വാസ്തു ദോഷം : വീട്ടില്‍ താമസിയ്ക്കാതെ ചീഫ് സെക്രട്ടറിമാര്‍,ഖജനാവിന് നഷ്ടം മുക്കാല്‍ കോടി

By: കോവളം രാധാകൃഷ്ണന്‍
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്ക് താമസിക്കാനായി മുക്കാല്‍കോടി രൂപ ചെലവില്‍ നവീകരിച്ച വീട്ടില്‍ താമസിക്കാനാളില്ല. വാസ്തുസംബന്ധമായ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക ചീഫ് സെക്രട്ടറിമാരും ഇവിടെ താമസിക്കാത്തത്. ഔദ്യോഗിക വസതിയില്‍ താമസിക്കാത്തതിനാല്‍ വീട്ടുവാടക ബത്തയായി ചീഫ് സെക്രട്ടറിക്ക് വര്‍ഷം ഖജനാവില്‍നിന്ന് നല്‍കുന്നതാകട്ടെ രണ്ടരലക്ഷത്തോളം രൂപയും.

2013-ലാണ് കവടിയാറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് 'സുമാനുഷം' എന്ന് പേരുനല്‍കി ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കിയത്. ജിജി തോംസണായിരുന്നു അന്ന് ചീഫ് സെക്രട്ടറി. താമസമാക്കുംമുമ്പ് ഗണപതിഹോമവും വെഞ്ചരിപ്പും അദ്ദേഹം നടത്തി.

2016 ഫെബ്രുവരിയില്‍ വിരമിക്കുന്നതുവരെ ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. ജിജി തോംസണുശേഷം ചുമതലയേറ്റെടുത്ത പി.കെ. മൊഹന്തി, മൂന്നുമാസം മാത്രമേ സര്‍വീസ് ഉണ്ടായിരുന്നുള്ളൂവെന്ന് കാട്ടി ഇങ്ങോട്ടേക്ക് മാറിയല്ല. മൊഹന്തി മേയില്‍ വിരമിച്ചു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എസ്.എം. വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കി. 10 മാസത്തോളം വിജയാനന്ദ് ചീഫ് സെക്രട്ടറിയായെങ്കിലും അദ്ദേഹവും ഔദ്യോഗിക വസതിയില്‍ താമസിച്ചില്ല. ഏപ്രില്‍മുതല്‍ ഓഗസ്റ്റ്വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി. അവരും ഔദ്യോഗികവസതിയെ കൈയൊഴിഞ്ഞു.

ഇതിനിടെ, മന്ത്രിയായപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ ഈ വീട്ടില്‍ താമസമാക്കി. ഏറെ കഴിയുന്നതിനുമുമ്പ് അദ്ദേഹത്തിന് വൈദ്യുതിവകുപ്പ് നഷ്ടമായി. പകരം ടൂറിസവും സഹകരണവും കിട്ടി. ആറുമാസം കഴിഞ്ഞ് കടകംപള്ളിയും വീട് ഉപേക്ഷിച്ചു.

അതിനുശേഷം അദ്ദേഹം തൈക്കാട് ഹൗസിലേക്ക് താമസം മാറ്റി. സൗകര്യക്കുറവുകാരണം മാറിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. കടകംപള്ളിക്കൊപ്പം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും ഈ വീട് താമസത്തിനായി നോക്കിയിരുന്നു. എന്നാല്‍, വീടിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി പിന്‍വാങ്ങി.



View on mathrubhumi.com

READ MORE MYHOME STORIES: