സ്നേഹവീടിന്റെ താക്കോല്‍ കൈമാറാന്‍ മന്ത്രിയെത്തി
മാനന്തവാടി: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ഗ്രേഡ് വാങ്ങിയ കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ ബി. പ്രവീണയെ കാണാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെത്തി.
പ്രവീണയുടെ കുടുംബത്തിനു ഡ്രൈവേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ നല്‍കാനാണ് തിരക്കുകള്‍ മാറ്റിവെച്ച് മന്ത്രിയെത്തിയത്. കാട്ടിക്കുളം ബാവലി റോഡില്‍നിന്നും 150-ഓളം കി.മീ. സഞ്ചരിക്കണം പ്രവീണയുടെ വീട്ടിലേ. മഴകാരണം ചെളിക്കുളമായ വഴിയിലൂടെ കാല്‍നട യാത്രപോലും ദുഷ്കരമായിരുന്നു. അതിനാല്‍ പ്രവീണ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സമീപത്തെ ആള്‍ട്ടര്‍നേറ്റ് സ്കൂളില്‍ താക്കോല്‍ കൈമാറാനാണ് തീരുമാനിച്ചത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് മന്ത്രി പ്രവീണയുടെ വീട്ടിലെത്തി താക്കോല്‍ കൈമാറുകയായിരുന്നു.
വീട്ടുമുറ്റത്തെത്തിയ മന്ത്രി പ്രവീണയെയും സഹോദരി പ്രസീതയെയും ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചു. 'മോള് നേടിയ വിജയം പ്രശംസനീയമാണ്. സാധാരണ മികച്ച വിജയം നേടുന്നവര്‍ക്കു ട്രോഫികളും മറ്റുമാണ് സമ്മാനമായി നല്‍കിയത്. എന്നാല്‍ മോള്‍ക്ക് വീടാണ് ലഭിച്ചത്. ഇനി നന്നായി പഠിക്കണം. പഠിച്ചു മിടുക്കിയായി അച്ഛനും അമ്മയ്ക്കും ഇതിലും വലിയ വീടുനിര്‍മിച്ചു നല്‍കണം'-അധ്യാപിക കൂടിയായ മന്ത്രി ഇങ്ങനെ പറഞ്ഞപ്പോള്‍ പ്രവീണയുടെ കണ്ണില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.
വീടിന്റെ അകത്തുവെച്ച നിലവിളക്കു കൊളുത്തിയശേഷം ആള്‍ട്ടര്‍നേറ്റ് സ്കൂളില്‍ പത്തു മിനിറ്റോളം നീണ്ട അനുമോദന യോഗത്തിലും മന്ത്രി പങ്കെടുത്തു. കണ്ണൂര്‍ സര്‍വകലാശാല ബി.സി.എ. പരീക്ഷയില്‍ ഏഴാംറാങ്കു നേടിയ കോളനിയിലെ സുധീപാ ചന്ദ്രനും മന്ത്രി ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപഹാരം കൈമാറി.
ഡ്രൈവേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. വേലായുധന് അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ ഒ.ആര്. കേളു, സി.കെ. ശശീന്ദ്രന്, തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ 240 കുട്ടികളെയാണ് ഈ വര്‍ഷം ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അനുമോദിച്ചത്.
View on mathrubhumi.com
READ MORE NEWS STORIES:
- എഴുത്തില്‍ കമ്പ്യൂട്ടറിനോടും മത്സരിക്കും കഞ്ചാരക്കണ്ടി ശശീന്ദ്രന്
- 'ശ്രദ്ധ'യെന്നാല്‍ കരുതലും സ്നേഹവുമാണ്! ; ആരോഗ്യപരിചരണത്തില്‍ ഒരു കോട്ടയം മാതൃക
- ഡോക്ടര്‍ മദന്‍മോഹന്റെ 'ഓമനകള്‍' അനാഥരാകില്ല
- ജീവിതം 'ഗട്ടറുകളിൽ' വീഴ്ത്തിയെങ്കിലും കീഴടങ്ങാൻ കൂട്ടാക്കാതെ ഷീന
- വിവാഹത്തിന് ആഡംബരം വേണ്ടന്നുവച്ച് പണം ആശുപത്രിക്ക് സംഭാവന നല്കിയ നേതാവ്
- ശാരീരിക പരിമിതികളുണ്ട്; പക്ഷെ പരമേശ്വരനെ തോല്പിക്കാനാവില്ല മക്കളേ...