ഇവര്‍ തിരക്കിലാണ്; നിങ്ങളോ?

By: അഞ്ജലി എന്‍ കുമാര്‍
തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാരുടെ കൈകളിൽ ഭദ്രമാണ് കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ. ഇതിന് തെളിവാണ് ബുധനാഴ്ച കൊച്ചിയിൽ നടന്ന ഇന്നൊവേറ്റ് 2020 എന്ന പദ്ധതിയുടെ ലോഞ്ചിങ്. തിരുവനന്തപുരം സ്വദേശികളാണെങ്കിലും ആരോമൽ ജയരാജ് ഷിക്കിയും, അഭിഷേക് ജയരാജ് ഷിക്കിയും സംരംഭം ആരംഭിക്കുന്നത് കൊച്ചിയിലാണ്. കേരളത്തിലെ ഒട്ടനവധി അഭ്യസ്തവിദ്യരായ യുവാക്കൾക്കും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കും ഗുണകരമാകുന്ന ഒരു പുതിയ പദ്ധതിയാണ് ഇവരുടെ ഇന്നൊവേറ്റ് 2020. യു.കെ.യിലെ കെന്റ് ആസ്ഥാനമായി ഇവർ സ്ഥാപിച്ച ഡിജിറ്റൽ ടെക്‌നോളജി കമ്പനിയായ ക്ലൗഡ്പാഡ് കമ്പനിയുടെ ഹൈടെക് ഇലക്ട്രോണിക് ഗവേഷണ, വികസന വിഭാഗവും (ആർ ആൻഡ് ഡി) നിർമ്മാണ യൂണിറ്റുമാണ് കൊച്ചിയിൽ ആരംഭിക്കുന്നത്. 

ക്ലൗഡ്പാഡിലേക്ക് യു.കെ. യിൽ നിന്ന് എം.ബി.എ. പഠനശേഷമാണ് ഈ സഹോദരങ്ങൾ തങ്ങളുടെ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. 2010 ൽ കെന്റിൽ ഒരു ഇലക്ട്രോണിക്സ് ഡിസൈൻ സ്റ്റാർട്ട് അപ്പ് ആരംഭിച്ചു. തുടർന്ന് 2012ൽ പാഡ് ബോൾട്ട് 7 ആൻഡ്രോയ്ഡ് ടാബ്‌ലറ്റ് അവതരിപ്പിച്ച് കമ്പനി ആഗോള വിപണിയിൽ ശ്രദ്ധനേടി. ആമസോൺ വഴി ഇന്ത്യയിലും ക്ലൗഡ്പാഡ് ശ്രദ്ധനേടി. ബ്രിട്ടീഷ് സർക്കാരിന്റെ പൂർണ പിന്തുണയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകമായതെന്ന് ആരോമൽ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സാന്നിദ്ധ്യമറിയിച്ച ഇന്ത്യ - യു.കെ. ടെക്ക് സമ്മിറ്റിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' കാമ്പെയിനിലും ക്ലൗഡ്പാഡ് സാന്നിദ്ധ്യമറിയിച്ചു. മൊബൈൽ ഫോൺ, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ, എഡ്യുക്കേഷണൽ റോബോട്ടിക്‌സ് കിറ്റ്, സ്മാർട്ട് നെറ്റ്‌വർക്ക് കംപോണെന്റ്‌സ് തുടങ്ങി ഹാർഡ് വെയർ-സോഫ്റ്റ് വെയർ രംഗത്ത് തങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഡിജിറ്റൽ പദ്ധതികളോട് സഹകരിച്ചാണ് ക്ലൗഡ്പാഡിന്റെ ഇന്ത്യൻ നിക്ഷേപ പദ്ധതികൾ. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗതാഗത നിയന്ത്രണ സംവിധാനത്തിന് നേതൃത്വം നൽകുന്നത്. ക്ലൗഡ്പാഡാണ്.

ഇന്നൊവേറ്റ് 2020 ക്ലൗഡ്പാഡിന്റെ ഈ വർഷത്തെ ഏറ്റവും പുതിയ പദ്ധതിയാണ് ഇന്നൊവേറ്റ് 2020. തങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചിയെ കേന്ദ്രീകരിച്ച് നടത്തുക എന്നാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നൊവേറ്റ് 2020 പ്രവർത്തനമാരംഭിക്കുന്നതോടെ മൂവായിരത്തിലധികം പേർക്കുള്ള തൊഴിലവസരങ്ങളാണ് കേരളത്തിൽ ഉണ്ടാകുക. എൻജിനീയറിങ് ബിരുദധാരികളായവരെയാണ് പദ്ധതിക്കാവശ്യം. കേരളത്തിലാണ് പദ്ധതിയാരംഭിക്കാനുള്ള അനുയോജ്യമായ അന്തരീക്ഷമുള്ളതെന്ന് ആരോമൽ പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ സംയോജിപ്പിച്ചും പുതിയ അവസരങ്ങൾ സൃഷ്ടിച്ചും മികച്ച തൊഴിൽദാതാക്കളാകാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അധിഷ്ഠിത ചിപ്‌സെറ്റുകൾ കൊച്ചിയിൽ നിർമിച്ച്‌ രണ്ടു വർഷത്തിനകം കയറ്റുമതി ചെയ്യാനും കമ്പനിക്ക്‌ പദ്ധതിയുണ്ട്. കാക്കനാട് 5000 സ്ക്വയർ ഫീറ്റുള്ള ഓഫീസാണ് ഇന്നൊവേറ്റ് 2020ക്കായി ഉപയോഗിക്കുന്നത്.



View on mathrubhumi.com