പ്രായം പതിനെട്ട്, ചിലവ് പതിനഞ്ച് ലക്ഷം: കാണാം മലപ്പുറത്തെ അത്ഭുത വീട്

By: എഴുത്ത്: അല്‍ഫോന്‍സ പി ജോര്‍ജ്ജ്. ചിത്രങ്ങള്‍: മുഹമ്മദ് ഷഹീര്‍ സി.എച്ച്
വീട് കണ്ടാല്‍ പ്രായം പറയാമെന്നതൊക്കെ ഈ വീട് കണ്ടാല്‍ പഴംങ്കഥയായി മാറും. പെയിന്റടിച്ച് വീടിനെ പുത്തനാക്കുന്നവര്‍ക്കിടയില്‍ ഒരു പുതുക്കിപ്പണിയലിനും വിധേയമാകാതെ ഈ വീട് ഇന്നും ഇന്നലെ പണിതപോലെ തലയുയര്‍ത്തി നില്‍ക്കുന്നു.
18വര്‍ഷം മുമ്പാണ് ഈ വീട് പണികഴിപ്പിച്ചത്. പൂര്‍ണമായും ചെങ്കല്ലില്‍ നിര്‍മിച്ച വീടിന്റെ പുറം തേച്ചിട്ടില്ല. പ്രകൃതി ദത്തമായ ചെങ്കല്ലിന്റെ മനോഹാരിതയാണ് വീടിനെ ഇന്നും യൗവനയുക്തയാക്കുന്നത്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ സ്വദേശി ഒതുക്കുങ്ങള്‍ ബഷീറിന്റെതാണ് ഈ വീട്
ചെങ്കല്‍ ചാരുത
വീട് നിര്‍മിച്ച പറമ്പില്‍ നിന്നും എടുത്ത ചെങ്കല്ല് കൊത്തിയെടുത്താണ് 2800 അടി സ്‌ക്വയര്‍ഫീറ്റുള്ള ഈ വീടിന്റെ നിര്‍മാണം. ചെങ്കല്ല് ഉപയോഗിച്ച് സാധാരണ വീട് നിര്‍മിക്കാറുണ്ടെങ്കിലും ഈ വീടിനെ വ്യത്യസ്തമാക്കുന്നത് പുറം തേച്ചിട്ടില്ല എന്നതാണ്. പകരം മെഷീന്‍ യുഗത്തിനും മുമ്പ് ചെങ്കല്ല് കൈകള്‍ കൊണ്ട് കൊത്തിയെടുത്ത് മനോഹരമായി എക്‌സ്റ്റീരിയര്‍ നിര്‍മിച്ചിരിക്കുന്നു.
വരാന്തയിലെ നീളന്‍ തൂണുകളും, എക്‌സ്റ്റീരിയര്‍ മോടികൂട്ടാന്‍ ജനാലയ്ക്ക് ചുറ്റും നല്‍കിയിരിക്കുന്ന കൊത്തുപണികളും ആര്‍ക്കിടെക്റ്റിലെ ശില്‍പിയുടെ വൈഭവത്തിന് മികച്ച ഉദാഹരണമാണ്‌.
കാര്‍ഗ്യാരേജ്
സിമന്റിന്റെ തരി പോലും തൊടാതെ പൂര്‍ണമായും ചെങ്കല്ലില്‍ നിര്‍മിച്ചതാണ് ഈ കാര്‍ ഗ്യാരേജ് . ആര്‍ച്ച് മാതൃകയിലുള്ള ഈ ഗ്യാരേജ് വോള്‍ട്ട് എന്ന പ്രാചീന രീതി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
ഈ വീട്ടിലെ ടെലിവിഷന്‍ സ്റ്റാന്റുപോലും ചെങ്കല്ലില്‍ തീര്‍ത്താണ്. സ്വീകരണമുറിയും ഡൈനിങ്ങ് ഹാളും തമ്മില്‍ വേര്‍തിരിക്കുന്ന ആര്‍ച്ച് മാതൃകയിലുള്ള വാതിലും ചെങ്കല്ല് പ്രത്യേക ആകൃതിയില്‍ കൊത്തിയെടുത്തതാണ്. എന്തിനതികം പറയുന്നു കാര്‍പോര്‍ച്ചുപോലും ചെങ്കല്ലാണ്.
മരം കുറച്ച് ചിലവ് കുറച്ച്
മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചാണ് ഈ വീടിന്റെ നിര്‍മാണം. പകരം ഉപയോഗിച്ചിരിക്കുന്നത് സ്റ്റീല്‍ ജനാലകളാണ്. ലിന്റല്‍ വാര്‍ക്കാതെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ പുറം തേയ്ക്കാത്തിനാല്‍ ബഷീറിന് പിന്നീടൊരിക്കലും പെയിന്റടിയ്ക്കാന്‍ കാശും ചിലവാക്കേണ്ടിവന്നിട്ടില്ല.
18 വര്‍ഷം പഴക്കമുണ്ടെങ്കിലും, പൂപ്പലൊ പായലൊ വീടിന്റെ അയലത്തുകൂടി പോയിട്ടില്ല. പ്രകാശം കൃത്യമായി പ്രതിഫലിക്കാനായി വീടിന്റെ ഇന്റീരിയര്‍ തേച്ച് പെയിന്റടിച്ചിട്ടുണ്ട്.
ഇത് മെയിന്റൈന്‍ ചെയ്യുന്നതല്ലാതെ ബഷീറിന് 18 വര്‍ഷമായിട്ടും ഈ വീട്ടില്‍ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നിട്ടില്ല.
പതിനെട്ട് വര്‍ഷം മുമ്പ് ഈ വീട് പണിയുമ്പോള്‍ പതിനഞ്ച് ലക്ഷം രൂപമാത്രമാണ് ബഷീറിന് ചിലവായ തുക. അന്ന് ചെങ്കല്ലിന് എട്ടു രൂപയും മണലിന് അറുന്നൂറ് രൂപയുമാണ് വില.
അടിമുടി വിശാലത
വീടുനിര്‍മിക്കുമ്പോള്‍ എവിടെയും വിശാലത വേണമെന്നായിരുന്നു ബഷീറിന്റെയും കുടുംബത്തിന്റെയും ഏക ആവശ്യം. അതുകൊണ്ട് തന്നെ വീട്ടിലെവിടെയും യഥേഷ്ടം വെളിച്ചവും കാറ്റും. മൊത്തം നാലു കിടപ്പുമുറികളാണ് വീടില്‍ ഉള്ളത്. താഴെ രണ്ടും മുകളില്‍ രണ്ടും. ആര്‍ച്ച് മാതൃകയിലാണ് കിടപ്പുമുറികള്‍ ഉള്ളത്. മുകള്‍ നിലയില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്.
ചെങ്കല്ലിന്റെ പ്രൗഢി കാലത്തെയും അതിജീവിച്ച് പുതുപുത്തനായി ഈ വീടിന്റെ രൂപത്തില്‍ നിലനില്‍ക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് സതീഷ് എന്ന ആര്‍ക്കിടെക്റ്റിനുള്ളതാണ്.
ആര്‍ക്കിടെക്റ്റ് സതീഷ്
ചെങ്കല്ല് വീടുകളാണ് സതീഷ് എന്ന ആര്‍ക്കിടെക്റ്റിനെ വ്യത്യസ്തനാക്കുന്നത്. കേരളത്തിന്റെ നിരവധി ഭാഗങ്ങളില്‍ സതീഷ് വ്യത്യസ്ത മാതൃകയിലുള്ള നിരവധി ചെങ്കല്ല് വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞു. കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ സ്വദേശിയായ സതീഷ് 1988 മുതല്‍ നിര്‍മാണ മേഖലയില്‍ സജീവമാണ്. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അദ്ദേഹം 500 ല്‍ അധികം വീടുകള്‍ പണിതു കഴിഞ്ഞു. ഫോണ്‍: 09847110570
ചെങ്കല്ലില്‍ കൊത്തിയെടുത്തൊരു ആന്റിക് വീട് (വൈറലായ സതീഷീന്റെ മറ്റൊരു വീട് )


VIEW ON mathrubhumi.com


READ MORE MYHOME STORIES: