ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരൻ എം.എ. യൂസഫലി

കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്. ദുബായിയിലെ ‘അറേബ്യൻ ബിസിനസ്’ മാസിക പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ തുടർച്ചയായ എട്ടാം തവണയാണ് യൂസഫലി ഒന്നാമതെത്തുന്നത്. 

ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പവും റീട്ടെയിൽ വ്യാപാര മേഖലയിലെ ശക്തമായ സാന്നിധ്യവുമാണ് യൂസഫലിയെ പട്ടികയിൽ തുടർച്ചയായി ഒന്നാമതെത്തിക്കുന്നത്. 44,800 കോടി രൂപ വിറ്റുവരവുള്ള ലുലു ഗ്രൂപ്പിന് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യ, ഈജിപ്ത്, മലേഷ്യ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലുമായി 138 റീട്ടെയിൽ സ്ഥാപനങ്ങളുണ്ട്. 

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാലിയോൺ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്വാനി രണ്ടാമതായും ഫൈവ് ഹോൾഡിങ്‌സ് ഗ്രൂപ്പ് ചെയർമാൻ കബീർ മുൽചന്ദാനി മൂന്നാമതായും പട്ടികയിൽ ഇടംപിടിച്ചു. 

വി.പി.എസ്. ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, എൻ.എം.സി. ഹെൽത്ത് സി.ഇ.ഒ. പ്രശാന്ത് മങ്ങാട്ട്, ലുലു എക്സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്, ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മലബാർ ഗ്രൂപ്പ് ഇന്റർനാഷണൽ എം.ഡി. ഷംലാൽ അഹമ്മദ്, യു.എ.ഇ. എക്സ്‌ചേഞ്ച് സി.ഇ.ഒ. പ്രമോദ് മങ്ങാട്ട്, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, കെഫ് ഹോൾഡിങ്‌സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, സുനിൽ ജോൺ, മുഹമ്മദ് ജാഫർ മുസ്തഫ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ. 



View on mathrubhumi.com