മുളച്ച് പൊന്തുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും രോഗാതുരത കുറയാത്ത കേരളവും

By: കെ.പി നിജീഷ് കുമാര്‍
കേരളം ഇന്ന് കടന്ന് പോകുന്ന ആരോഗ്യ പ്രതിസന്ധികള്‍ ലോക നിലവാരത്തിലെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ ആരോഗ്യ സംസ്‌കാരത്തിന് ഏറെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ആരോഗ്യ മേഖലയില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം കേരളത്തിലും ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും പകര്‍ച്ച വ്യാധികള്‍ക്കും, ജീവിത ശൈലീ രോഗങ്ങള്‍ക്കും ഇരയായി മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചുവരുന്നു. ഇത് എന്ത് കൊണ്ട് എന്ന ചര്‍ച്ച ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ഡോക്ടര്‍മാരുടെ ഇടയിലും വലിയ തോതില്‍ നടക്കുന്നുണ്ടെങ്കിലും കൃത്യമായ പരിഹാര മാര്‍ഗം കണ്ടെത്തന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
വര്‍ഷം തോറും പുതിയ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും രോഗീ ചികിത്സയ്ക്കായി ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇത് മാത്രം കൊണ്ട് രോഗങ്ങളെ തുടച്ച് നീക്കുന്നതില്‍ നമ്മള്‍ വിജയിച്ചിട്ടില്ല എന്നാണ് ഓരോ വര്‍ഷവും ഉണ്ടാവുന്ന പനി മരണങ്ങളുടെയും മറ്റും കണക്ക് നോക്കുമ്പോള്‍ വ്യക്തമാവുന്നത്. ഇതിന് പുറമെ നിര്‍മാര്‍ജനം ചെയ്തുവെന്ന് നമ്മള്‍ കരുതിയ മലേറിയ, കോളറ, ഡിഫ്ത്തീരിയ പോലുള്ള പകര്‍ച്ച വ്യാധികള്‍ തിരികെ വരികയും ചെയ്തു. ഇതിന് പുറമെ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്താതി സമ്മര്‍ദം, കാന്‍സര്‍, പ്രമേഹം തുടങ്ങിയവ ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ച് വരികയാണ്.
ഉയര്‍ന്ന ജീവിത നിലവാരം, പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവങ്ങളും കൊണ്ട് സമ്പന്നം ഇങ്ങനെ ജീവിക്കാന്‍ എന്ത് കൊണ്ടും അനുയോജ്യമായ സാഹചര്യമാണ് കേരളത്തിലുള്ളതെങ്കിലും ഓരോ വ്യക്തിയും തന്റെ വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനത്തിലേറെ ചികിത്സാ ചെലവിനായി മാത്രം വര്‍ഷം തോറും ചെലവഴിച്ച് തീര്‍ക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പലപ്പോഴും പാവപ്പെട്ടവര്‍ക്ക് ചികിത്സ അന്യമാക്കപ്പെടുകയും ചെയ്യുന്നു. അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ചികിത്സയ്ക്കായി മാത്രം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരം അവസ്ഥകള്‍ മുതലെടുക്കാന്‍ സുപ്പര്‍ സ്‌പെഷ്യാലിറ്റികളും മുളച്ച് പൊന്തുന്ന മെഡിക്കല്‍ കോളേജുകളും അവസരം കാത്തിരിക്കുകയും ചെയ്യുന്നു.
രോഗ ചികിത്സാ സംവിധാനത്തില്‍ കൂടുതല്‍ പ്രാധാന്യം പാവപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടിയാകണമെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിലും അത് ചില വിഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോവുന്നുണ്ട്. ഇതിന് ഒടുവിലത്തെ ഉദാഹരമാണ് തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവും യു.പിയിലെ ബാബ രാഘവ ദാസ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ കൂട്ടമരണവുമെല്ലാം. പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാകുന്ന അമേരിക്കന്‍ മോഡല്‍ രോഗ പരിചരണ സംവിധാനം ഇന്ത്യയിലേക്കും വ്യാപിക്കുന്നതിന്റെ ലക്ഷണമായാണ് ഇതിനെ ജനകീയ ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും പോലുള്ള പകര്‍ച്ചപ്പനിയാണ് കേരളത്തില്‍ ഈ കാലവര്‍ഷത്തില്‍ ജനങ്ങളുടെ ജീവനെടുത്തവരില്‍ പ്രധാന വില്ലന്‍മാര്‍. കഴിഞ്ഞ തവണയും ഇതേ ആവസ്ഥയുണ്ടായപ്പോള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരും ഇതിനെ ഗൗരവത്തിലെടുത്തില്ലെന്നാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതായത് പകര്‍ച്ച വ്യാധികള്‍ പൊട്ടിപുറപ്പെടുമ്പോള്‍ മാത്രം കാണിക്കുന്ന ശുഷ്‌കാന്തി കൊണ്ട് കാര്യമില്ല എന്നത് തന്നെ. പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള ഏക പോംവഴി മാലിന്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധ കൊടുക്കുക എന്നത് മാത്രമാണ്. പക്ഷെ ഏതെങ്കിലും രീതിയില്‍ മാലിന്യം എവിടെയെങ്കിലും കളയാനല്ലാതെ സംസ്‌കാരിക്കാന്‍ നമ്മള്‍ പഠിച്ചിട്ടില്ല. അത് പഠിക്കാത്തിടത്തോളം കാലത്തോളം രോഗാവസ്ഥയില്‍ നിന്നും മോചനമുണ്ടാവുകയും ചെയ്യില്ല. മലമ്പനി,ഡെങ്കിപ്പനി,ചിക്കന്‍ ഗുനിയ, കോളറ, എലിപ്പനി എന്നിവയുടെയെല്ലാം രോഗാണു മനുഷ്യ ശരീരത്തിലേക്കെത്തിക്കുന്നതിന് പ്രധാന കാരണം മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് കൊണ്ടുള്ള പരിസര ശുചിത്വമില്ലായ്മകൊണ്ടാണെന്ന് എത്ര ചൂണ്ടിക്കാട്ടയിട്ടും രോഗം വന്നാല്‍ ആശുപത്രി മരുന്ന് എന്നിവയിലേക്ക് മാത്രം നമ്മുടെ ആരോഗ്യ സുരക്ഷ മാറിയിരിക്കുന്നു.
ഇതേ അവസ്ഥയാണ് ജീവിത ശൈലീ രോഗങ്ങളുടെയും കാര്യത്തില്‍. മനുഷ്യന് അറിയാവുന്ന കാന്‍സര്‍, ഹൃദ്രോഗം അടക്കമുള്ള രോഗങ്ങളും ഇനി ഭാവിയില്‍ അറിയപ്പെടാന്‍ പോവുന്ന എല്ലാ രോഗങ്ങള്‍ക്കും പ്രധാന കാരണമായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത് മനുഷ്യന്റെ ജീവിത ശൈലിയിലെ പ്രശ്‌നമാണ്. തെറ്റായ ജീവിത ശൈലി രോഗങ്ങളുടെ കലവറ തന്നെ തീര്‍ക്കുമെന്ന് അറിയാമെങ്കിലും ആരും ഇതിനെ ഗൗരവത്തോടെയെടുക്കുന്നില്ല. ഫലമോ കേരളം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെയും രോഗികളുടെയും കേന്ദ്രമായി മാത്രം മാറുകയും ചെയ്തു. ശരിയായ ജീവിത ശൈലി എന്നത് രാവിലെ മുതല്‍ രാത്രിവരെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം, ഉറക്കം, യാത്ര എന്നവയെല്ലാം ഉള്‍പ്പെട്ടതാണ്. പക്ഷെ ഇതിനെ കൃത്യമായി കൂടെ കൂട്ടാന്‍ പലര്‍ക്കും കഴിയാറില്ല. പകരമായി യുവാക്കള്‍ പോലും ഹൃദ്രോഗം കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദം എന്നിവയെ ഒരു മടിയുമില്ലാതെ കൂടെ കൂട്ടുകയും ചെയ്തു. കൃത്യമായി വ്യായാമം ചെയ്യുകയും ദുശ്ശീലങ്ങള്‍ ഒഴിവാക്കുകയും മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുക എന്നത് നല്ല ജീവിത ശൈലിയുടെ പ്രധാനഭാഗമാണ്.
ഒരു കാലത്ത് 45 ന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഹൃദ്രോഗവും പ്രമേഹവുമല്ലാം കണ്ട് വന്നതെങ്കില്‍ ഇന്നിത് കുട്ടികളെ പോലും ബാധിച്ചിരിക്കുന്നു. കേരളത്തില്‍ ഗ്രാമീണരില്‍ പോലും ഹൃദ്രോഗ സാധ്യത കൂടി വരികയാണെന്നാണ് കണക്ക്.കൂടുതല്‍ ആഹാരവും കുറഞ്ഞ അധ്വാനവുമാണ് ഇതിന്റെ പ്രധാന കാരണമായി ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് സ്റ്റഡി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. വ്യത്യസ്തമായ ജീവിത-ഭക്ഷണശൈലികള്‍ എങ്ങനെ ഹൃദ്രോഗത്തെ ബാധിക്കുന്നുവെന്നായിരുന്നു പഠന വിഷയം. പുകവലി, അമിത കൊഴുപ്പ്, രക്ത സമ്മര്‍ദം, പ്രമേഹം, മദ്യപാനം, അമിത വണ്ണം, വ്യായാമം, സ്‌ട്രെസ് ഇവ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ 2025 ഓടെ ഹൃദ്രോഗത്തെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം രാജ്യത്തെ ഹൃദ്രോഗ തലസ്ഥാനമായാണ് അറിയപ്പെടുന്നത്. ഇതിന് മാറ്റം വരണമെങ്കില്‍ ചികിത്സയല്ല പ്രധാനം മറിച്ച് രോഗം വരാതിരിക്കാനുള്ള സാഹചര്യത്തെ തടഞ്ഞ് നിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നതിനെ കുറിച്ച് ഓരോ വ്യക്തിക്കും ധാരണയുണ്ടാവുക എന്നത് തന്നെയാണ്.


VIEW ON mathrubhumi.com