തകര്‍ച്ചയില്‍ നഷ്ടമായത് നിക്ഷേപകരുടെ ആറ് ലക്ഷം കോടി രൂപ

രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച ഉയരം കുറിച്ചത് കഴിഞ്ഞ ചൊവാഴ്ചയാണ്. നിഫ്റ്റി 10,178ലും സെന്‍സെക്‌സ് 32,500ലുമെത്തിയാണ് റെക്കോഡിട്ടത്.

വസന്തം അധികകാലം നീണ്ടുനിന്നില്ല. ഏഴുദിവസംകൊണ്ട് സൂചികകള്‍ക്ക് നഷ്ടമായത് നാല് ശതമാനത്തോളമാണ്.

നിക്ഷേപകരുടെ സമ്പത്തില്‍ 6 ലക്ഷം കോടി രൂപയാണ് ഈ ഏഴുദിവസംകൊണ്ട് നഷ്ടമായത്. കനത്ത വില്പന സമ്മര്‍ദത്തില്‍ 1,340 പോയന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്. നിഫ്റ്റിയാകട്ടെ 443 പോയന്റും കളഞ്ഞുകുളിച്ചു.

ഉത്തര കൊറിയയുടെ ഭീഷണി, രൂപയുടെ മൂല്യതകര്‍ച്ച, രാജ്യത്തെ വളര്‍ച്ചാനിരക്കിലുണ്ടായ ക്ഷീണം, സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളിലെ തളര്‍ച്ച തുടങ്ങിയവ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാന്‍ ധാരാളം മതിയായിരുന്നു.