നിങ്ങളുടെ ഈ ആഴ്ച 01.10.2017 മുതൽ 07.10.2017 വരെ

By: ചെറുവള്ളി നാരായണൻ നമ്പൂതിരി
 മേടം (അശ്വതി, ഭരണി,  കാർത്തികയുടെ  ആദ്യത്തെ 15 നാഴിക) വ്യവഹാരങ്ങളിൽ വിജയസാധ്യത കാണുന്നു. നവീനമായ കർമമാർഗങ്ങൾ തെളിയും. വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ മുൻകരുതലുകൾ വേണം. ശുഭദിനം-1

 എടവം (കാർത്തികയുടെ  ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യത്തിന്റെ  ആദ്യത്തെ പകുതി)  കാലം അനുകൂലമല്ലെന്ന ധാരണയോടെ മാത്രം പ്രവർത്തിക്കുക. ധനപരമായ കാര്യങ്ങളിൽ ഗുണസാധ്യതയുണ്ട്. രോഗക്ലേശങ്ങളിൽ നിന്ന് നിവൃത്തിയുണ്ടാകും. ഗുണദിനം-1

 മിഥുനം (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര,  പുണർതത്തിന്റെ  ആദ്യത്തെ 45 നാഴിക) അന്യായത്തെ ധൈര്യപൂർവം എതിർക്കും. അതിൽ വിജയിക്കുകയും ചെയ്യും. ആരോഗ്യപരമായി അത്രഗുണകാലമല്ല. അനുകൂലദിനം -2

 കർക്കടകം (പുണർതത്തിന്റെ  ഒടുവിലത്തെ  15 നാഴിക, പൂയം, ആയില്യം) വരുമാനത്തെക്കാൾ ചെലവുവന്നുപെടും. സാഹോദര്യബന്ധങ്ങൾ ശക്തിപ്രാപിക്കും. പ്രേമബന്ധങ്ങൾ ഉടലെടുക്കാനിടയുണ്ട്. മഹിതദിനം-2

 ചിങ്ങം (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ  15 നാഴിക)  എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ അനിവാര്യമാണ്. ഓർക്കാപ്പുറത്ത് ഓരോ വൈഷമ്യങ്ങൾ വന്നുപെട്ടേക്കാം. ധനസ്ഥിതി മാത്രം അനുകൂലമാകും. ശ്രേഷ്ഠദിനം-1

 കന്നി (ഉത്രത്തിന്റെ  ഒടുവിലത്തെ  45 നാഴിക അത്തം, ചിത്രയുടെ  ആദ്യത്തെ പകുതി) വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. എഴുത്തുകുത്തുകളിലൂടെ കാര്യങ്ങൾ നേടിയെടുക്കും. വാക്ക് ശ്രദ്ധേയമായി ഭവിക്കും. കാമ്യഫലദിനം-1  തുലാം (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ  45 നാഴിക)  പഴയ സുഹൃത്തുക്കളുമായി പുനഃസമാഗമം ഉണ്ടാകും. ചെലവ് വർധിക്കാനിടയുള്ള കാലമാണ്. നയനവ്യാധികളെയും കരുതണം. ഇഷ്ടഫലദിനം-6.

 വൃശ്ചികം (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. സ്ത്രീജന സഹായം വേണ്ടതുപോലെ ഉണ്ടാകും. വരുമാനത്തെക്കാൾ ചെലവു വന്നുപെട്ടേക്കാം.  ഗുണാനുഭവദിനം-6

 

 ധനു (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ  15 നാഴിക) കഫജന്യരോഗങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം. കൂടെ പ്രവർത്തിക്കുന്നവർ വളരെ സഹായ മനഃസ്ഥിതിയോടെ ഭവിക്കും. വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധിക്കണം. സുദിനം-7

 മകരം (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)  സാമ്പത്തികമായി അത്ര അനുകൂലസ്ഥിതി ഭവിക്കില്ല. വാക്കുകൾ രൂക്ഷമായി ഭവിക്കുന്നത്‌ ദോഷം ചെയ്യും. കർമരംഗത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. സദ്ദിനം -7

 

 കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) പ്രേമബന്ധങ്ങളിൽ പെടാനിടയുണ്ട്. പൊതുവേ കർമമേഖലയിൽ പുരോഗതിക്കിടയുണ്ട്. സാമ്പത്തിക ഇടപാടുകളും ഗുണകരമായി ഭവിക്കും. കാമ്യഫലദിനം-6

 മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) കാർഷികകാര്യങ്ങളിലും ജലവിഭവങ്ങളിലും ഊന്നിയുള്ള കർമങ്ങൾ അനുകൂലമായിത്തീരും. ദാമ്പത്യത്തിൽ അനുകൂല സ്ഥിതിയുണ്ടാകും. ഉറക്കക്കുറവ് അനാരോഗ്യകാരണമായേക്കാം.  സദ്‌ഫലദിനം-6View on mathrubhumi.com