മാടത്താടി കുടുംബത്തിന്റെ കാരുണ്യത്തില്‍ അഞ്ച് നിര്‍ധനയുവതികള്‍ക്ക് മാംഗല്യം

കൂത്തുപറമ്പ്: കുടുംബ സംഗമമെന്ന പേരില്‍ ലക്ഷങ്ങള്‍ പൊടിച്ച് ഭക്ഷണവും കഴിച്ച് സെല്‍ഫിയുമെടുത്ത് പിരിയുന്നവരില്‍നിന്ന് വ്യത്യസ്തമായി കൂത്തുപറമ്പിലൊരു അനുകരണ മാതൃക. 110-ാം വാര്‍ഷികാഘോഷം നടത്തുന്ന കൂത്തുപറമ്പിലെ മാടത്താടി തറവാട്ടംഗങ്ങളാണ് അഞ്ച് നിര്‍ധന യുവതികളുടെ വിവാഹം നടത്തി കുടുംബ സംഗമം കാരുണ്യത്തിന്റെ വേദിയാക്കിയത്.വധുക്കള്‍ക്ക് അഞ്ച് പവന്റെ സ്വര്‍ണമാലയും വരന്മാര്‍ക്ക് ഒരു പവന്റെ മഹറുമായി അഞ്ച് വിവാഹങ്ങള്‍ക്കുംകൂടി 30 പവനാണ് നല്‍കിയത്. വധൂവരന്മാര്‍ക്കാവശ്യമായ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഇവരുടെ ബന്ധുമിത്രാദികള്‍ക്ക് കൂത്തുപറമ്പിലെത്താനാവശ്യമായ വാഹനസൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു.
കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വയനാട് തരുവണയിലെ മഹിമ-കോഴിക്കാട് തോട്ടന്നൂരിലെ ഫൈസലിനും വയനാട് ബത്തേരിയിലെ ഫിഫ്ന തസ്നീം-ബത്തേരി നടവയലിലെ ഷറഫുദീനും ബത്തേരി ചീരാലിലെ ജസ്നി-വയനാട് തരുവണയിലെ മുഹമ്മദ് റാഫിക്കും പാലക്കാട് പുത്തൂരിലെ റജീന-വയനാട് പുന്നലൂരിലെ സലീമിനും വയനാട് മുട്ടിലെ റസീന-കോഴിക്കോട് കുന്നമംഗലത്തെ സമീറിനും വരണമാല്യമണിയിച്ചു. പ്രദേശത്തെ യത്തീംഖാനകളിലുടെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെയാണ് വധൂവരന്മാരെ സംഘാടകര്‍ കണ്ടെത്തിയത്.
പാണക്കാട് സയ്യിദ് മോയിന്‍ അലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. വധൂവരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുടുംബസംഗമത്തിനെത്തിയവര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. കൂത്തുപറമ്പ് നഗരസഭ ചെയര്‍മാന്‍ എം.സുകുമാരന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മാടത്താടി അബൂട്ടി ഹാജി അധ്യക്ഷനായിരുന്നു. മുന്‍ മന്ത്രി കെ.പി.മോഹനന്‍, വത്സന്‍ പനോളി, സി.ജി.തങ്കച്ചന്‍, അഡ്വ. പി.വി.സൈനുദ്ദീന്‍, സി.പി.ഒ.മുഹമ്മദ്, വി.കെ.മുഹമ്മദ്, എന്‍.വാസു, മുഹമ്മദ് റാഫി, സി.കെ.അബ്ദുള്‍ അസീസ്, അലി ദാരിമി എന്നിവര്‍ സംസാരിച്ചു. പി.കെ.നിസാര്‍ സ്വാഗതവും പി.കെ.അബ്ദു റഹീം നന്ദിയും പറഞ്ഞു.


VIEW ON mathrubhumi.com