വി.പി ഗംഗാധരന്‍ എഴുതുന്നു; പോലീസിനൊരു സല്യൂട്ട്...

എൻട്രൻസ് പരീക്ഷകളുടെ ഫലപ്രഖ്യാപനം വന്നാലുടൻ പത്രമാസികകളിലും വഴിയോരത്തെ ഫ്ളക്സ് ബോർഡുകളിലുമൊക്കെയായി വിജയികളായ കുട്ടികളുടെ ഫോട്ടോകളുമായി നിറയെ പരസ്യങ്ങൾ വരാൻ തുടങ്ങും. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി ഇതുതന്നെ.
എൻട്രൻസ് പരിശീലന സ്ഥാപനങ്ങളുടെ പരസ്യങ്ങളാണ് അവയൊക്കെ. പലപ്പോഴും ഫോട്ടോയിൽ കാണുന്ന കുട്ടികൾ അതേ സ്ഥാപനത്തിൽ പഠിച്ചവർ ആകണമെന്നു പോലുമില്ല. ഉയർന്ന റാങ്ക് കിട്ടിയ കുട്ടികളുടെ ചിത്രം പരസ്യമോഡലുകളെയെന്ന പോലെ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
തങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചതിനാലാണ് കുട്ടികൾക്ക് നല്ല റാങ്ക് കിട്ടിയത് എന്നാണല്ലോ പരസ്യക്കാരുടെ അവകാശവാദം. എന്നാൽ, എൻട്രൻസിന് മികച്ച റാങ്ക് കുട്ടികൾ മുമ്പേ തന്നെ വളരെ നന്നായി പഠിക്കുന്നവരായിരിക്കും. നല്ല കഴിവും കഠിനാധ്വാന ശേഷിയുമുള്ളവർ. അവർക്ക് പരീക്ഷയെഴുത്തിന്റെ ചില രീതികൾ പഠിപ്പിച്ചു കൊടുക്കാനും പരീക്ഷയെഴുതി പരിശീലനം നൽകാനുമൊക്കെയല്ലാതെ ഈ സ്ഥാപനങ്ങൾക്ക് അധികമൊന്നും ചെയ്യാനുണ്ടാവില്ല. വലിയ എൻട്രൻസ് പരിശീലന സ്ഥാപനങ്ങൾ പലതും നിശ്ചിത മാർക്കും നല്ല പഠനനിലവാരവുമില്ലാത്ത കുട്ടികളെ അവരുടെ സ്കൂളിൽ ചേർക്കുക പോലുമില്ല.
നന്നായി പഠിക്കുന്നവർ, നല്ല വിജയം നേടുന്നതിൽ പരിശീലകർക്ക് അത്ര വലിയ അവകാശവാദമൊന്നും ഉന്നയിക്കാനില്ല. എന്നാൽ, അങ്ങനെയല്ലാത്ത മികച്ച ചില മാതൃകകളുണ്ട് നമുക്കുമുന്നിൽ. കഴിഞ്ഞ ദിവസം ബിഹാറിൽ നിന്നുള്ള ഒരു വാർത്ത കണ്ടിരുന്നു. അവിടെ ആനന്ദ്കുമാർ എന്ന യുവാവും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്ന്‌ 'സൂപ്പർ 30' എന്നൊരു പ്രസ്ഥാനം നടത്തുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഏറ്റവും ദരിദ്ര നിലയിലുള്ള കുടുംബങ്ങളിൽ നിന്ന് മിടുക്കരായ വിദ്യാർഥികളെ കണ്ടെടുത്ത്, സ്വന്തം വീട്ടിൽ താമസിപ്പിച്ച് ഐ.ഐ.ടി. എൻട്രൻസ് പരിശീലനം നൽകുകയാണ് അദ്ദേഹം. ആ 30 കുട്ടികളും ഏറ്റവും മികച്ച കേന്ദ്രങ്ങളിൽ പ്രവേശനം നേടാറുമുണ്ട്. പത്തു വർഷത്തിലധികമായി നടക്കുന്നുണ്ട് ആ 'സൂപ്പർ 30'.
ഇതിനകം എത്രയോ കുട്ടികൾക്ക് രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളിൽ പ്രവേശനം നേടിക്കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏറ്റവും ദരിദ്ര സാഹചര്യങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്ന വേറെയും ചില സന്നദ്ധ പ്രവർത്തകരും സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. വലിയ കാര്യമാണത്. ഇവരൊക്കെ പക്ഷേ, മിടുക്കരായ, മികച്ച പഠന നിലവാരമുള്ള വിദ്യാർഥികളെ സൂക്ഷിച്ച് കണ്ടെടുക്കുകയാണ് ചെയ്യുന്നത്.
പഠിക്കാൻ മിടുക്കു കാണിക്കാത്ത കുട്ടികളെ എന്തു ചെയ്യും? എല്ലാവർക്കും പഠനകാര്യത്തിൽ ഒരേ പോലെ മിടുക്കുണ്ടാവില്ലല്ലോ. 'ടോട്ടോ ചാൻ' എന്ന കുസൃതിക്കുട്ടി പഠിക്കാൻ മിടുക്കുള്ളവനായിരുന്നില്ലെങ്കിലും തികച്ചും വ്യത്യസ്തനായ ഒരു മാഷ് അത്തരം കുട്ടികളെ ഏറ്റവും മികച്ച വ്യക്തികളായി വളർത്തിയെടുക്കുന്നതിനെക്കുറിച്ചുള്ള ആ കഥ നമുക്ക് പരിചിതമാണല്ലോ. കേരളത്തിലും അത്തരം ചില സ്ഥാപനങ്ങൾ വയനാട്ടിലും അട്ടപ്പാടിയിലുമൊക്കെ ഉള്ളതായി അറിയാം.
കഴിഞ്ഞ ദിവസം ആലുവയിൽ റൂറൽ എസ്.പി. യുടെ ഓഫീസിൽ പോലീസ് അസോസിയേഷൻകാരുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോയിരുന്നു. ഒരു കാൻസർ ബോധവത്കരണ ക്ലാസ്‌ എടുക്കാനാണ് പോയത്. അവിടെ എത്തിയപ്പോൾ അവർ പറഞ്ഞു: ''ഡോക്ടറേ, ഇവിടെ ഞങ്ങൾ കുറച്ച് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പത്താം ക്ലാസ്‌ പരീക്ഷയിൽ തോറ്റുപോയ കുട്ടികളെ. അവരെ കണ്ടെത്തി ഇവിടെ കൊണ്ടുവന്ന് പ്രത്യേക പരിശീലനം നൽകി പഠിപ്പിച്ച്, പരീക്ഷ ജയിപ്പിച്ച് സ്വന്തം ജീവിതവഴി കണ്ടെത്താൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം!''
അതിൽ പോലീസിനുള്ള ഒരു സവിശേഷ താത്‌പര്യവും അവർ പറഞ്ഞു: ''ഇങ്ങനെ തോറ്റു പോകുന്ന കുട്ടികളിൽ ചിലരെങ്കിലും വീട്ടിൽ നിന്ന് ശരിയായ ശ്രദ്ധ കിട്ടാത്തവരായിരിക്കും. ഇവരൊക്കെ വളരെയെളുപ്പം ക്രിമിനൽ ഗ്യാങ്ങുകളുടെയും ഗുണ്ടകളുടെയുമൊക്കെ പിടിയിൽ പെട്ടുപോകാൻ സാധ്യതയുള്ളവരുമാണ്. തിരിച്ചറിവാകാത്ത ഇത്തരം കൊച്ചുകുട്ടികളെ ക്രിമിനലുകൾ എളുപ്പം വശത്താക്കും. അതിനുള്ള സാധ്യത ഒഴിവാക്കുക കൂടിയാണ് ഈ ക്ലാസിന്റെ ലക്ഷ്യം.''
അതെനിക്ക് തികച്ചും അതിശയകരമായൊരു വിവരമായിരുന്നു. 'പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്' (prevention is better than cure) എന്നൊക്കെ എപ്പോഴും പറയാറുണ്ടെങ്കിലും സമൂഹജീവിതത്തിൽ പോലീസിന്റെ മുൻകൈയിൽ ഇത്തരമൊരു വലിയ സംരംഭം നടക്കുന്നു എന്ന തിരിച്ചറിവുണ്ടാക്കിയ സന്തോഷം വളരെ വലുതാണ്. അവിടെ കുട്ടികളെ പഠിപ്പിക്കുന്ന രണ്ടുമൂന്ന് അധ്യാപകരുണ്ട്. അവരോട് ഞാൻ സംസാരിച്ചു. 'ഈ കുട്ടികളാരും ഇനി തോൽക്കില്ല...' എന്ന് അവർ ഉറപ്പു പറഞ്ഞു.
പത്താം ക്ലാസിലെ പരീക്ഷയിൽ ജയം നേടുക എന്നത് ഇപ്പോഴത്തെ നിലയ്ക്ക് അത്ര വിഷമമുള്ള കാര്യമൊന്നുമല്ല എന്നു തോന്നിയേക്കാം. പരീക്ഷ ജയിച്ച് ഒരു സർട്ടിഫിക്കറ്റ് നേടുന്നു എന്നതല്ല, അതിനപ്പുറം ജീവിതത്തിൽ തങ്ങൾക്ക് പരിഗണന കിട്ടുന്നു എന്ന തിരിച്ചറിവും വിജയകരമായ ഒരു ജീവിതം മുന്നിലുണ്ട് എന്ന ബോധ്യവും ആ കുട്ടികൾക്കു നൽകാൻ കഴിയുന്നു എന്നതാണ് വലിയ കാര്യം.
അവരുടെ ക്ലാസിലെത്തി, അവരോടൊപ്പം കുറച്ചു സമയം ഇരുന്നു ഞാൻ. മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾക്കൊപ്പം ഹോസ്റ്റലിലുണ്ടായിരുന്ന മികച്ച വിദ്യാർഥികളിലൊരാൾ പത്താം ക്ലാസ്‌ തോറ്റുപോയിട്ട് വീണ്ടും എഴുതി ജയിച്ചയാളാണ്. ആ കൂട്ടുകാരനെ ഓർക്കാനും അദ്ദേഹത്തെക്കുറിച്ച് അവരോടു പറയാനും കഴിഞ്ഞു.
കുറച്ചുനാൾ മുമ്പ് ആലപ്പുഴയിൽ ഒരു പരിപാടിക്ക് പോയിരുന്നു. അവിടത്തെ എം.പി. ഒരുക്കിയ ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് പോയത്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതായിരുന്നു ചടങ്ങ്. അവിടെ ഞാൻ പറഞ്ഞത്, 'ഇവർ മികച്ച വിജയം നേടിയ കുട്ടികളാണ്. നല്ലരീതിയിൽ തോറ്റുപോയ കുറേ കുട്ടികൾ കൂടിയുണ്ട്. അവർ തോറ്റുപോയത് എന്തുകൊണ്ടാണ് എന്നും അവർക്ക് എവിടെയൊക്കെയാണ് മികച്ച വിജയം നേടാൻ കഴിയുന്നത് എന്നും കൂടി തിരക്കാനും നമുക്ക് കഴിയേണ്ടതുണ്ട്' എന്നായിരുന്നു.
അങ്ങനെയുള്ള കുറേ കുട്ടികളെ കണ്ടെടുക്കാനും അവർക്ക് മറ്റെല്ലാറ്റിലുമുപരി സവിശേഷ പരിഗണന നൽകാനുമുള്ള നീക്കമാണ് ആലുവയിൽ റൂറൽ എസ്.പി. എ.വി. ജോർജും സഹപ്രവർത്തകരും കൂടി നടത്തുന്നത്. മഹത്തായ കാര്യമാണതെന്ന്‌ എനിക്കു തോന്നുന്നു.
ഒരു പരീക്ഷയിൽ തോറ്റുപോയതുകൊണ്ട് ആരും ജീവിതത്തിൽ തോറ്റുപോകുന്നില്ല. പരീക്ഷകളിലെ മികച്ച വിജയംകൊണ്ട് ജീവിതത്തിലെ വിജയമുണ്ടാകണമെന്നുമില്ല. പരീക്ഷകൾക്കും വിജയ-പാജയങ്ങൾക്കുമപ്പുറം, ജീവിതത്തെക്കുറിച്ചു പഠിക്കാനും ജീവിതപ്പരീക്ഷയിൽ കുട്ടികൾക്ക്‌ വിജയം നേടിക്കൊടുക്കാനുമുള്ള ശ്രമം... ഇങ്ങനെയൊരാശയം കൊണ്ടുവരികയും അത് നന്നായി നടപ്പാക്കുകയും ചെയ്യുന്ന ആലുവ റൂറൽ പോലീസിലെ ഉദ്യോഗസ്ഥർക്ക് വിനയപൂർവം ഒരു സല്യൂട്ട്!


VIEW ON mathrubhumi.com