ഡിജിറ്റൽ ബാങ്കിങ്ങിൽ ആക്സിസ് ബാങ്കിന് മുന്നേറ്റം

By: ആർ. റോഷൻ
നോട്ട് അസാധുവാക്കൽ നടപടിയോടെ രാജ്യത്ത് ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ വൻതോതിലുള്ള കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ രംഗത്ത് ഒട്ടേറെ പുതിയ ചുവടുവയ്പുകൾ നടത്തിയിട്ടുള്ള ബാങ്കാണ് ആക്‌സിസ് ബാങ്ക്. ഇന്ത്യൻ ബാങ്കിങ് രംഗത്ത് സ്വകാര്യ മേഖലയിലെ മൂന്നാമത്തെ വലിയ ബാങ്കാണ് ആക്‌സിസ്. ഡിജിറ്റൽ രംഗത്ത് ബാങ്ക് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും കേരളത്തിലെ ബിസിനസ്സിനെ കുറിച്ചും ആക്‌സിസ് ബാങ്കിന്റെ റീട്ടെയിൽ ബാങ്കിങ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് ആനന്ദ് ‘മാതൃഭൂമി ധനകാര്യ’വുമായി സംസാരിക്കുന്നു: 

ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിലെ വളർച്ച എത്രത്തോളമാണ്?

ആക്‌സിസ് ബാങ്കിന്റെ മൊത്തം റീട്ടെയിൽ ഇടപാടുകളിൽ 48 ശതമാനമായിരുന്നു ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾ. നോട്ട് അസാധുവാക്കലിന് ശേഷം അത് 58 ശതമാനമായി ഉയർന്നിരിക്കുകയാണ്. നോട്ട് അസാധുവാക്കലിന്റെ ഫലമായി ശാഖകളിലെ ഇടപാടുകൾ 14 ശതമാനത്തിൽ നിന്ന് 19 ശതമാനമായി ഉയർന്നു. അതേസമയം, നിയന്ത്രണങ്ങൾ നിലനിന്നതുമൂലം എ.ടി.എം. ഇടപാടുകൾ 38 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മൊബൈൽ ബാങ്കിങ് ഇടപാടുകൾ ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ 29,760 കോടി രൂപയായി ഉയർന്നു. മൊബൈൽ ബാങ്കിങ് ഇടപാടുകളിൽ 13 ശതമാനമാണ് ആക്‌സിസിന്റെ വിഹിതം. ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് ഞങ്ങൾ. ഈ രംഗത്ത് 10.6 ശതമാനമാണ് വിപണിവിഹിതം. ഡെബിറ്റ് കാർഡ് ഇടപാടുകളിൽ 5.8 ശതമാനം വിപണിവിഹിതമുണ്ട്. 

വ്യാപാര സ്ഥാപനങ്ങളിലെ കാർഡ് സ്വൈപ്പിങ് മെഷീനുകളുടെ വിപണിയിൽ ആക്‌സിസിന് കാര്യമായ സാന്നിധ്യമുണ്ടല്ലോ?

വ്യാപാര സ്ഥാപനങ്ങളിലെ കാർഡ് സ്വൈപ്പിങ് (പോയിന്റ് ഓഫ് സെയിൽസ് -പി.ഒ.എസ്.) മെഷീനുകളുടെ വിപണിയിൽ ആക്‌സിസ് ബാങ്കാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ സ്ഥാപിച്ചിട്ടുള്ള പി.ഒ.എസ്സുകളിൽ 18.3 ശതമാനവും ആക്‌സിസിന്റേതാണ്. മൂന്ന് ലക്ഷത്തിലേറെ ടെർമിനലുകളാണ് ഇത്തരത്തിൽ ആക്‌സിസിന്റേതായുള്ളത്. നോട്ട് അസാധുവാക്കലിന് ശേഷം ഈ രംഗത്ത് വൻ മുന്നേറ്റമുണ്ടായിട്ടുണ്ട്. 

കേരളത്തിൽ ഡിജിറ്റൽ ബാങ്കിങ് എത്രത്തോളം മുന്നേറിയിട്ടുണ്ട്?

നോട്ട് അസാധുവാക്കലിന് ശേഷം സംസ്ഥാനത്ത് ഡിജിറ്റൽ പണമിടപാടുകൾ വൻതോതിൽ ഉയർന്നിരിക്കുകയാണ്. മൊബൈൽ ബാങ്കിങ് രജിസ്‌ട്രേഷനുകൾ 86 ശതമാനവും ഇടപാടുകൾ 46 ശതമാനവും വർധിച്ചു. ഇന്റർനെറ്റ് ബാങ്കിങ് രജിസ്‌ട്രേഷൻ 33 ശതമാനമാണ് ഉയർന്നത്. നവംബർ എട്ടിന് ശേഷം സംസ്ഥാനത്ത് പുതുതായി മൂവായിരത്തിലേറെ പി.ഒ.എസ്. ടെർമിനലുകൾ ആക്‌സിസ് ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ബാങ്കിന്റെ പ്രകടനം?

കേരളത്തിൽ ശാഖകളുടെ എണ്ണം 90ലേക്ക് എത്തിയിരിക്കുകയാണ്. ഈ സാമ്പത്തിക വർഷം 13 പുതിയ ശാഖകളാണ് കേരളത്തിൽ ആരംഭിച്ചത്. ബാങ്കിന്റെ എൻ.ആർ.ഐ. ബിസിനസ്സിൽ കേരളത്തിന്റെ സംഭാവന പത്തു ശതമാനമാണ്. സംസ്ഥാനത്തെ മൊത്തം നിക്ഷേപത്തിന്റെ 58 ശതമാനവും എൻ.ആർ.ഐ. നിക്ഷേപമാണ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് കേരളത്തിലെ എൻ.ആർ.ഐ. ബിസിനസ്സിൽ 2.3 മടങ്ങ് വളർച്ച ഉണ്ടായിട്ടുണ്ട്. 

ഇ-മെയിൽ: roshan@mpp.co.in



View on mathrubhumi.com