ദാരിദ്ര്യത്തില്‍ നിന്ന് പാട്ടു മെനഞ്ഞ റോക്ക് ഇതിഹാസം ടോം പെറ്റി അന്തരിച്ചു

മേരിക്കന്‍ റോക്ക് സംഗീതരംഗത്തെ വിസ്മയമായിരുന്ന ടോം പെറ്റി (66) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മാനേജര്‍ വിശദീകരിച്ചു. ടോം മരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇത് പിന്‍വലിച്ച ഉടനെയാണ് മരണവാര്‍ത്ത സ്ഥികരീകരിച്ച് മാനേജരും കുടുംബാംഗങ്ങളും രംഗത്തുവന്നത്.
റെഫ്യൂജി, ഫ്രീ ഫോളിന്‍, അമേരിക്കന്‍ ഗേള്‍ തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ടോമിനെ മാലിബുവിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് യു.സി.എല്‍.എ. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാന്‍ഡിനൊപ്പവും സോളോയായും റോക്ക് രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഗായകനാണ് ടോം പെറ്റി. റോക്ക് സംഗീത രംഗത്ത് വലിയ തരംഗങ്ങള്‍ സൃഷ്ടിച്ചവായിരുന്നു അദ്ദേഹത്തിന്റെ ട്രൂപ്പുകളായ ഹാര്‍ട്ട്‌ബ്രേക്കേഴ്‌സും ദി ട്രാവലിങ് വില്‍ബറീസും.
എഴുപതുകളുടെ മധ്യത്തിലാണ് പെറ്റി ഹാര്‍ട്ട്‌ബ്രേക്കേഴ്‌സിന് തുടക്കമിടുന്നത്. 1979ല്‍ പുറത്തിറങ്ങിയ ഡാം ദി ടോര്‍പ്പിഡോസ് എന്ന ആല്‍ബത്തോടെയാണ് അവര്‍ റോക്ക് രംഗത്ത് ചലനം സൃഷ്ടിച്ചുതുടങ്ങിയത്. റെഫ്യൂജി, ഡോണ്ട് ഡു മി ലൈക്ക് താറ്റ് തുടങ്ങിയ ആല്‍ബങ്ങള്‍ പുറത്തിറങ്ങിയതോടെ റോക്ക് സംഗീത പ്രിയരുടെ ഇടയില്‍ വന്‍ ഹിറ്റാവുകയായിരുന്നു ഹാര്‍ട്ട്‌ബ്രേക്കേഴ്‌സ്.
2002ല്‍ പെറ്റിയെയും അദ്ദേഹത്തിന്റെ ബാന്‍ഡിനെയും റോക്ക് ആന്‍ഡ് റോള്‍ ഹോള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. മുഴുവന്‍ അമേരിക്കക്കാരുടെയും ശബ്ദം ഒപ്പിയെടുത്തവര്‍ എന്നായിരുന്നു റോക്ക് ആന്‍ഡ് റോള്‍ ഹോള്‍ ഓഫ് ഫെയിം സംഘാടകര്‍ അന്ന് അവരെ വിശേഷിപ്പിച്ചത്.
1980ലാണ് ബോബ് ഡിലന്‍, റോയ് ഒര്‍ബിസണ്‍, ജോര്‍ജ് ഹാരിസണ്‍, ജെഫ് ലിന്നെ എന്നിവര്‍ക്കൊപ്പം പെറ്റി സൂപ്പര്‍ഗ്രൂപ്പായ ദി ട്രാവലിങ് വില്‍ബറീസിന് തുടക്കമിടുന്നത്. എന്‍ഡ് ഓഫ് ദി ലൈന്‍, ഷീ ഈസ് മൈ ബേബി എന്നിവയാണ് ഇവരുടെ ഹിറ്റ് ആല്‍ബങ്ങള്‍.
ഹാര്‍ട്ട്‌ബ്രേക്കേഴ്‌സിന്റെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം അമേരിക്കയില്‍ ഉടനീളം സംഗീത പരിപാടികള്‍ നടത്തിയിരുന്നു. ലോസ് ആഞ്ജലീസ് ഹോളിവുഡ് ബൗളിലും മൂന്ന് പരിപാടികള്‍ നടത്തിയിരുന്നു. നവംബറില്‍ ന്യൂയോര്‍ക്കില്‍ മൂന്ന് പരിപാടികള്‍ നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിത അന്ത്യം.
1950ല്‍ ഗെയ്ന്‍സ്‌വില്ലെയില്‍ ജനിച്ച പെറ്റി കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യവും മദ്യപാനിയായാ അച്ഛന്റെ കൊടിയ പീഡനങ്ങളും അനുഭവിച്ചാണ് വളര്‍ന്നുവന്നത്. എല്‍വിസ് പ്രസ്ലിയുടെ സംഗീതമാണ് റോക്ക് രംഗത്തെത്തിച്ചത്. പതിനേഴാം വസസ്സിൽ ബീറ്റിൽസിലും ബൈഡ്‌സിലും ആകൃഷ്ടനായി സ്‌കൂള്‍ ഉപേക്ഷിച്ച് മഡ്ക്രച്ച് എന്ന സ്വന്തം റോക്ക് ബാന്‍ഡുമായി ഇറങ്ങി. ഇതിനുശേഷമാണ് ഹാര്‍ട്ട്‌ബ്രേക്ക്‌സിന് തുടക്കമിടുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം 2007ല്‍ മഡ്ക്രച്ച് പുനരുജ്ജീവിപ്പിച്ച് രണ്ട് ആല്‍ബങ്ങള്‍ പുറത്തിറക്കിയിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട പെറ്റിയുടെ കരിയറില്‍ കറുത്ത അധ്യായങ്ങള്‍ ഏറെയുണ്ടായിരുന്നു. തൊണ്ണൂറുകില്‍ പെറ്റി കടന്നുപോയ മയക്കുമരുന്ന് ലഹരിയുടെ കാലത്തെക്കുറിച്ച് പെറ്റി: ദി ബയോഗ്രഫി എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പിന്നീട് കുറേക്കാലം വിഷാദരോഗത്തിനും അടിമയായിരുന്നു. വിഷാദരോഗത്തിന് ആറു വര്‍ഷത്തോളം ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ഡാന യോര്‍ക്കിനെ വിവാഹം കഴിച്ചെങ്കിലും 2002ല്‍ ഇരുവരും പിരിഞ്ഞു.


VIEW ON mathrubhumi.com