പ്രായത്തെ മറന്ന് ടൈപ്പ്‌റൈറ്ററിനെ നെഞ്ചോടുചേര്‍ത്ത് സുബ്രഹ്മണ്യന്‍

By: ഇ. സവീഷ്
ചേളന്നൂര്‍:പ്രായത്തെ മറന്ന് ടൈപ്പ്‌റൈറ്ററിനെ നെഞ്ചോടുചേര്‍ക്കുകയാണ് കണ്ണങ്കര വെള്ള്യാറട്ട് വി. സുബ്രഹ്മണ്യന്‍. അറുപത്തിയേഴിന്റെ നിറവിലും ടൈപ്പ് റൈറ്റിങ് പഠിപ്പിക്കുകയാണ് ഇദ്ദേഹം. പഠിതാക്കളില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള മിക്കസ്ഥാപനങ്ങളും ഇല്ലാതാകുന്ന സാഹചര്യത്തിലും എട്ടേരണ്ടിലെ തന്റെ വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കൊമേഴ്‌സിലൂടെ ടൈപ്പ്‌റൈറ്റിങ് പഠനത്തിന് പുതുജീവന്‍ പകരുകയുമാണ് ഈ അധ്യാപകന്‍. 1968-ല്‍ ആരംഭിച്ച് സ്ഥാപനം അതേ കെട്ടിടത്തില്‍ ഒരു മാറ്റവുമില്ലാതെ ഇന്നും പ്രവര്‍ത്തിക്കുന്നു.

രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ ഒന്‍പതുബാച്ചുകളിലായി ക്ലാസുണ്ട്. ഷോര്‍ട്ട്ഹാന്‍ഡും പഠിപ്പിക്കുന്നുണ്ട്. ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ് ആരംഭിച്ച അതേ വര്‍ഷം തുടങ്ങിയ സ്ഥാപനമെന്ന പ്രത്യേകതയും ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ട്. തുടക്കത്തില്‍ സ്ഥാപനത്തിലെ പഠിതാവായിരുന്നു സുബ്രഹ്മണ്യന്‍. 1972 മുതല്‍ സ്ഥാപനം സ്വന്തമായി നടത്താന്‍ തുടങ്ങി. ടൈപ്പ് റെറ്റിങ്ങില്‍ ഹയറും ഷോര്‍ട്ട്ഹാന്‍ഡില്‍ ലോവറും നേടിയ സുബ്രഹ്മണ്യന്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം. ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ഇവിടെനിന്ന് പഠിച്ചിറങ്ങി ടൈപ്പിസ്റ്റായി സര്‍ക്കാര്‍മേഖലയില്‍ ജോലിചെയ്യുന്നവരും അനേകംപേരുണ്ട്. സ്ഥാപനം തുടങ്ങിയതുമുതല്‍ ഒരു ബാച്ചുപോലും മുടങ്ങാതെ വിദ്യാര്‍ഥികളെ കെ.ജി.ടി.ഇ. പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നുണ്ട്. പി.എസ്.സി. കോച്ചിങ്ങിന് പോകുന്നവരാണ് കൂടുതലായി ഇപ്പോള്‍ ടൈപ്പ് പഠിക്കാനെത്തുന്നതെന്ന് സുബ്രഹ്മണ്യന്‍ പറയുന്നു. ചേളന്നൂര്‍ പഞ്ചായത്തില്‍ നേരത്തേ ഇത്തരത്തിലുള്ള അഞ്ചുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പഞ്ചായത്തിലെ ഏക സ്ഥാപനമാണിത്.


VIEW ON mathrubhumi.com