കേന്ദ്രസർക്കാരിന്റെ പുതിയ ഔഷധ നയം നിരാശാജനകം

By: ഡോ ബി. ഇക്ബാൽ
  • നിർബന്ധിത ലൈസൻസിങ്‌ പ്രയോഗിക്കുന്നതിനെ പറ്റി കേന്ദ്രസർക്കാർ അടുത്തയിടെ പ്രഖ്യാപിച്ച ആരോഗ്യ നയരേഖയിലെന്നപോലെ ഔഷധനയത്തിലും മൗനം അടിസ്ഥാന ഔഷധ ഇറക്കുമതി നിയന്ത്രിക്കുന്നതിനോ ആഭ്യന്തര ഉത്‌പാദനം വർധിപ്പിക്കുന്നതിനോ ഉള്ള യാതൊരു നിർദേശവുമില്ല
  • ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള യാതൊരു നിർദേശവുമില്ല
  • പൊതുമേഖലാ കമ്പനികൾ ഇനി രാജ്യത്താവശ്യമില്ലെന്ന നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ജനറിക്ക് മരുന്നുകളെ സംബന്ധിച്ചുള്ള പുതിയ നയത്തിലെ അനുകൂല നിലപാട് ജലരേഖയായി മാറാനാണ് സാധ്യത
  • മാർക്കറ്റ് അടിസ്ഥാനവില നിശ്ചയിക്കൽ നടപ്പിലാക്കിയതാണ് ഔഷധവില കുത്തനെ വർധിക്കാൻ കാരണമായത്. ഇത് അതേ പടി തുടരുമെന്നാണ് പുതിയ നയരേഖയുടെ ഇക്കാര്യത്തിലുള്ള നിശ്ശബ്ദതയിൽ നിന്നും മനസ്സിലാക്കേണ്ടത്
  • പരമ്പരാഗത ഔഷധ ഗവേഷണവും ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജൈവ ഔഷധഗവേഷണവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയാണ് ഔഷധ ഗവേഷണം സംബന്ധിച്ച ഭാഗം തയ്യാറാക്കിയിട്ടുള്ളത്
കേന്ദ്ര സർക്കാർ പുതിയ ഔഷധനയം പ്രഖ്യാപിച്ചിരിക്കയാണ്. ഇന്ത്യൻ ഔഷധമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ കൺക്കിലെടുത്ത് അവ പരിഹരിക്കാൻ സഹായിക്കുന്ന സമഗ്രമായ നയം പ്രതീക്ഷിച്ചവരെ പുതിയ നയത്തിലെ പല സമീപനങ്ങളും നിരാശപ്പെടുത്തിയിരിക്കയാണ്.
സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം അഭൂതപൂർവമായ വളർച്ച കൈവരിച്ച ഉത്‌പാദനമേഖലയാണ് ഇന്ത്യൻ ഔഷധവ്യവസായം. 1970 ലെ പേറ്റന്റ് നയം, 1978 ലെ ഔഷധ നയം, 1979 ലെ ഔഷധ വിലനിയന്ത്രണ നിയമം എന്നിവയുടെ ഫലമായി ഇന്ത്യൻ ഔഷധവ്യവസായം വളർന്നു വികസിച്ചു. ഗുണനിലവാരവും വിലക്കുറവുമുള്ള അവശ്യമരുന്നുകൾ പൂർണമായും ഉത്‌പാദിപ്പിക്കാൻ സാങ്കേതിക ശേഷിയും സ്വാശ്രയത്വവും കൈവരിച്ച രാജ്യങ്ങളിൽ ഇന്ത്യക്ക് പ്രമുഖസ്ഥാനം കൈവരിക്കാൻ കഴിഞ്ഞു. ഇന്ത്യൻ ജനതയ്ക്ക് മാത്രമല്ല നിരവധി വികസ്വരരാജ്യങ്ങളിലെ ജനങ്ങൾക്കും കുറഞ്ഞവിലയ്ക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ വളർന്നു. വികസ്വര രാജ്യങ്ങളുടെ ഫാർമസി, പാവങ്ങളുടെ മരുന്നുകട തുടങ്ങിയ വിശേഷണങ്ങൾക്ക് ഇന്ത്യൻ ഔഷധവ്യവസായം അർഹമായി.
അടിസ്ഥാന ഔഷധോത്‌പാദനം1990-കൾക്ക് ശേഷം മാറിമാറിവന്ന കേന്ദ്രസർക്കാരുകൾ പിന്തുടർന്നു വരുന്ന സാമ്പത്തിക സമീപനങ്ങളുടെയും ഔഷധനയങ്ങളുടെയും ഫലമായി ഇന്ത്യൻ ഔഷധവ്യവസായം ഗുരുതരമായ പ്രതിസന്ധികളിലേക്കു വീണു. സ്വാതന്ത്ര്യലബ്ധിക്കു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് ഇന്ത്യൻ ഔഷധമേഖല തിരികെ പോവുകയാണോയെന്ന് സംശയിക്കേണ്ട ആശങ്കാജനകമായ സ്ഥിതിവിശേഷമാണിപ്പോൾ. ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് അന്തിമരൂപത്തിലുള്ള വിലകൂടിയ ഫോർമുലേഷനുകൾ മാത്രമാണ് ഇന്ത്യയിൽ ഉത്‌പാദിപ്പിച്ചിരുന്നത്. അടിസ്ഥാന ഔഷധങ്ങൾ (Bulk Drugs: Act Pharmaceutical Ingredien)വിദേശത്താണ് ഉത്‌പാദിപ്പിച്ചിരുന്നത്.
ഒരു രാജ്യത്തിന് ഔഷധമേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കണമെങ്കിൽ ബൾക്ക് ഡ്രഗ്‌സ് സ്വന്തം രാജ്യത്ത് തന്നെ ഉത്‌പാദിപ്പിക്കണം. ഫോർമുലേഷൻസ് ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കണം. ഇത് കണക്കിലെടുത്തു കൊണ്ടാണ് പൊതു മേഖലയിലും സ്വകാര്യ മേഖലയിലും അടിസ്ഥാന ഔഷധങ്ങൾ (ബൾക്ക് ഡ്രഗ്‌സ്) ഉത്‌പാദിപ്പിക്കുന്നത് നിർബന്ധിതമാക്കുന്ന നയം സർക്കാർ സ്വീകരിച്ചത്. എന്നാൽ 1994-ൽ പ്രഖ്യാപിച്ച ഔഷധനയത്തോടെ അടിസ്ഥാന ഔഷധങ്ങൾ ഇന്ത്യയിൽ തന്നെ ഉത്‌പാദിപ്പിക്കണമെന്ന നിബന്ധന പിൻവലിച്ചു. ഇതേത്തുടർന്ന് അടിസ്ഥാന ഔഷധത്തിനായി വിദേശരാജ്യങ്ങളെ നമുക്കാശ്രയിക്കേണ്ടി വന്നു. 50 മുതൽ 80 ശതമാനം വരെ മരുന്നുകൾ (ഫോർമുലേഷനുകൾ) ഇറക്കുമതി ചെയ്യുന്ന അടിസ്ഥാന ഔഷധങ്ങളിൽ നിന്നാണ് സമീപകാലത്തായി ഉത്‌പാദിപ്പിച്ചുവരുന്നത്. ഇപ്പോൾ പ്രധാനമായും ചൈനയിൽ നിന്നാണ് അടിസ്ഥാന ഔഷധങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതാവട്ടെ വർഷംതോറും വർധിച്ചുവരികയുമാണ്.
1978-ലെ ഔഷധനയത്തിൽ പൊതുമേഖല, വൻകിട, ചെറുകിട കമ്പനികൾ എന്നിങ്ങനെ തരംതിരിച്ച് നിർബന്ധമായും നിശ്ചിതശതമാനം അടിസ്ഥാന ഔഷധങ്ങൾ ഉത്‌പാദിപ്പിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. ഈ നിബന്ധന പിൽക്കാലത്ത് പിൻവലിക്കയാണുണ്ടായത്. അതോടെ പഴയത് പോലെ ഒന്നുകിൽ ഫോർമുലേഷൻസ് മാർക്കറ്റ് ചെയ്യുക അല്ലെങ്കിൽ ഇറക്കുമതി ചെയ്ത അടിസ്ഥാന ഔഷധങ്ങളിൽ നിന്നും ഫോർമുലേഷൻസ് ഉത്‌പാദിക്കുക എന്ന സ്വാശ്രയത്തെ അപകടത്തിലാക്കുന്ന രീതിയിലേക്ക് ഇന്ത്യൻ ഔഷധ വ്യവസായം മാറി. പുതിയ നയത്തിൽ അടിസ്ഥാന ഔഷധങ്ങൾ ഇറക്കുമതി നിയന്ത്രിക്കുന്നതിനോ ആഭ്യന്തര ഉത്‌പാദനം വർധിപ്പിക്കുന്നതിനോ ഉള്ള യാതൊരു നിർദേശവും ഉന്നയിച്ചിട്ടില്ല. മാത്രമല്ല അടിസ്ഥാനഔഷധ ഉത്‌പാദനത്തിൽ പ്രധാന പങ്ക് വഹിക്കേണ്ട പൊതു മേഖലയോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഔഷധ ഗുണനിലവാരം.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള യാതൊരു നിർദേശവും പുതിയ നയത്തിൽ സൂചിപ്പിച്ചിട്ടില്ല. ഔഷധഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായിട്ടുള്ള കേന്ദ്ര ഏജൻസിയായ സെൻട്രൽ ഡ്രഗസ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (Cetnral Drugs Standard Cotnrol Oranisation: CDSCO.) നിരവധി പ്രവർത്തന വൈകല്യങ്ങൾ പാർലമെന്റിലെ ആരോഗ്യ കുടുംബക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 2012-ലെ അമ്പത്തി ഒമ്പതാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ വ്യാജമരുന്നുകളെയും ഗുണനിലവാരം കുറഞ്ഞ മരുന്നുകളെയും സംബന്ധിച്ച്‌ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. ആർ.എ. മഷേൽക്കർ ചെയർമാനായുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലും ഔഷധ നിരീക്ഷണ സംവിധാനങ്ങളുടെ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയിൽ മാർക്കറ്റ് ചെയ്യുന്ന 10 ശതമാനം മരുന്നുകളെങ്കിലും വ്യാജമരുന്നുകളാണെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Survey of Extent of Problems of Spurious and Not of Standard Qualtiy Drugs in the Coutnry 2016) രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഔഷധ ഗുണനിലാവാരം ഉറപ്പ് വരുത്തേണ്ട സി.ഡി.എസ്.സി.ഒ.യുടെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കുന്നതിനെപ്പറ്റിയോ അതിന്റെ കീഴിലുള്ള ഔഷധ പരിശോധന ലബോ റട്ടറികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെ പറ്റിയോ പുതിയ നയത്തിൽ യാതൊരു പരാമർശങ്ങളുമില്ല. പുതിയ മരുന്നുകൾക്ക് അംഗീകാരം നൽകുക, ഔഷധ പരീക്ഷണം നടത്തുക, അനാവശ്യങ്ങളും അപകടകാരികളുമായ മരുന്നുകൾ നിരോധിക്കുക തുടങ്ങിയവയെ സംബന്ധിച്ചുള്ള 2013-ലെ രജ്ജിത് റോയി ചൗധരി കമ്മിറ്റിയുടെ വിലപ്പെട്ട നിർദേശങ്ങളും പുതിയ നയത്തിൽ അവഗണിച്ചിരിക്കുന്നു.
ഔഷധ വിലനിയന്ത്രണംഔഷധ വിലനിയന്ത്രണത്തെ പറ്റിയും നയരേഖ വാചാലമാകുന്നുണ്ട്. ചില നിർദേശങ്ങൾ സ്വാഗതാർഹവുമാണ്. ഉദാഹരണത്തിന് മരുന്നുകളുടെ ചില പ്രത്യേക ഡോസുകളുടെ മാത്രം വില നിർണയിക്കുന്നത് ഉപേക്ഷിക്കണമെന്ന് നയത്തിൽ പറയുന്നത് തീർച്ചയായും സ്വീകാര്യമായ നിർദേശമാണ്. എന്നാൽ ഔഷധവില നിയന്ത്രണം നേരിടുന്ന മുഖ്യപ്രശ്നം പരിഹരിക്കാനുള്ള നിർദേശം നയരേഖയിലില്ല. 2012-ലെ ഔഷധ വിലനിയന്ത്രണ നിയമം വഴി ചെലവടിസ്ഥാന വിലനിശ്ചയിക്കലിന്റെ സ്ഥാനത്ത് മാർക്കറ്റ് അടിസ്ഥാന വില നിശ്ചയിക്കൽ നടപ്പിലാക്കിയതാണ് ഔഷധവില കുത്തനെ വർധിക്കാൻ കാരണമായത്. ഇത് അതേ പടി തുടരുമെന്നാണ് പുതിയ നയരേഖയുടെ ഇക്കാര്യത്തിലുള്ള നിശ്ശബ്ദതയിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഓൺലൈൻ ഔഷധ വിപണിയിലൂടെ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാമെന്ന നിലപാടാണ് ഔഷധനയ രേഖ മുന്നോട്ട് വെക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഓൺലൈൻ മരുന്നുകടകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെയാണ് ഇത്തരം ഓൺ ലൈൻ സ്റ്റോറുകൾ മരുന്നുകൾ വിറ്റുവരുന്നത്. ഇന്റർനെറ്റ് മരുന്ന് കടകൾ നെറ്റുവഴി ഉപഭോക്താവിനെ ലക്ഷ്യമാക്കി നേരിട്ട് ഔഷധം പ്രചാരണം നടത്തുന്ന ഡയറക്ട് ടു കൺസ്യൂമർ അഡ്വർടൈസ്‌മെന്റ് എന്ന പുതിയ മാർക്കറ്റിങ് രീതിയാണ് പിന്തുടർന്ന് വരുന്നത്.
പ്രൊഫഷണൽ വെബ് സൈറ്റുകളെന്ന നാട്യത്തിലാണ് ഇത്തരം പല ഇന്റർനെറ്റ് വെബ് സൈറ്റുകളും പ്രവർത്തിക്കുന്നത്. പാർശ്വഫലങ്ങൾ മറച്ച് വെച്ചുകൊണ്ടും ഗുണഫലങ്ങൾ പെരുപ്പിച്ചുകാട്ടിയുമാണ് വെബ് സൈറ്റുകൾ ആധികാരികം എന്ന നാട്യത്തിൽ മരുന്നുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നത്. നിരോധിക്കപ്പെടുകയോ ചില പ്രത്യേക രോഗാവസ്ഥയ്ക്കായി നിയന്ത്രിത വില്പന അനുവദിക്കപ്പെടുകയോ ചെയ്തിട്ടുള്ള മരുന്നുകൾ ഇത്തരം ഇന്റർനെറ്റ് മരുന്നുകടകളിൽ നിന്ന്‌ നേരിട്ട് വാങ്ങാൻ ഉപഭോക്താക്കൾക്ക് കഴിയുന്നു. പ്രയോജനകരമായ മരുന്നുകളാണെങ്കിൽാപ്പോലും ഗുണനിലവാരം കുറഞ്ഞവയും കാലഹരണപ്പെട്ടവയുമായ മരുന്നുകളും ഓൺ ലൈൻ സ്റ്റോറുകൾ വിറ്റുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വയം ചികിത്സയെയും ഓൺ ലൈൻ ഔഷധവ്യാപാരം പ്രോത്സാഹിപ്പിക്കും. കർശനമായ നിയന്ത്രണങ്ങളോട് കൂടിയല്ലാതെ ഓൺ ലൈൻ ഔഷധവ്യാപാരം പ്രോത്സാഹിപ്പിക്കുന്നത് അപകടകരമായിരിക്കും.
നിർബന്ധിത ലൈസൻസിങ്‌പുതിയ പേറ്റന്റ് നിയമം 2005-ൽ നടപ്പിലാക്കിയതിന് ശേഷം മാർക്കറ്റ് ചെയ്യപ്പെടുന്ന പേറ്റന്റ് മരുന്നുകൾ വൻവിലയ്ക്കാണ് വിറ്റുവരുന്നത്. മിക്കതും കാൻസർ ചികിത്സയ്ക്കുള്ള മരുന്നാണു താനും. പേറ്റന്റ് മരുന്നുകളൂടെ വിലകുറയ്ക്കാൻ അവയെയും ഔഷധ വില നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് ഒരു മാർഗം. ഇതിനവർ തയ്യാറായില്ലെങ്കിൽ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസ്‌ വ്യവസ്ഥവഴി വിലകുറച്ച് മരുന്നുത്‌പാദിപ്പിക്കാൻ തയ്യാറുള്ള ഇന്ത്യൻ കമ്പനിക്ക് അതിനുള്ള അനുവാദം നൽകേണ്ടതാണ്.
ജർമൻ കമ്പനിയായ ബേയർ നെക്സാവർ എന്ന ബ്രാൻഡ് നാമത്തിൽ വിറ്റു വന്നിരുന്ന കാൻസറിനുള്ള സൊറാഫെനിബ് റ്റോസിലേറ്റ് എന്ന മരുന്ന് ഇന്ത്യൻ കമ്പനികൾക്ക് നിർബന്ധിത ലൈസൻസിങ്‌ പ്രകാരം ഉത്‌പാദിപ്പിക്കാൻ അനുവദിച്ചതോടെ ഒരുമാസത്തെ ചികിത്സയ്ക്ക് രണ്ട്‌ ലക്ഷത്തിലേറെ വിലകൊടുക്കേണ്ടിവന്ന മരുന്ന് ഇപ്പോൾ നാലായിരത്തി ഇരുന്നൂറ്് രൂപയ്ക്ക് ഇന്ത്യൻ കമ്പനി വിറ്റുവരുന്ന അനുഭവം നമുക്കുണ്ട്. എന്നാൽ പിന്നീട് നിർബന്ധിത ലൈസൻസിങ്ങിനായി നൽകിയ അപേക്ഷകളെല്ലാം പേറ്റന്റ് കൺട്രോളർ തള്ളിക്കളയുകയാണുണ്ടായത്. പേറ്റന്റ് മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിനായി പേറ്റന്റ് നിയമത്തിലുള്ളതും ലോകവ്യാപാരസംഘടന അംഗീകരിച്ചിട്ടുള്ളതുമായ നിർബന്ധിത ലൈസൻസിങ്‌ പ്രയോഗിക്കുന്നതിനെ പറ്റി കേന്ദ്രസർക്കാർ അടുത്തയിടെ പ്രഖ്യാപിച്ച ആരോഗ്യ നയരേഖയിലെന്ന പോലെ ഔഷധനയത്തിലും മൗനം അവലംബിക്കുന്നു.
പ്രധാനമന്ത്രി 2014-ൽ പ്രഖ്യാപിച്ച മേക്ക് ഇന്ത്യ (Make India) പ്രഖ്യാപനത്തിന്റെ അന്തഃസത്ത ഇന്ത്യൻ വ്യവസായങ്ങളെ വളർത്തി ഉത്‌പാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കലാണെന്നോർക്കണം. അതിനേറ്റവും സാധ്യതയുള്ള വ്യവസായമേഖല ഔഷധവ്യവസായ മേഖലയാണ്. ഇന്ത്യൻ ഔഷധ വ്യവസായത്തിന്റെ നഷ്ടപ്പെട്ട മഹത്ത്വം തിരിച്ചുപിടിക്കാനുള്ള സുവർണാവസരമാണ് പുതിയ ഔഷധനയത്തിലൂടെ കേന്ദ്രസർക്കാർ നഷ്ടപ്പെടുത്തിയിരിക്കുന്നത്.
ഔഷധ ഗവേഷണംനയരേഖയിലെ മറ്റൊരു ദുർബലമായ ഭാഗം ഔഷധ ഗവേഷണത്തെ സംബന്ധിച്ചിട്ടുള്ളതാണ്. പരമ്പരാഗത ഔഷധ ഗവേഷണവും ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജൈവ ഔഷധ ഗവേഷണവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയാണ് ഔഷധ ഗവേഷണം സംബന്ധിച്ച ഭാഗം തയ്യാറാക്കിയിട്ടുള്ളത്. അമേരിക്കയിൽ പോലും അടിസ്ഥാന ഔഷധ ഗവേഷണം നടക്കുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ, ഫെഡറൽ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന സർവകലാശാലകൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിലാണെന്ന് കാണാം. എന്നാൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിക്ക ഗവേഷണ സ്ഥാപങ്ങളും വേണ്ടത്ര ഫണ്ട് ലഭിക്കാതെ ആധുനിക ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബുദ്ധിമുട്ടി വരികയാണ്. ചൈനയിലെ പാരമ്പര്യ വൈദ്യത്തിൽ നിന്ന്‌ നിലവിലുള്ള ഔഷധങ്ങളോട് പ്രതികരിക്കാത്ത മലേറിയക്കുള്ള മരുന്ന് കണ്ടെത്തി 84 വയസ്സുള്ള ടുയുയു എന്ന ശാസ്ത്രജ്ഞ 2015-ൽ നോ​േബൽ സമ്മാനം നേടിയത് ഇന്ത്യക്ക് മാതൃകയാവേണ്ടതാണ്.
ജനറിക്ക് ഔഷധങ്ങൾജനറിക്ക് ഔഷധ നിർദേശം പ്രോത്സാഹിപ്പിക്കണമെന്ന് പുതിയ നയത്തിലും പറയുന്നുണ്ട്. പ്രധാനമന്ത്രിയും ജനറിക്ക് മരുന്നുകൾ നിർദേശിക്കണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ കേവലം പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കുറഞ്ഞ വിലയ്ക്കുള്ള ജനറിക്ക് മരുന്ന് ജനങ്ങളിലെത്തില്ല. ഇന്ത്യയിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന ഒരു ലക്ഷം കോടിയിൽ പരം മരുന്നുകളിൽ 10,000 കോടിക്കുള്ളവ മാത്രമാണ് ജനറിക്ക് നാമത്തിലുള്ളത്. ഇവയിൽ പലതും വൻകിട കമ്പനികളുടെ വിലകൂടിയ ബ്രാൻഡഡ് ജനറിക്ക്‌ മരുന്നുകളുമാണ്.
പൊതു മേഖലയിലൂടെ വൻ തോതിൽ ജനറിക്ക് മരുന്നുകൾ ഉത്‌പാദിപ്പിച്ച് കൊണ്ട് മാത്രമേ കുറഞ്ഞ വിലയ്ക്കുള്ള ജനറിക്ക് മരുന്നുകൾ ലഭ്യമാക്കാനാവൂ. അതിനായി നിലവിലുള്ള ഐ.ഡി.പി.എൽ, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖല ഔഷധ കമ്പനികൾ വിപുലീകരിച്ച് ശക്തിപ്പെടുത്തുകയും കൂടുതൽ പൊതുമേഖല ഔഷധ കമ്പനികൾ ആരംഭിക്കയും വേണം. എന്നാൽ പുതിയ നയത്തിൽ പൊതു മേഖല കമ്പനികൾ ഇനി രാജ്യത്താവശ്യമില്ലെന്ന നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ജനറിക്ക് മരുന്നുകളെ സംബന്ധിച്ചുള്ള പുതിയ നയത്തിലെ അനുകൂല നിലപാട് ജലരേഖയായി മാറാനാണ് സാധ്യത.
ഔഷധ മാർക്കറ്റിങ്ങിൽ മരുന്നുകമ്പനികൾ പാലിക്കേണ്ട ധാർമിക മാനദണ്ഡങ്ങളെ സംബന്ധിച്ച് നയരേഖ നിശ്ശബ്ദത പാലിക്കുന്നു.
(ഭിഷഗ്വരനും സാമൂഹിക നിരീക്ഷകനും കേരള സർവകലാശാല മുൻ വി.സിയുമാണ്‌ ലേഖകൻ)


VIEW ON mathrubhumi.com


READ MORE HEALTH STORIES: