മെല്‍ബണില്‍ ഓണം ആഘോഷിച്ചു

മെല്‍ബണ്‍: മെല്‍ബണില്‍ അറുപതു ശതമാനം മലയാളികള്‍ ജോലി ചെയ്യുന്ന ക്യാച്ച് ഓഫ് ദി ഡേയില്‍ ഓണം ആഘോഷിച്ചു. ഇന്ത്യയില്‍നിന്നും മലയാളികളെ കൂടാതെ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും, ശ്രീലങ്ക, ജര്‍മ്മനി, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ പൗരന്‍മാരും ഒത്തൊരുമിച്ചാണ് ഓണത്തെ വരവേറ്റത്.

വിദേശീയരായ ഉടമസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും കേരള വസ്ത്രം അണിഞ്ഞ് വരുകയും മലയാളികള്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ചോറും കറിയും ഉപ്പേരിയും കാളനും അവിയലും സാമ്പാറും പായസവും ഒക്കെ ഒന്നൊന്നായി വിളമ്പുകയും ചെയ്തു. കൂടാതെ ട്രൂഗനീന വെയര്‍ഹൗസില്‍ നടന്ന ഓണസദ്യയുടെ മുഴുവന്‍ ചിലവും കമ്പനി തന്നെ വഹിച്ചു. ഓണ ദിവസം ആഘോഷങ്ങള്‍ക്ക് ചിലവഴിച്ച സമയത്തിനു കമ്പനി ശമ്പളം നല്‍കി. ചടങ്ങുകള്‍ക്ക് ഡയറക്ടര്‍മാരായ ഗാബിയും ഹസി ലിയോബോവിച്ചും സൂപ്പര്‍വൈസര്‍മാരായ സോജി ആന്റണിയും ബിനോയി പോളും നേതൃത്വം നല്‍കി. തിരുവാതിര, നൃത്തം, പാട്ട്, ഗാനമേള, കസേരകളി എന്നിവയുണ്ടായിരുന്നു. ഇസ്രായേലില്‍ നിന്നും കുടിയേറി ഓസ്‌ട്രേലിയന്‍ പൗരന്മാരായവരാണ് കമ്പനിയുടമകള്‍. 

 



View on mathrubhumi.com