധാനമായ മൂന്നു മതചിഹ്നങ്ങൾ പ്രതിഷ്ഠയുടെ കീഴിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ദേശീയപാതയിൽ നിന്ന് പുറപ്പെടുന്ന മൺപാത അവസാനിക്കുന്നത് വലിയൊരു കവാടത്തിൽ. അതിൽ ഗാന്ധി മന്ദിറെന്ന് ഹിന്ദിയിലും തെലുങ്കിലും ആലേഖനം ചെയ്തിരിക്കുന്നു. ചുറ്റുമതിലിൽ ഗാന്ധിജിയുടെ മഹദ്വചനങ്ങൾ മഷിപുരണ്ടുകിടക്കുന്നു. കവാടത്തിനരികെ കൂറ്റൻ ആൽമരം. ഭൂമിയെ ചുംബിക്കുന്ന അതിന്റെ ശാഖകളിൽ പതിനായിരക്കണക്കിന് ഓറഞ്ച് നാടകൾ കെട്ടിയിട്ടിരിക്കുന്നു. കുറച്ചു പെൺകുട്ടികൾ മരച്ചില്ലയിൽ നാടകൾ കെട്ടുന്നുണ്ട്.
കവാടം കടന്നുചെന്നാൽ വലിയൊരു കൊടിമരം നമ്മെ സ്വീകരിക്കും. ഇരുവശത്തുമായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗജരൂപങ്ങൾ. അവിടെ നിന്ന്‌ അമ്പലത്തിലേക്ക് നീളുന്ന പടികൾ. ഗാന്ധിജിയെ തൊഴാനായി കുറേപേർ വരിനിൽക്കുന്നു. വിശാലമായ ഹാളിൽ കരിങ്കല്ലിൽ തീർത്ത 24 ആരക്കാലുള്ള ധർമചക്രം. ചക്രത്തിനു നടുക്കുള്ള വൃത്താകാരത്തിലൂടെ നോക്കാൻ പൂജാരി കൂറല്ല നരസിംഹാചാരി പറഞ്ഞു. അതിലൂടെ നോക്കിയാൽ അങ്ങകലെ ശ്രീകോവിലിനുള്ളിൽ ചമ്രംപടിഞ്ഞ് അനുഗ്രഹം നൽകുന്ന പോസിലിരിക്കുന്ന ഗാന്ധി പ്രതിഷ്ഠ കാണാം.
നരസിംഹാചാരി, ഗാന്ധിപ്രതിഷ്ഠയെ ഉഴിഞ്ഞ ആരതിയുമായി കൈകൂപ്പി തൊഴുതുനിൽക്കുന്ന ആളുകൾക്കരികിലേക്ക് വരുന്നു. തീർഥവും ചന്ദനവും പ്രസാദവും തരുന്നു. കൈയിൽ നീലയും പച്ചയും നിറങ്ങളിലുള്ള ചരട് കെട്ടിത്തരുന്നു. 'ഓം ഗാന്ധിദേവായ നമഃ' എന്ന് നരസിംഹാചാരി ഉരുവിട്ടുകൊണ്ടിരിക്കുന്നു. കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ നരസിംഹാചാരിക്ക് ആവേശമായി. ഒപ്പം സഹായി കർകാനി രജിതയും ചേർന്നു. അവർ ക്ഷേത്രമുണ്ടായ കഥ പറഞ്ഞു:
''ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ നരസറാവുപേട്ടിലുള്ള 10 അധ്യാപകരാണ് മാഹാത്മാഗാന്ധി അമ്പലത്തിന്റെ ശില്പികൾ. ഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടരായ ഇവർ ഗാന്ധിയൻ ദർശനങ്ങൾ പ്രചരിപ്പിക്കാനായി ദി മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിനു രൂപം നൽകി. ട്രസ്റ്റ് ചെയർമാനായ മോറ ശ്രീപാൽ റെഡ്ഡിയാണ് ഗാന്ധി അമ്പലം തുടങ്ങാമെന്ന ആശയം മുന്നോട്ടുവെച്ചത്. വരുംതലമുറയ്ക്ക് ഗാന്ധിയെ അറിയാൻ ഒരു അമ്പലം. ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കാൻ തങ്ങളുടേതായ ഒരു വഴി.
ചിട്യാലിലെ ദേശീയപാതയോരത്തെ കോടിക്കണക്കിന് വിലവരുന്ന നാല് ഏക്കർ സ്ഥലം പേരുപോലും വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ ട്രസ്റ്റിനു നൽകി. 2012-ൽ ഭൂമിപൂജ നടത്തി. 2014-ൽ അമ്പലം പണി പൂർത്തിയായി. ആചാര്യവിധിപ്രകാരം അമ്പലത്തിന്റെ എല്ലാ നിയമാവലികളും പാലിച്ച്‌ പ്രതിഷ്ഠ നടത്തി. ജാതി-മതം എന്നകാര്യം മാത്രം പുറത്തുനിർത്തി.
ഗാന്ധിപ്രതിഷ്ഠയ്ക്ക് ഇരുവശത്തുമായി പഞ്ചഭൂതങ്ങളുടെ പ്രതിഷ്ഠയും നവഗ്രഹപ്രതിഷ്ഠയുമുണ്ട്. വിശാലമായ ധ്യാനമുറിയിൽ നമുക്ക് എത്ര സമയം വേണമെങ്കിലും ചെലവിടാം. ധ്യാനമുറിയുടെ ഒരു വശത്ത് ഗാന്ധിജിയെ പരിചയപ്പെടാൻ സാഹായകമായ ലൈബ്രറി. അമ്പലത്തിന്റെ ചുമരുകളിലായി മഹാത്മാഗാന്ധിയുടെ സ്പർശമേറ്റ 30 സ്ഥലങ്ങളിലെ മണ്ണ്. ഇതിൽ ഗാന്ധിജിയുടെ രക്തം പുരണ്ട മൺതരികളും ഉണ്ട്. രാജ്ഘട്ട്, ഗാന്ധിസ്മൃതി, പോർബന്തറിലെ കീർത്തി മന്ദിറിലെയും സബർമതി ആശ്രമത്തിലെയും മണ്ണ്...
രാവിലെ ഏഴുമണിക്ക് നടതുറന്നാൽ വൈകീട്ട് ഏഴുമണിവരെ പൂജകളും മന്ത്രോച്ചാരണങ്ങളുമായി നരസിഹാചാരിയും മൂന്നു നടത്തിപ്പുകാരും ഇവിടെ ഉണ്ടാവും. മിരിയാലഗുഡയിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾ എല്ലാ വാർഷികപ്പരീക്ഷയ്ക്കും മുമ്പേ ഗാന്ധി അമ്പലത്തിൽ ദർശനത്തിനായെത്താറുണ്ടെന്ന് സ്കൂൾ പാട്രൺ പി.വി.കെ. രാമൻ പറഞ്ഞു. അമ്പലത്തിലെത്തുന്നവർക്ക് ഗാന്ധിയുടെ ദർശനങ്ങൾ അടങ്ങിയ പുസ്തകവും ഗാന്ധിത്തൊപ്പിയും ഫോട്ടോയും നൽകുന്നുണ്ട്. സർവമത പൂജ, അഭിഷേകം, നവഗ്രഹപൂജ, അക്ഷരപൂജ, പഞ്ചഭൂതപൂജ, വാഹനപൂജ എന്നിവ ഇവിടെയുണ്ട്. 50 രൂപമുതൽ 500 രൂപവരെയാണ് തുക. ട്രസ്റ്റിന്റെ പേരിൽ ശീട്ടും തരും.
ഓർമയിൽനിന്ന് വിവരങ്ങൾ ഗൂഗിൾ സെർച്ചുപോലെ തന്ന കർകാനി രജിതയ്ക്ക് ഒരു ഫീസെന്ന നിലയിൽ 500 രൂപയുടെ നോട്ടു നീട്ടി. ചിരിച്ചുകൊണ്ട് അവർ പറഞ്ഞു: ''ഇതിൽ എന്റെ ഗാന്ധിജിയുണ്ട്. അർഹിക്കാത്തതൊന്നും സ്വീകരിക്കരുത് എന്നു പറഞ്ഞ മഹാൻ. എനിക്ക് ആവശ്യമുള്ളതൊക്കെ ഈ അമ്പലം തരുന്നുണ്ട്. ഞാനതിൽ ഏറെ സന്തുഷ്ടയാണ്''. മറുപടികേട്ട് തലകുനിച്ചുപോയി. വെറുതെ പറയുകയല്ല, ഗാന്ധിജിയെ നെഞ്ചേറ്റുകയാണ് ഇവർ.
യാത്രപറഞ്ഞിറങ്ങുമ്പോൾ നരസിംഹാചാരി പൂജാപ്രസാദവുമായി വന്നു. ഒപ്പം മഹാത്മാഗാന്ധിയുടെ പേരും ചിത്രവും വരച്ചുചേർത്ത ഓറഞ്ച് നിറത്തിലുള്ള ഒരു നാടയും. ''ഇത് നിങ്ങൾ നടക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിച്ച് ആ പേരാൽ മരത്തിൽ കെട്ടിയിട്ട് പോകൂ. ഉദ്ദേശിച്ച കാര്യം സാധിക്കും!''മരശാഖയിൽ ഓറഞ്ച് നാട കെട്ടുമ്പോൾ കണ്ണടച്ച് മനസ്സിൽ ആഗ്രഹിച്ചു: ''മഹാത്മാഗാന്ധി ഒരിക്കൽക്കൂടി ഈ മണ്ണിൽ ജനിച്ചെങ്കിൽ!''


VIEW ON mathrubhumi.com