പോക്കറ്റ് കാലിയാക്കാതെ ഒരു മോഡേണ്‍ മോഡുലാര്‍ വീട്

ണചെലവ് പരമാവധി കുറച്ച് ഒരു നാലംഗ കുടുംബത്തിന് സൗകര്യപ്രദമായി താമസിയ്ക്കാന്‍ കഴിയുന്നൊരു വീടുണ്ട്. വയനാട് പുതുവയലില്‍ രവിശങ്കര്‍ കുറുപ്പിനും രാജശ്രീ കുറുപ്പിനും വേണ്ടി നിര്‍മിച്ചതാണ് ഈ ഒരു നില വീട്.
1480 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണ ചിലവ് 30 ലക്ഷമാണ്. കണ്ടംപററി സ്‌റ്റൈലില്‍ നിര്‍മിച്ച ഈ വീട് ഇന്റീരിയറിലും ഒപ്പം എക്സ്റ്റീരിയറിനും ഒരുപാട് പുതുമകള്‍ നല്‍കികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
പ്രത്യേകതകള്‍
  • കുറച്ച് ചുവരുകള്‍
ചുമരുകളും വാതിലുകളും പരമാവധി ഒഴിവാക്കിയാണ് വീടിന്റെ നിര്‍മാണം. ലിവിങ്ങ് എരിയയ്ക്കും ഡൈനിങ്ങ് ഹാളിനും അടുക്കളയ്ക്കും ഇടയില്‍ ചുമരകുകള്‍ ഇല്ല എന്നത് ഈ വീടിനെ വ്യത്യസ്തമാക്കുന്നു. ഒരേ ഹാളില്‍ മൂന്ന് ഭാഗത്തായി ഒരു വീടിന്റെ പ്രധാനപ്പെട്ട ഭാഗമായ ഇവ മൂന്നും ക്രമീകരിച്ചതോടെ ചെലവ് ചുരുക്കുന്നതിനോടൊപ്പം ആശയ വിനിമയത്തിനുള്ള സാധ്യത കൂടിയാണ് തുറന്ന് വയ്ക്കുന്നത്. ചെലവ് ചുരുക്കാന്‍ മരത്തിന് പകരം ജനല്‍ അടക്കമുള്ളവ നിര്‍മിച്ചിരിക്കുന്നത് പൗഡര്‍ കോട്ടട് അലുമീനിയം ഉപയോഗിച്ചാണ്.
  • ഓപ്പണ്‍ ഡക്ക്
ഈ വീടിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമാണ് ഓപ്പണ്‍ ഡക്ക്. ഒരു റിഫ്രഷിങ്ങ് സ്‌പെയിസ് എന്ന നിലയ്ക്കാണ് ഈ ഡക്ക് നിര്‍മിച്ചിരിക്കുന്നത്. ഇവിടെയിരുന്നാല്‍ വയനാടിന്റെ ഭൂപ്രകൃതി ആവോളം ആസ്വദിയ്ക്കാം.
  • ചണച്ചാക്ക് കൊണ്ടൊരു പൂള്‍
ഓപ്പണ്‍ ഡക്കിന്റെ ഫ്ളോറിങ്ങായി ക്രമീകരിച്ചിരിക്കുന്ന സ്ളാബിന് അടിഭാഗത്തായാണ് പൂള്‍ നിര്‍മിച്ചിരിക്കുന്നത്. പൂളിന്റെ ആകൃതിയില്‍ തറയില്‍ കുഴിയുണ്ടാക്കി ചണച്ചാക്ക് സിമന്റില്‍ മുക്കിയെടുത്തതാണ് പ്രതലം നിര്‍മിച്ചിരിക്കുന്നത്. കല്ലും മണലും സിമന്റും ഒപ്പം പണവും ലാഭം. ഭൂമിയുടെ ചരിവിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പൂളിന്റെ നിര്‍മാണം. അതിനാല്‍ വെള്ളം നേരെ ഒഴുകി പൂളിലെത്തും.
  • വിന്റോ സീറ്റര്‍
ഡൈനിങ്ങ് ഹാളില്‍ വിന്റോ സിറ്റര്‍ നല്‍കിയിട്ടുണ്ട്. വിന്റോ സീറ്ററിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ വലിയ ജനാലകളാണ് നല്‍കിയിരിക്കുന്നത്. വിന്റോ സീറ്ററിന്റെ അടിഭാഗത്തും റൂഫിനോട് ചേര്‍ന്ന മുകള്‍ ഭാഗത്തും സ്‌റ്റോറേജ് നല്‍കി സ്‌പെയിസ് പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
സ്വഭാവിക വെളിച്ചവും വായുസഞ്ചാരവും പ്രയോജനപ്പെടുത്താനും വിശാലത തോന്നിക്കാനും എല്ലാ ഭാഗത്തും വലിയ ജനാലകളാണ് നല്‍കിയിരിക്കുന്നത്.
  • ബാത്ത് റൂമിലും ലാന്റ്‌സ്‌കേപ്പ്
വീട്ടിലെ രണ്ട് ബാത്ത് റൂമിന്റെ ഉള്ളില്‍ ചെറിയൊരു ലാന്റ് സ്‌കെയിപ്പ് ഏരിയ നല്‍കിയിട്ടുണ്ട്. ഒരു നാച്ച്യറല്‍ ബാത്തിന്റെ അനുഭവം ഈ ബാത്ത് റൂമുകള്‍ സമ്മാനിക്കുന്നു.
രണ്ട് വിശാലമായ കിടപ്പുമുറികളാണ് വീടിനുള്ളത്. കിടപ്പുമുറികളോട് അനുബന്ധിച്ച് ഡ്രസിങ്ങ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. വാസ്തുനോക്കി നിര്‍മിച്ച വീട്ടില്‍ പൂജാ ഏരിയ നല്‍കിയിട്ടുണ്ട്. മോഡുലാര്‍ മാതൃകയില്‍ നിര്‍മിച്ച അടുക്കളയ്ക്ക് അനുബന്ധമായി വെറ്റേരിയ ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ സ്റ്റോറേജ് റൂമും വീടിന്റെ പ്രത്യേകതയാണ്. ഈ സ്റ്റോറേജ് റൂമിലാണ് സോളാര്‍ പാനലിന്റെ ബാറ്ററി അടക്കമുള്ളവ ക്രമീകരിച്ചിരിക്കുന്നത്. കിച്ചണിന് സമീപം അടുക്കളതോട്ടത്തിനും സൗകര്യവും ഉണ്ട്.
വീടിനോട് അറ്റാച്ച് ചെയ്യാതെ പ്ലോട്ടില്‍ തന്നെയാണ് കാര്‍ പോര്‍ച്ച് നിര്‍മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് പാകി അതിന് മുകളില്‍ ഇല പതിപ്പിച്ചാണ് മുറ്റത്തെ നടപ്പാത ക്രമീകരിച്ചിരിക്കുന്നത്. നടപ്പാതയില്‍ ഇല വീണ് കിടക്കുന്ന പ്രതീതി ഇതിലൂടെ ഉണ്ടാകുന്നു.
പൊജക്ട് ഡിസൈന്‍: Ar.മുജീബ്റഹ്മാന്‍

building industry research development (B.I.R.D)

Ph:9846905585, Email: buildingresearch@gmail.com


VIEW ON mathrubhumi.com


READ MORE MYHOME STORIES: